വൈകല്യമോ? പോകാൻ പറ! വേൾഡ് പാര പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി ജോബി മാത്യു

നിവർന്നുയർന്നു നിൽക്കാൻ ജന്മനാ കാൽമുട്ടുകൾ തന്നെയില്ല. പക്ഷെ ഇന്ന്  ജോബിയൊന്നു നിവർന്നു നിന്നാൽ ജോബിയുടെ കരിയറിന് മുന്നിൽ നാം തല കുനിയ്ക്കും. കരിയറിൽ മാത്രമല്ല.. ജീവിതത്തിലും.

gulf news joby mathew won bronze medal in world para powerlifting championship rvn

ദുബൈ: ദുബൈയിൽ നടന്ന വേൾഡ് പാര പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയതോടെ ജോബിക്ക് ഇത് 29ആമത്തെ ലോക മെഡൽ. 46 വയസ്സായെങ്കിലും ജോബി പക്ഷേ നിർത്താൻ ഭാവമില്ല. 165 കിലോഗ്രാം ഉയർത്തി പുതിയ റെക്കോർഡാണ് ലക്ഷ്യം. ശാരീരിക വെല്ലുവിളിയെ മറികടന്നു ജീവിതം ലിഫ്റ്റ് ചെയ്ത  ജോബി സ്റ്റൈൽ.  
 
ഇനിയില്ല.. തീർന്നു.. മുന്നോട്ടു പോകില്ല.. സ്വന്തം കാര്യത്തിലോ മക്കളുടെയോ കുടുംബത്തിന്റെയോ ചെറിയ തിരിച്ചടികളിൽ പതറുന്നവർ ജോബി മാത്യുവെന്ന, കായിക താരത്തെ കണ്ടിരിക്കേണ്ടവരാണ്. എല്ലാമുണ്ടായിട്ടല്ല, എല്ലാമുണ്ടായിട്ടും ഒന്നും നേടാനാകാതെ പോയവർക്ക് മുന്നിലാണ് ജോബി മാത്യു ഹീറോ ആകുന്നത്. 

നിവർന്നുയർന്നു നിൽക്കാൻ ജന്മനാ കാൽമുട്ടുകൾ തന്നെയില്ല. പക്ഷെ ഇന്ന്  ജോബിയൊന്നു നിവർന്നു നിന്നാൽ ജോബിയുടെ കരിയറിന് മുന്നിൽ നാം തല കുനിയ്ക്കും. കരിയറിൽ മാത്രമല്ല.. ജീവിതത്തിലും. കാണുന്ന കാഴ്ച്ചയിൽ നമ്മളൂഹിക്കുന്ന ഒരു സ്ഥലത്തും നമുക്ക് ജോബിയെ കാണാനാകില്ല.   കൈയെത്തിപ്പിടിക്കാനാകാത്ത ഉയരങ്ങളിലും വിശാലമായ ഇടങ്ങളിലുമല്ലാതെ.  

എല്ലാവരും പതറി നിൽക്കുന്ന ഘട്ടത്തിൽ ജോബി ബഞ്ച് പ്രസിന്റെ സ്റ്റീൽ ബാറിൽ പുതിയ വെയ്റ്റ് ലോഡ് ചെയ്യുന്ന തിരക്കിലായിരിക്കും. കൂട്ടത്തിൽ ജീവിതത്തിലേക്ക് പുതിയ ഉയരങ്ങളും. അതുകൊണ്ടാണ്  ലോകത്തെ ഏറ്റവും വലിയ കെട്ടിടത്തിന്റെ കൺവെട്ടത്തിൽ ദുബായിൽ നിൽക്കുമ്പോൾ ഉയർത്തിക്കാട്ടാൻ   കരിയറിലെ തന്റെ 29ആമത്തെ ലോക മെഡൽ ജോബിയുടെ കൈയിലിരിക്കുന്നത്.   വേൾഡ് പാരാ പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിലെ 59 കിലോ വിഭാഗത്തിലെ വെങ്കലം.

 148 കിലോ വരെ ഭാരം ഉയർത്തിയിട്ടുള്ള ജോബിക്ക്, 125 കിലോ ഉയർത്തി കിട്ടിയ  ഈ മെഡൽ തന്റെ ഏറ്റവും വലുതൊന്നുമല്ല. പക്ഷെ ഒക്ടോബറിൽ ചൈനയിലെ  ഏഷ്യൻ ഗെയിംസിലേക്ക് പോകാൻ ഒരു മെഡൽ വേണമായിരുന്നു. അവിടെയും തീരുന്നില്ല ഈ മെഡലിന്റെ മധുരം. ഒരാഴ്ച്ച മുൻപ് തുടക്കമായ വേൾഡ് ചാംപ്യൻഷിപ്പിൽ ജോബി ഉണ്ടാകുമോ പോലും  എന്ന് ജൂലൈ 31 വരെ ഒരുറപ്പും ഇല്ലായിരുന്നു.   എൻട്രി കിട്ടി രണ്ടാഴ്ച്ച പരിശീലനവും കൊണ്ട് ജോബി സ്വന്തമാക്കിയ മെഡലാണിത്.  അനിശ്ചിതത്വങ്ങൾക്ക് , ജോബി കൊടുത്ത അവസാന മറുപടി.

Read Also - 'ബാത്ത് റൂം ഉപയോഗിക്കാൻ മറ്റുള്ളവരുടെ വാതിലിൽ മുട്ടും, ഭക്ഷണം ആരെങ്കിലും കൊണ്ട് തരും'; പ്രവാസികള്‍ ദുരിതത്തിൽ

 60 ശതമാനം ശാരീരിക വെല്ലുകളികളോട് ജോബി പൊരുതുന്നത് കൈക്കരുത്തിലാണ്. നെ‍ഞ്ചുറപ്പിലാണ്. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക പരിഗണനയും പരിശീലനവും നൽകി മറ്റിടങ്ങളിൽ വളർത്തിയെടുക്കുമ്പോൾ, ജോബി സ്വന്തം പണമെടുത്ത് പരിശീലിക്കും.  മത്സരങ്ങൾക്ക് പോകും.  മെഡൽ നേടും.  ശാരീരിക വെല്ലുവിളി നേരിടുന്ന ഒരാളെങ്കിൽ ഒരാൾക്കെങ്കിലും അവരുടെ അച്ഛനമ്മമാർക്കെങ്കിലും പ്രചോദനമാകാൻ. കായിക താരങ്ങൾ പണി നിർത്തുന്ന പ്രായത്തിൽ തന്റെ 46ആം വയസ്സിൽ ജോബി പുതിയ സ്വപ്നങ്ങളുടെ ഭാരം ലോഡ് ചെയ്യുകയാണ്.  165 കിലോ ഭാരം ഉയർത്തണം.  പാരീസിലെ പാരാലിമ്പിക്സിൽ പങ്കെടുക്കണം. 

Latest Videos
Follow Us:
Download App:
  • android
  • ios