സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ വൺ, വിക്ഷേപണത്തിന് തയ്യാർ; കൗണ്ട് ഡൗൺ തുടങ്ങി, വിക്ഷേപണം നാളെ

ഐഎസ്ആർഒയുടെ വിശ്വസ്തനായ പിഎസ്എൽവിയാണ് ആദിത്യ എൽ വണ്ണിനെ ബഹിരാകാശത്ത് എത്തിക്കുക. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സൽ ഇന്നലെ പൂർത്തിയാക്കിയിരുന്നു. കൗണ്ട് ഡൗൺ തുടങ്ങി. വിക്ഷേപണം കഴിഞ്ഞ് നാല് മാസമെടുക്കും ഉപഗ്രഹം ലക്ഷസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലെത്താൻ. 
 

Aditya L One to study the Sun ready for launch Countdown starts today launch tomorrow fvv

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗരപഠന ഉപഗ്രഹം ആദിത്യ എൽ വണ്ണിന്റെ വിക്ഷേപണം നാളെ. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് വിക്ഷേപണം. ഐഎസ്ആർഒയുടെ വിശ്വസ്തനായ പിഎസ്എൽവിയാണ് ആദിത്യ എൽ വണ്ണിനെ ബഹിരാകാശത്ത് എത്തിക്കുക. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സൽ ഇന്നലെ പൂർത്തിയാക്കിയിരുന്നു. കൗണ്ട് ഡൗൺ തുടങ്ങി. വിക്ഷേപണം കഴിഞ്ഞ് നാല് മാസമെടുക്കും ഉപഗ്രഹം ലക്ഷസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലെത്താൻ. 

ചന്ദ്രനെ തൊട്ട് പത്ത് നാൾ തികയും മുമ്പ് മറ്റൊരു സുപ്രധാന ദൗത്യത്തിന് തയ്യാറെടുക്കുകയാണ് ഐഎസ്ആർഒ. സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1. ഇസ്രൊയുടെ മറ്റ് ദൗത്യങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ആദിത്യ. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതൽ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിർത്തുന്നു. സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യം. യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. നമ്മുടെ സൗരയൂധത്തിന്റെ ഊർ‌ജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടമാണ് ലക്ഷ്യം.

അതാണ് ലെഗ്രാഞ്ച് പോയിന്റ് ഒന്ന് അഥവാ എൽ 1. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ 1.സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിന്റെ പിടിവലി ഇവിടെ ഏകദേശം തുല്യമാണ്. ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ നിന്ന് മറ്റൊരു തടസവും കൂടാതെ ഇവിടെ നിന്ന് സൂര്യനെ നിരീക്ഷിക്കാം. ഭൂമിയുമായുള്ള ആശയവിനിമയവും തടസമില്ലാതെ നടക്കും.

ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലാണ് പേടകത്തെ സ്ഥാപിക്കുക. ഭൂമിയുടെ സഞ്ചാരത്തിനൊപ്പം ലഗ്രാഞ്ച് പോയിന്‍റും മാറുന്നതിനാൽ 365 ദിവസം കൊണ്ട് ആദിത്യ എൽ വണ്ണും സൂര്യനെ ചുറ്റി വരും. ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതിൽ നാലെണ്ണം റിമോട്ട് സെൻസിങ്ങ് ഉപകരണങ്ങളാണ്. സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ് അഥവാ VELC ആണ് ഒന്നാമത്തേത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സാണ് ഈ ഉപകരണം നിർമ്മിച്ചത്. സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് അഥവാ SUIT ആണ് രണ്ടാമത്തെ ഉപഗ്രഹം. പൂനെയിലെ ഇന്‍റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സാണ് സ്യൂട്ടിന്റെ പിന്നിൽ. സൂര്യനിൽ നിന്നുള്ള എക്സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാർ ലോ എൻർജി എക്സ് റേ സ്പെക്ട്രോ മീറ്റർ അഥവാ SoLEXS, ഹൈ എനർജി എൽ വൺ ഓർബിറ്റിങ്ങ് എക്സ് റേ സ്പെക്ട്രോമീറ്റർ അഥവാ HEL1OS എന്നിവയാണ് മറ്റ് രണ്ട് പേ ലോഡുകൾ.

ആദിത്യ എൽ 1 വിക്ഷേപണം സെപ്റ്റംബർ 2ന്: ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം

സൂര്യനിൽ നിന്ന് വരുന്ന കണങ്ങളെ നിരീക്ഷിക്കാനുള്ള ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമന്റ് പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ എന്നീ ഉപകരണങ്ങളും ഒരു മാഗ്നെറ്റോമീറ്ററും ദൗത്യത്തിന്റെ ഭാഗമാണ്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയാണ് PAPA പേ ലോഡിന് പിന്നിൽ. ഇന്ത്യൻ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ വ്യത്യസ്ത പരീക്ഷണ ഉപകരണങ്ങളുമായി ദൗത്യത്തിൽ നിർണായക പങ്കുവഹിക്കുന്നുവെന്നത് ആദിത്യ എൽ വണ്ണിന്‍റെ പ്രത്യേകതയാണ്. സൂര്യന്റെ കൊറോണയെക്കുറിച്ചും, കൊറോണൽ മാസ് ഇജക്ഷൻ എന്ന് വിളിക്കുന്ന സൗര സ്ഫോടനങ്ങളെക്കുറിച്ചും പുത്തൻ വിവരങ്ങൾ ആദിത്യ എൽ വൺ നൽകുമെന്നാണ് പ്രതീക്ഷ. 

കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ വീട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

സൂര്യനിൽ നിന്ന് വരുന്ന പല തരംഗങ്ങളെയും ഭൂമിയുടെ കാന്തിക മണ്ഡലവും അന്തരീക്ഷവും തടഞ്ഞുനിർത്തുന്നത് കൊണ്ടാണ് നമ്മുടെ ഗ്രഹത്തിൽ ജീവൻ ഇപ്പോഴത്തെ നിലയിൽ നിലനിൽക്കുന്നത്. ആ തരംഗങ്ങളെയും കാന്തിക പ്രഭാവങ്ങളെയും പഠിക്കണമെങ്കിൽ ഭൂമിയുടെ സംരക്ഷണത്തിന് പുറത്ത് പോയേ പറ്റൂ. സൗരയൂധത്തെക്കുറിച്ചും സൂര്യനെക്കുറിച്ചും പുത്തൻ അറിവുകൾ ആദിത്യ സമ്മാനിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

https://www.youtube.com/watch?v=oTPGURGeXas

Latest Videos
Follow Us:
Download App:
  • android
  • ios