സഹകരണം വർധിപ്പിക്കാൻ സൗദിയും ഫ്രാൻസും; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ രൂപീകരിക്കും
സൗദിയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പാർട്ണർഷിപ്പ് കൺസിൽ രൂപീകരിക്കാന്‍ തീരുമാനം.
റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവൽ മാക്രോണും കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിന് സൗദിയിലെത്തിയ ഫ്രഞ്ച് പ്രസിഡൻറിന് റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ ഒരുക്കിയ സ്വീകരണ ചടങ്ങിന് ശേഷമായിരുന്നു ചർച്ച. അനുബന്ധമായി വിപുലമായ ഉഭയകക്ഷി യോഗവും നടന്നു. ഇരു രാജ്യങ്ങളും തമ്മിൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനമായി.
ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം സമഗ്രമാക്കുന്നതിനും വർധിപ്പിക്കുന്നതിനുമുള്ള സംയുക്ത ഏകോപന ശ്രമങ്ങളും അവലോകനം ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ, പൊതുതാൽപ്പര്യമുള്ള വിഷയങ്ങൾ, അതിനായി നടത്തുന്ന ശ്രമങ്ങൾ എന്നിവക്ക് പുറമേ ഇരു രാജ്യങ്ങളിലും ലഭ്യമായ വിഭവങ്ങൾ നിക്ഷേപിക്കാനുള്ള അവസരങ്ങളും ഇരുവരും ചർച്ച ചെയ്തു.
കൂടിക്കാഴ്ചയ്ക്ക് ശേഷം സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ രൂപവത്കരിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ച ചടങ്ങിനും ഇരുവരും സാക്ഷ്യം വഹിച്ചു. സൗദി അറേബ്യക്ക് വേണ്ടി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഫ്രാൻസിന് വേണ്ടി യൂറോപ്പ് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബറോട്ടും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തിങ്കളാഴ്ച വൈകീട്ടാണ് ഫ്രഞ്ച് പ്രസിഡൻറും സംഘവും സൗദിയിലെത്തിയത്. കിരീടാവകാശിയുടെ നേതൃത്വത്തിൽ ഉൗഷ്മളമായ സ്വീകരമാണ് ഫ്രഞ്ച് പ്രസിഡൻറിന് നൽകിയത്.
അതേസമയം സൗദിയുമായി എല്ലാ മേഖലകളിലും തെൻറ രാജ്യം സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇമാനുവൽ മാക്രോൺ പറഞ്ഞു. ഊർജം, പ്രതിരോധം, ഗതാഗതം, സാംസ്‌കാരികം എന്നീ മേഖലകളിൽ സൗദി അറേബ്യയും ഫ്രാൻസും തമ്മിലുള്ള സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ രൂപവത്കരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിന് താൻ സാക്ഷ്യം വഹിച്ചതായി എക്സ് അക്കൗണ്ടിൽ അദ്ദേഹം കുറിച്ചു.
Read Also - പുതിയ ഇളവ് പ്രഖ്യാപിച്ച് സൗദി അറേബ്യ; 60 ദിവസത്തെ കാലാവധി അനുവദിച്ചു, 'ഹുറൂബി'ൽ കുടുങ്ങിയവർക്ക് ആശ്വാസം
സ്വീകരണ ചടങ്ങിനിടെ സൗദി കിരീടാവകാശി ഫ്രഞ്ച് പ്രസിഡൻറിനെ സ്വാഗതം ചെയ്തു. അദ്ദേഹത്തിനും സംഘത്തിനും സൗദിയിൽ സുഖകരമായ താമസം ആശംസിച്ചു. തനിക്കും ഒപ്പമുള്ള പ്രതിനിധി സംഘത്തിനും ലഭിച്ച ഉദാരമായ ആതിഥ്യത്തിനും ഊഷ്മളമായ സ്വീകരണത്തിനും മാക്രോൺ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം