സൗദിയിലെ അബഹയിൽ വാഹനാപകടം; മരിച്ച ഇന്ത്യാക്കാരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു
മൂന്നു പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഒരാളുടെ മൃതദേഹം സൗദിയില്‍ സംസ്കരിച്ചു.
റിയാദ്: സൗദി തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്ത് പഴയ സനാഇയക്ക് സമീപം വാഹനമിടിച്ച് മരിച്ച തമിഴ്നാട് ചെന്നൈ സ്വദേശി ഭൂമി ബാലൻ കരുണാകരൻ (34), ഖമീസിൽ മരിച്ച തമിഴ്നാട് കന്യാകുമാരി സ്വദേശി ജിജിസിംങ്ങ് (50) എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു സംസ്കരിച്ചു. ഹൈദരാബാദ് സ്വദേശി പീർ ബാഷ ശൈഖിെൻറ (49) മൃതദേഹം ഖമീസിലും ഖബറടക്കി.
ഭൂമി ബാലൻ കരുണാകരൻ ഖമീസിലെ ഒരു കോൺട്രാക്റ്റിങ് കമ്പനിയിൽ എട്ട് മാസം മുമ്പാണ് ജോലിക്കെത്തിയത്. ഇദ്ദേഹം വാഹനാപകടത്തിൽ മരിച്ച വിവരം സാമൂഹിക പ്രവർത്തകനായ ഹനീഫ് മഞ്ചേശ്വരം അറിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്‍റെയും നാട്ടുകാരനായ ഫൈസൽ അലിയുടെയും ശ്രമഫലമായാണ് കഴിഞ്ഞ ദിവസം മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കരിച്ചത്. ഭാര്യ: ഫ്ലോറൻസ്, മക്കൾ: ലൊണാർഡോ, കായിലൻ. ഖമീസിൽ മരിച്ച നിലയിൽ കണ്ടെത്തിയതായിരുന്നു ജിജി സിങ്ങിനെ. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടായിരുന്നു. ആറ് വർഷമായി ഖമീസിൽ ജോലിചെയ്തുകൊണ്ടിരുന്ന ഇദ്ദേഹം നാട്ടിൽ പോയിരുന്നില്ല. ഇദ്ദേഹത്തിന്‍റെ മൃതദേഹം ഏറ്റടുക്കാൻ ആളില്ലാതെ എട്ട് മാസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
Read Also - വമ്പൻ താഴ്ചയിലേക്ക് കൂപ്പുകുത്തി രൂപ; ഈ ഗൾഫ് രാജ്യത്തെ പ്രവാസികൾക്ക് 'ചാകര', പണമയയ്ക്കാൻ പറ്റിയ സമയം
മോർച്ചറിയിലുള്ള മൃതദേഹങ്ങളുടെ കൂട്ടത്തിൽ ഇദ്ദേഹത്തിന്‍റെ പേര് ശ്രദ്ധയിൽപ്പെട്ട ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം അംഗമായ ഹനീഫ് മഞ്ചേശ്വരം ഇദ്ദേഹത്തിെൻറ ബന്ധുക്കളെ കണ്ടെത്തി മൃതദേഹം നാട്ടിൽ എത്തിക്കുകയായിരുന്നു. ഭാര്യ: ഷൈനി, മൂന്ന് പെൺമക്കൾ. ഖമീസ് മുശൈത്ത് സനാഇയയിൽ ഹൃദയാഘാതത്തെ തുടർന്നാണ് പീർ ബാഷ ശൈഖ് മരിച്ചത്. 15 വർഷമായി ഇവിടെ ജോലിചെയ്യുന്ന ഇദ്ദേഹം നാട്ടിൽ നിന്ന് വന്നിട്ട് രണ്ട് മാസം ആയിട്ടുള്ളു. രണ്ട് വിവാഹത്തിലായി അഞ്ച് മക്കളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം