നക്സൽ മേഖലകളിൽ സർക്കാർ പ്രവര്‍ത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച കൊണ്ടോട്ടിക്കാരൻ, ജാർഖണ്ഡുകാരുടെ 'കളക്ടർ സാബ്'

കൊണ്ടോട്ടിയിലെ കിഴിശ്ശേരി ഗ്രാമത്തില്‍ നിന്നും ജാർഖണ്ഡിലെ നക്സല്‍ മേഖലകളിലേക്ക് കടന്ന് ചെന്ന ഒരു ഐഎഎസ് ഓഫീസര്‍. അവിടുത്തെ ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചു 'കളക്ടർ സാബ്'. 

Collector Saab Aboobacker Siddique IAS of Jharkhand


ലപ്പുറം കൊണ്ടോട്ടി സ്വദേശി ഇന്ന് ജാർഖണ്ഡുകാരുടെ സ്വന്തം 'കളക്ടര്‍ സാബാ'ണ്.  ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കടന്ന് ചെല്ലാന്‍ മടിക്കുന്ന സംസ്ഥാനത്തെ മാവോയിസ്റ്റ്, നക്സലേറ്റ് മേഖലകളിലേക്ക് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച കൊണ്ടോട്ടിക്കാരന്‍. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തെ തേടിയെത്തിയത് കേന്ദ്ര സർക്കാരിന്‍റെ അംഗീകാരം. ജാർഖണ്ഡുകാർ കളക്ടര്‍ സാബ് എന്ന് വിളിക്കുന്ന അബൂബക്കർ സിദ്ദിഖ് ഐഎഎസ്. 

2003 -ലാണ് കൊണ്ടോട്ടിയിലെ കിഴിശ്ശേരിയിൽ നിന്ന് സബ് കളക്ടറായി അബൂബക്കർ സിദ്ദിഖ് ജാർഖണ്ഡിൽ എത്തുന്നത്. മാവോയ്സ്റ്റ് മേഖലയിലടക്കം പ്രവര്‍ത്തിച്ച അദ്ദേഹം, തന്‍റെ ഔദ്ധ്യോഗീക ജീവിതത്തിലെ രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്. ജെഎൻയുവിലെ പഠനക്കാലത്താണ് അബൂബക്കർ സിദ്ദിഖ് സിവിൽ സർവീസ് നേടുന്നത്. സംസ്ഥാനം രൂപീകൃതമായി മൂന്നാം വർഷമായിരുന്നു ജാർഖണ്ഡിലേക്കുള്ള നിയോഗം. അന്ന് മാവോയിസം ശക്തമായിരുന്ന കാലം.  വെസ്റ്റ് സിങ്ഭും, ഛത്രാ, സിംഡേഗാ, ഉൾപ്പെടെ നാല് ജില്ലകളിലായി ഒമ്പത് വർഷം കള്ടറായി സേവനം. 

ജനതാ ദർബാർ

സാധാരണക്കാരനിലേക്ക് ഉദ്യോഗസ്ഥരുടെ സേവനം എത്തിക്കാൻ 'ജനതാ ദർബാർ' എന്ന പരിപാടി നടത്തി. ഒരു മാസം ഒരു വില്ലേജ് എന്ന തരത്തിലായിരുന്നു ജനതാ ദർബാർ സാധാരണക്കാരിലേക്ക് എത്തിയത്. ഇതിന്‍റെ ഏറ്റവും വലിയ ഗുണം, കളക്ടര്‍ വരുന്നു എന്ന് അറിയുമ്പോള്‍ തന്നെ ആ പ്രദേശത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണർന്ന് പ്രവര്‍ത്തിക്കുന്നു. അതുവരെ പരിഹരിക്കപ്പെടാത്ത സാധാരണക്കാരുടെ പരാതികളെല്ലാം കളക്ടര്‍ എത്തും മുമ്പേ പരിഹരിക്കപ്പെടുന്നു. ഇല്ലെങ്കില്‍ പരാതികളുയരും. ഇങ്ങനെ ഉയരുന്ന സാധാരണക്കാരുടെ പരാതികള്‍ ജനതാ ദർബാറില്‍ പരിശോധിക്കപ്പെടും. പിന്നാലെ നടപടികളും ഉണ്ടാകും. 

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അതുവരെ എത്താത്ത മേഖലകളിലേക്ക് വരെ അബൂബക്കർ സിദ്ദിഖ് നടന്ന് കയറി. ജനതാ ദര്‍ബാര്‍ സാധാരണക്കാരില്‍ സര്‍ക്കാറിനുള്ള വിശ്വാസം ഊട്ടിയുറപ്പിച്ചു. ഇതിനിടെ മാവോയിസ്റ്റ് ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കുള്ള രക്ഷപ്പെടൽ. ഒരിക്കല്‍ നക്സലുകളുടെ ഭാഗത്ത് നിന്നുമുണ്ടായ ഒരു അനുഭവം അദ്ദേഹം ഇങ്ങനെ പറയുന്നു. 'ഒരു ഗ്രാമത്തില്‍ പതിവ് പോലെ ജനതാ ദർബാർ സംഘടിക്കാന്‍ തീരുമാനിച്ചു. പിന്നാലെ പോലീസിന്‍റെ രഹസ്യ വിവരം ലഭിച്ചു. ആ ഗ്രാമത്തില്‍ നക്സലേറ്റുകള്‍ തമ്പടിച്ചിട്ടുണ്ട്. ആക്രമണം ഉണ്ടാകാം. ഇത് എല്ലാവരിലും ആശങ്ക സൃഷ്ടിച്ചു. പരിപാടി മാറ്റിവയ്ക്കണം എന്ന് പോലീസ് ആവശ്യപ്പെട്ടു. എന്ത് ചെയ്യണം അറിയാത്ത നിലയില്‍ ഞങ്ങളിരിക്കുമ്പോള്‍ നക്സലേറ്റുകള്‍ മാധ്യമങ്ങള്‍ വഴി ഞങ്ങളെ ബന്ധപ്പെട്ടു. ഒരിക്കലും പരിപാടി ഉപേക്ഷിക്കരുതെന്നും. ജനതാ ദർബാർ നടക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഞങ്ങള്‍ അവിടെ എത്തുകയും പരിപാടി സുഗമമായി നടത്തുകയും ചെയ്തു.' 

നക്സൽ മേഖലയായ പശ്ചിമ സിങ്ഭുമിൽ 2015 -ൽ സുഗമമായി വോട്ടെടുപ്പ് നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുരസ്ക്കാരവും അദ്ദേഹത്തെ തേടിയെത്തി. അതിന് മുമ്പ് ഒരാൾ പോലും വോട്ടെടുപ്പിന് എത്താത്തിരുന്ന ഇടങ്ങളിൽ പോലും തുടർ പ്രവർത്തനങ്ങളിലൂടെ മികച്ച വോട്ടെടുപ്പ് നടത്തിയതിനായിരുന്നു അംഗീകാരം. നിലവിൽ സംസ്ഥാന വനം പരിസ്ഥിതി, കൃഷി, മൃഗസംരക്ഷണം അടക്കം വകുപ്പുകളുടെ സെക്രട്ടറിയാണ് അബൂബക്കർ സിദ്ദീഖ്. മലപ്പുറത്തെ കിഴിശ്ശേരി എന്ന കൊച്ചു ഗ്രാമം പോലെ ജാർഖണ്ഡും പ്രിയപ്പെട്ടതായെന്ന് സിദ്ദിഖ് പറയുന്നു.


 

Latest Videos
Follow Us:
Download App:
  • android
  • ios