ഇന്നും ഇന്നലെയുമായി വിമാനങ്ങളിൽ എത്തിയ 5 പേർക്ക് രോഗലക്ഷണം, ആശുപത്രികളിലാക്കി

തിരുവനന്തപുരത്ത് ഇന്നലെ എത്തിയ പത്ത് പേരെ, രോഗബാധിതരുമായി പ്രഥമ സമ്പർക്കപ്പട്ടികയിൽ വന്നെന്ന് കണ്ടെത്തിയ സാഹചര്യത്തിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വന്ദേഭാരത് മിഷന്‍റെ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ടാണ് ഇന്നലെ മൂന്ന് വിമാനത്താവളങ്ങളിലായി പ്രവാസികൾ എത്തിയത്. 

covid 19 five people came back from abroad showed symptoms moved to hospitals

തിരുവനന്തപുരം: ഇന്നും ഇന്നലെയുമായി കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എത്തിയ പ്രവാസികളിൽ 5 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ആശുപത്രികളിലേക്ക് മാറ്റി. തിരുവനന്തപുരത്ത് ഇന്നലെ എത്തിയ ഒരാൾക്കാണ് രോഗലക്ഷണം കണ്ടെത്തിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നു എന്ന് കണ്ടെത്തിയ പത്ത് പേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

അതേസമയം, അബുദാബിയില്‍ നിന്ന് കരിപ്പൂരെത്തിയ പ്രവാസികളില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയ നാല് പേരെ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. മൂന്ന് മലപ്പുറം സ്വദേശികള്‍ക്കും ഒരു കോഴിക്കോട് സ്വദേശിക്കുമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് മാറ്റി. 

അബുദാബി-കരിപ്പൂർ ഐ എക്‌സ് - 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനം ഇന്ന് പുലർച്ചെയാണ് കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. പുലര്‍ച്ചെ 2.12 ന് വിമാനം ലാന്‍ഡ് ചെയ്തു. 187 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ കൊവിഡ് രോ​ഗലക്ഷണം കണ്ടെത്തിയ മലപ്പുറം സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

ഇന്നലെ  കൊച്ചി വിമാനത്താവളത്തിലെത്തിയ ദുബായ്- കൊച്ചി  വിമാനത്തിൽ 181 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 57 പേർ പുരുഷന്മാരും 124 പേർ സ്ത്രീകളുമാണ്. 70 ഗർഭിണികളും, പത്ത് വയസ്സിൽ താഴെയുള്ള 32 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ തൃശ്ശൂർ ജില്ലക്കാരിയായ ഒരാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സക്കായി അയച്ചു. 

മറ്റ് 34 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയർ സെൻ്ററുകളിലും 146 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലുള്ള  17  പേരാണ് ഉണ്ടായിരുന്നത്. ഇവരെയെല്ലാവരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതിൽ 9 പേർ ഗർഭിണികളാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 

വന്ദേഭാരത് രക്ഷാദൗത്യത്തിന്‍റെ ഭാഗമായി ഇന്ന് രണ്ട് വിമാനങ്ങളാണ് എത്തുക. ദുബായ് - കൊച്ചി വിമാനം വൈകിട്ട് 6.10-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും. അബുദാബി - കൊച്ചി വിമാനം രാത്രി 8.40 ഓടെ ലാൻഡ് ചെയ്യും. അതേസമയം, നാട്ടിൽ ലീവിന് വന്ന ശേഷം തിരികെ പോകാൻ കഴിയാതിരുന്ന സൗദിയിലെ നഴ്സുമാരെ ഇന്നലെ പ്രത്യേക വിമാനത്തിൽ കൊണ്ടുപോയി. 

Latest Videos
Follow Us:
Download App:
  • android
  • ios