30 ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിലും കൊവിഡിന്‍റെ സാന്നിധ്യം; വെളിപ്പെടുത്തി ഡോക്ടര്‍മാര്‍
അടുത്തിടെ മരണപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ പരിശോധിച്ച ശേഷമുള്ള വിലയിരുത്തലുകളാണ് ഡോക്ടര്‍മാര്‍ പുറത്തുവിട്ടത്.
ദുബൈ: മൃതശരീരത്തില്‍ 30 ദിവസം വരെ കൊവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ദുബൈ പൊലീസിലെ ഫോറന്‍സിക് ഡോക്ടര്‍മാര്‍. അടുത്തിടെ മരണപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ പരിശോധിച്ച ശേഷമുള്ള വിലയിരുത്തലുകളാണ് ഡോക്ടര്‍മാര്‍ പുറത്തുവിട്ടത്.
ഒന്നാമത്തെ കേസില്‍ കടലില്‍ മുങ്ങി മരിച്ച ഒരാളുടെ മൃതദേഹം 30 ദിവസത്തിലേറെ പഴക്കമുള്ള നിലയില്‍ കണ്ടെത്തി. കടലില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കൊവിഡ് പോസിറ്റീവായിരുന്നു. മറ്റൊരു കേസില്‍ 17 ദിവസങ്ങളായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിലും കൊവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ദുബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ പരിശോധനാ ഫലങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്‌പെഷ്യലൈസ്ഡ് ജേണലുകളില്‍ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണെന്നും ദുബൈ പൊലീസിന്റെ ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ക്രിമിനോളജി ജനറല്‍ വിഭാഗത്തിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ ഡോ.അഹ്മദ് അല്‍ ഹാഷെമി 'അല്‍ ബയാന്‍' ദിനപ്പത്രത്തോട് വ്യക്തമാക്കി. നിലവിലെ ഗവേഷണങ്ങള്‍ അനുസരിച്ച് ഭൂരിഭാഗം വൈറസുകളും മനുഷ്യന്‍ മരിക്കുന്നതോടെ നശിക്കും. അതിനാല്‍ തന്നെ ഈ കണ്ടെത്തല്‍ വേറിട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona