വെട്ടുകിളി ആക്രമണ ഭീതിയില്‍ രാജ്യം: ദക്ഷിണേന്ത്യയെ ബാധിക്കില്ലെന്ന് വിദഗ്ധർ
ഉത്തരേന്ത്യയിലെ കൃഷിയിടങ്ങളില്‍ കനത്ത നാശം വിതച്ചുകൊണ്ടിരിക്കുന്ന ഡെസേർട്ട് ലോക്കസ്റ്റ് അഥവാ വെട്ടുകിളിവിഭാഗത്തില്‍പെടുന്ന പുല്‍ചാടികളാണ്.
ദില്ലി: കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങൾ നിലവിലെ സാഹചര്യത്തില്‍ വെട്ടുകിളിയാക്രമണത്തെ ഭയപ്പെടേണ്ടതില്ലെന്ന് വിദഗ്ധർ. തമിഴ്നാട്ടിലും കേരളത്തില്‍ ചിലയിടങ്ങളിലും പെറ്റുപെരുകിയ നിലയില്‍ കണ്ട , വെട്ടുകിളികളുമായി രൂപസാദൃശ്യമുള്ള പുല്‍ചാടികൾ, വിളകൾ നശിപ്പിക്കുന്നവയല്ല. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ ആറ് ലക്ഷം ഹെക്ടറില്‍വരെ കൃഷിനാശം വെട്ടുകിളിയാക്രമണം മൂലമുണ്ടാകാമെന്നും ഐക്യരാഷ്ടട്രസഭ പരിസ്ഥിതി ഗവേഷണവിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.
ഉത്തരേന്ത്യയിലെ കൃഷിയിടങ്ങളില്‍ കനത്ത നാശം വിതച്ചുകൊണ്ടിരിക്കുന്ന ഡെസേർട്ട് ലോക്കസ്റ്റ് അഥവാ വെട്ടുകിളിവിഭാഗത്തില്‍പെടുന്ന പുല്‍ചാടികളാണ്. മലപ്പുറത്തടക്കം കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇവയെ ഈ വർഷം കണ്ടെത്തിയിട്ടുണ്ടെങ്കിലും എണ്ണം തീരെകുറവായതിനാല്‍ കൃഷിയിടങ്ങൾ ആക്രമിക്കാന്‍ ഇവയ്ക്കാവില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ കർഷകർ ഭയക്കേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ഇതാണ് കേരളത്തിലെ തോട്ടങ്ങളില്‍ പെറ്റുപെരുകിയ നിലയില്‍ കാണപ്പെട്ട സ്പോട്ടഡ് കോഫി ഇനം പുല്‍ചാടികൾ. ഇവ പൂർണ വളർച്ചയെത്തുന്പോൾ കൂട്ടം പിരിഞ്ഞു പോകുന്നതിനാല്‍ ഈ പുല്‍ചാടികളും നിലവില്‍ സംസ്ഥാനത്തിന് ഭീഷണിയല്ലെന്നാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി ഗവേഷണവിഭാഗം അഗം ധനീഷ് ഭാസ്കർ പറയുന്നത്.
കാലാവസ്ഥാ വ്യതിയാനവും അംഫാന്‍ ചുഴലിക്കാറ്റിന്‍റെ ഗതിയുമാണ് രാജ്യത്ത് ഇത്തവണ വെട്ടുകിളിയാക്രമണം രൂക്ഷമാക്കിയത്. ഉത്തരേന്ത്യയില്‍ രണ്ട് ലക്ഷം ഹെക്ടറില്‍ കൃഷിനാശം ഇതുവരെയുണ്ടായി. ആറ് ലക്ഷം ഹെക്ടർ വരെ ഇത് വ്യാപിക്കാമെന്നാണ് ഐക്യരാഷ്ട്രസഭ പുല്‍ചാടി ഗവേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ലോക്ഡൗൺ പ്രതിസന്ധിക്കിടിയില്‍ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിനാശം ഇത്തവണയുണ്ടാകുമെന്ന് ചുരുക്കം.