ഗിന്നസ് ബുക്കില്‍ ഇടം നേടി ഇന്ത്യയുടെ കടുവ സെന്‍സസ്
ഇത് ശേഖരിച്ച ഡാറ്റയുടെ കാര്യത്തിലും, ഉപയോഗിച്ച സൌകര്യങ്ങളുടെ കാര്യത്തിലും ഇന്നുവരെ ലോകത്ത് നടന്ന ഏറ്റവും സമഗ്രമായ വന്യജീവി സര്‍വേ എന്നാണ് ഗിന്നസ് അധികൃതര്‍ വിശേഷിപ്പിക്കുന്നത്.
ദില്ലി: രാജ്യത്ത് നടത്തിയ 2018-19 കാലത്തെ കടുവകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ നടത്തിയ സെന്‍സസ് ഗിന്നസ് ബുക്കില്‍ ഇടം നേടി. ക്യാമറകള്‍ ഉപയോഗിച്ച് നടത്തിയ ഏറ്റവും വലിയ വന്യജീവി സര്‍വേ എന്ന റെക്കോഡാണ് ഇതിന് ലഭിച്ചിരിക്കുന്ന അംഗീകാരം.
രാജ്യത്തെ കടുവ സെന്‍സസിന്‍റെ നാലാം പതിപ്പായിരുന്നു 2018-19 സമയത്ത് നടന്നത്. ഇത് ശേഖരിച്ച ഡാറ്റയുടെ കാര്യത്തിലും, ഉപയോഗിച്ച സൌകര്യങ്ങളുടെ കാര്യത്തിലും ഇന്നുവരെ ലോകത്ത് നടന്ന ഏറ്റവും സമഗ്രമായ വന്യജീവി സര്‍വേ എന്നാണ് ഗിന്നസ് അധികൃതര്‍ വിശേഷിപ്പിക്കുന്നത്.
മോഷന്‍ സെന്‍സര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറ ട്രാപ്പുകള്‍ ഈ സര്‍വേയ്ക്കായി രാജ്യത്തെ സര്‍വേ നടത്തിയ രാജ്യത്തെ 141 സ്ഥലങ്ങളിലെ 46,848 സ്ക്വയര്‍ കിലോമീറ്റര്‍ പരിധിയിലാണ് സ്ഥാപിച്ചത്. ഇത്തരം ക്യാമറ ട്രാപ്പുകളുടെ എണ്ണം 26,838 ആയിരുന്നു. 34,858,623 ചിത്രങ്ങളാണ് ഈ ക്യാമറ ട്രാപ്പുകള്‍ പകര്‍ത്തിയത്.
ഇതില്‍ 76,651 ചിത്രങ്ങള്‍ കടുവയുടെയും, 51,777 ചിത്രങ്ങള്‍ പുലികളുടെതുമാണ്. ബാക്കിയുള്ള ചിത്രങ്ങള്‍ മറ്റു ജീവികളുടെയാണ്. ഇത്തരം ചിത്രങ്ങളില്‍ നിന്നും വനംവകുപ്പ് കുട്ടി കടുവകള്‍ അടക്കം 2,461 കടുകവകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ഈ ചിത്രങ്ങള്‍ വച്ച് നടത്തിയ അവയുടെ ശരീരത്തിലെ സ്ട്രിപ്പുകളുടെ വ്യത്യാസം വച്ചാണ് കണ്ടെത്തിയത്.
ക്യാമറ ട്രാപ്പിന് പുറമേ 2018 സര്‍വേ കാലത്ത് ഇന്ത്യയിലെ കടുവകളുടെ എണ്ണം അറിയാന്‍ അവയുടെ കാലടികളുടെ പരിശോധനയും നടന്നു. ഇത്തരത്തില്‍ 522,996 കിലോമീറ്റര്‍ ചുറ്റളവില്‍ കടുവകളുടെ 317,958 കാല്‍പ്പാടുകള്‍ പരിശോധിച്ചു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ മൂന്ന്ഘട്ടമായി പരിശോധിച്ചാണ് അന്തിമ സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ മുന്‍കാലത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ കടുവകളുടെ എണ്ണം വര്‍ദ്ധിച്ചതായി ആയിരുന്നു റിപ്പോര്‍ട്ട്. 2014 ലെ സര്‍വേയില്‍ കണ്ടെത്തിയത് 2,226 കടുവകളാണ ഇന്ത്യയില്‍ ഉള്ളത് എന്നാണെങ്കില്‍ 2018 ലെ ഗിന്നസ് റെക്കോഡ് സര്‍വേയില്‍ ഇത് 2927 ആയി ഉയര്‍ന്നിട്ടുണ്ട്.
ഇന്ത്യയിലെ കടുവകളില്‍ സിംഹ ഭാഗവും മധ്യപ്രദേശ്, കര്‍ണ്ണാടക, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ്. ഈ സംസ്ഥാനങ്ങളില്‍ മാത്രം 1492 കടുവകള്‍ ഉണ്ടെന്നാണ് 2018ലെ സര്‍വേ പറയുന്നത്.