സൗദിയില്‍ സ്ത്രീയെ ശല്യപ്പെടുത്തിയ ഇന്ത്യൻ യുവാവ് അറസ്റ്റിൽ
സ്ത്രീകളെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.
റിയാദ്: സ്ത്രീയെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ യുവാവ് പിടിയിലായി. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിൽ വെച്ച് അറസ്റ്റിലായ യുവാവിന്‍റെ പേര് ദിൽവർ ഹുസൈൻ ലാസ്കർ എന്നാണെന്ന് പൊതുസുരക്ഷാ വിഭാഗം വെളിപ്പെടുത്തുകയും ചെയ്തു. ഇയാൾ ഒരു യുവതിയം ഉപദ്രവിച്ചു. പ്രതിയെ അനന്തര നടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അധികൃതർ അറിയിച്ചു.
വ്യക്തികളെ ശല്യം ചെയ്യുകയും മാനനഷ്ടമുണ്ടാക്കുകയും ചെയ്യുന്ന കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ 2021 ജനുവരിയിൽ സൗദി മന്ത്രിസഭ പാസാക്കിയ നിയമം അടുത്തിടെയാണ് കർശനമായി നടപ്പാക്കി തുടങ്ങിയത്. പീഡന വിരുദ്ധ നിയമം അനുസരിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധി കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്യുകയും അറസ്റ്റും അനന്തര ശിക്ഷാനടപടികളും കൈക്കൊള്ളുകയും ചെയ്തുവരുന്നുണ്ട്.
കുറ്റം തെളിഞ്ഞാൽ രണ്ട് വർഷത്തിൽ കൂടാത്ത തടവും ഒരു ലക്ഷം റിയാൽ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയായിരിക്കും ശിക്ഷ. എന്നാൽ ശല്യം ചെയ്യൽ പൊതുസ്ഥലത്ത് വെച്ചോ അല്ലെങ്കിൽ കുട്ടികൾക്കോ വിഭിന്ന ശേഷിക്കാർക്കോ എതിരെയോ ആയാൽ തടവ് അഞ്ചുവർഷവും പിഴ മൂന്ന് ലക്ഷം റിയാലും അല്ലെങ്കിൽ രണ്ടും കൂടിയോ ആയി ഉയരും. മാത്രമല്ല പ്രതിയെ തിരിച്ചറിയാൻ കഴിയും വിധം പ്രാദേശിക പത്രങ്ങളിൽ വാർത്ത നൽകുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം