'ഇന്നലെ സെയിൽസ്മാൻ ഇനി കട മുതലാളി'! ഭാര്യക്കൊപ്പമുള്ള ഷോപ്പിങ്ങിനിടെ കോൾ; അരവിന്ദിന്‍റെ ജീവിതം മാറ്റിയ രാത്രി
സെയില്‍സ്മാനായി ജോലി ചെയ്യുന്ന അരവിന്ദിന്‍റെ ജീവിതം ഒറ്റ രാത്രി കൊണ്ട് മാറുകയാണ്.
അബുദാബി: ബിഗ് ടിക്കറ്റിന്‍റെ ഗ്രാന്‍ഡ് പ്രൈസ് ലഭിച്ച വിവരം അറിയിക്കാന്‍ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനെ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ഇന്നലെ വിളിച്ചപ്പോള്‍ എന്ത് പറയണമെന്ന് അറിയാതെ സന്തോഷം കൊണ്ട് നിറഞ്ഞ അവസ്ഥയിലായിരുന്നു അദ്ദേഹം. ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും വിളിക്കുന്നതിന് തൊട്ടു മുമ്പ് തന്നെ ഒരു സുഹൃത്ത് വിളിച്ച് ഇക്കാര്യം അരവിന്ദിനെ അറിയിച്ചിരുന്നു. സെയില്‍സ്മാനാണെന്ന് അരവിന്ദ് റിച്ചാര്‍ഡിനോട് പറഞ്ഞപ്പോള്‍, ഇനി കട മുതലാളിയാകാം എന്നാണ് അദ്ദേഹം തിരികെ പറഞ്ഞത്. എന്നാൽ അത് വെറും വാക്കല്ല, ഒന്നും രണ്ടുമല്ല 57 കോടി ഇന്ത്യൻ രൂപ (25 ദശലക്ഷം ദിര്‍ഹം) ആണ് അരവിന്ദിന്‍റെ പേരിൽ വാങ്ങിയ 447363 നമ്പര്‍ ടിക്കറ്റിന് ലഭിച്ചത്.
ഭാര്യയോടൊപ്പം ഷോപ്പിങിന് ഇറങ്ങിയപ്പോഴാണ് തന്‍റെ ജീവിതം എന്നന്നേക്കുമായി മാറിമറിയുന്ന വിവരം അരവിന്ദ് അറിയുന്നത്. വിവരം അറിയുമ്പോള്‍ അല്‍ നഹ്ദയിലായിരുന്നു അദ്ദേഹം. ഈ സന്തോഷത്തില്‍ അരവിന്ദിനൊപ്പം പങ്കുചേരാനും മറ്റ് ചിലരുമുണ്ട്. അരവിന്ദിന്‍റെ പേരില്‍ 20 അംഗ സംഘം എടുത്ത ടിക്കറ്റാണ് കോടികളുടെ സമ്മാനം നേടിക്കൊടുത്തത്. ഈ സമ്മാനത്തുക ഇവര്‍ 20 പേരും പങ്കിട്ടെടുക്കും. ഷാര്‍ജയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയാണ് അരവിന്ദ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്തുവരുന്നു. ഗ്രാന്‍ഡ് പ്രൈസ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന് അദ്ദേഹത്തിന് നിലവില്‍ കൃത്യമായ പദ്ധതികളില്ല. ലോണുകള്‍ അടച്ചു തീര്‍ക്കാലും ഭാവിയിലേക്ക് കരുതാനും ഈ തുക ഉപയോഗിക്കുമെന്ന് അദ്ദേഹം പറയുന്നു. ഒരിക്കലും നിരാശപ്പെട്ട് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് അവസാനിപ്പിക്കരുതെന്നും ശ്രമിച്ചുകൊണ്ടേയിരിക്കണമെന്നുമാണ് മറ്റ് ബിഗ് ടിക്കറ്റ് ഉപഭോക്താക്കളോട് അരവിന്ദിന് പറയാനുള്ളത്.
ബിഗ് ടിക്കറ്റിന്‍റെ ബിഗ് വിന്‍ മത്സരത്തില്‍ മറ്റ് നാല് പേര്‍ കൂടി വിജയികളായി. മലയാളിയായ അബ്ദുല്‍ നാസര്‍ ഒരു ലക്ഷം ദിര്‍ഹം നേടി. മൂന്ന് വര്‍ഷമായി ടിക്കറ്റ് വാങ്ങുന്ന മലയാളിയായ ആകാശ് രാജ് 70,000 ദിര്‍ഹം സ്വന്തമാക്കി. നിര്‍മ്മാണ തൊഴിലാളിയായ എംഡി മെഹെദി 50,000 ദിര്‍ഹവും മുഹമ്മദ് ഹനീഫ് 75,000 ദിര്‍ഹവും സ്വന്തമാക്കി. ഒരു രാത്രി കൊണ്ട് ഇവരുടെയെല്ലാം ജീവിത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്.
Read Also - അമ്പമ്പോ ഇതെന്തൊരു ഭാഗ്യം! സൗജന്യമായി ലഭിച്ച ടിക്കറ്റിൽ മലയാളിക്ക് ലഭിച്ചത് 57 കോടി രൂപ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം