ലക്ഷക്കണക്കിന് മീൻകുഞ്ഞുങ്ങൾ ഒരു കൂടിൽ; കൂടുമത്സ്യകൃഷി ആഴക്കടലിലേക്ക് വ്യാപിപ്പിക്കണം- കേന്ദ്ര ഫിഷറീസ് മന്ത്രി

ഇത്തരം മത്സ്യക്കൂടുകൾ നിർമിക്കുന്നതിനും ആഴക്കടൽ കൂടുകൃഷിരീതി വികസിപ്പിക്കുന്നതിനുമുള്ള ചുമതല സിഎംഎഫ്ആർഐ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

aquaculture projects should be extended into deep sea too says union minister for fisheries afe

തിരുവനന്തപുരം: തീരക്കടലുകളിൽ മാത്രമായി ചെയ്തുവരുന്ന നിലവിലെ കൂടുമത്സ്യകൃഷികൾ ആഴക്കടലിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി ശ്രീ  പർഷോത്തം രൂപാല. ഇതിനായി അനുയോജ്യമായി രൂപകൽപലന ചെയ്ത വലിയ കൂടുകൾ ആവശ്യമാണ്. നിലവിലെ ആറ് മീറ്റർ വ്യാസമുള്ള കൂടുകൾക്ക് പകരം 30 മീറ്ററോ അതിൽ കൂടുതലോ വ്യാസമുള്ള കൂടുകളാണ് വേണ്ടത്. ലക്ഷക്കണക്കിന് മീൻകുഞ്ഞുങ്ങളെ ഒരു കൂടിൽതന്നെ ആഴക്കടലിൽ കൃഷിചെയ്യുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വിഴിഞ്ഞം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ സന്ദർശനത്തിന് എത്തിയതായിരുന്നു മന്ത്രി. ഇത്തരം മത്സ്യക്കൂടുകൾ നിർമിക്കുന്നതിനും ആഴക്കടൽ കൂടുകൃഷിരീതി വികസിപ്പിക്കുന്നതിനുമുള്ള ചുമതല സിഎംഎഫ്ആർഐ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ പൊതു - സ്വകാര്യ - പങ്കാളിത്ത (പിപിപി) മാതൃകയിൽ മത്സ്യങ്ങളുടെ വിത്തുൽപാദനം വൻതോതിൽ വികസിപ്പിക്കണം. കൂടുമത്സ്യകൃഷി ഉൾപ്പെടെയുള്ള സമുദ്രകൃഷി സുസ്ഥിരമായ രീതിയിൽ വികസിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ്   മാരികൾചർ ലീസിംഗ് പോളിസിക്ക് ഉടനെ രൂപം നൽകും. കടലിൽ മുത്തുചിപ്പിയുടെ (പേൾ ഓയിസ്റ്റർ) ഉൽപാദനം വർധിപ്പിക്കാൻ ഹാച്ചറി സാങ്കേതികവിദ്യകൾ വികസിപ്പിക്കണം. മുത്തുചിപ്പിയുടെ ഉൽപാദനത്തിൽ ഒരുകാലത്ത് പ്രശസ്തമായിരുന്ന തൂത്തുകുടിതീരങ്ങളിൽ ഹാച്ചറികളിൽ വികസിപ്പിച്ച ഇവയുടെ വിത്തുകൾ നിക്ഷേപിക്കാനും (സീറാഞ്ചിംഗ്) സിഎംഎഫ്ആർഐ മുൻകയ്യെടുക്കണം. അനുയോജ്യമായ വിപണന സാധ്യതകൾ മനസ്സിലാക്കി സമുദ്രഅലങ്കാര മത്സ്യമേഖല കൂടുതൽ ശക്തിപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

സാഗർപരിക്രമയുടെ എട്ടാമത് ഘട്ടം കന്യാകുമാരിയിൽ തുടക്കം കുറിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്ര മന്ത്രിയും സംഘവും സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം കേന്ദ്രത്തിൽ സന്ദർശനം നടത്തിയത്. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ഡോ എൽ മുരുഗൻ, വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Read also: 'ധീരതയുടെയും ആത്മത്യാഗത്തിന്റെയും പ്രതീകം'; സാബിത്തിനെ നേരില്‍ കണ്ട് അഭിനന്ദിച്ച് എംബി രാജേഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios