സ്വന്തം ശമ്പളം വെട്ടിക്കുറച്ച് വിപ്രോ മുതലാളി; കോടികൾ വേണ്ടന്ന് വെക്കാനുള്ള കാരണം ഇതോ..
ഐടി ഭീമനായ വിപ്രോയുടെ എക്‌സിക്യൂട്ടീവ് ചെയർമാൻ റിഷാദ് പ്രേംജി 2023-24 സാമ്പത്തിക വർഷത്തിൽ തന്റെ വാർഷിക ശമ്പളം വെട്ടിക്കുറച്ചുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഐടി മേഖലയുടെ വളർച്ചയിലുണ്ടായ ഇടിവ് പല പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുണ്ട്. ജീവനക്കാരെ പിരിച്ചുവിടുന്നതും നിയമനങ്ങൾ വെട്ടിക്കുറയ്ക്കുന്നതും പതിവ് സംഭവമായിരിക്കുകയാണ്. ഏറ്റവുമൊടുവിലായി കമ്പനിയുടെ നേതൃനിരയിലുള്ളവർ തന്നെ അവരുടെ ശമ്പളം കുറയ്ക്കാനാരംഭിച്ചിരിക്കുന്നു. ഐടി ഭീമനായ വിപ്രോയുടെ എക്‌സിക്യൂട്ടീവ് ചെയർമാൻ റിഷാദ് പ്രേംജി 2023-24 സാമ്പത്തിക വർഷത്തിൽ തന്റെ വാർഷിക ശമ്പളം വെട്ടിക്കുറച്ചുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തുടർച്ചയായ രണ്ടാം വർഷമാണ് റിഷാദ് പ്രേംജിയുടെ വാർഷിക ശമ്പളം കുറയ്ക്കുന്നത്. 2022-23 വർഷത്തിലും അദ്ദേഹം തന്റെ വാർഷിക ശമ്പളം കുറച്ചിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം റിഷാദ് പ്രേംജി തന്റെ വാർഷിക ശമ്പളത്തിൽ നഷ്ടപരിഹാര പാക്കേജ് ഉൾപ്പെടെ 20 ശതമാനം ആണ് വെട്ടിക്കുറച്ചത്. ഏകദേശം 6.5 കോടി രൂപ രൂപ വരും ഈ തുക. നേരത്തെ, 2022-23ൽ 7.9 കോടി രൂപ ശമ്പളത്തിൽ വെട്ടിക്കുറച്ചിരുന്നു. ഇതോടെ, റിഷാദ് പ്രേംജിയുടെ വാർഷിക ശമ്പളം 2022-23 നെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വർഷത്തിൽ 7.2 കോടി രൂപയിൽ നിന്ന് (8,61,000 യുഎസ് ഡോളർ) 5.8 കോടി രൂപയായി (6,92,641 യുഎസ് ഡോളർ) കുറഞ്ഞു. വിക്രോയുടെ ഏകീകൃത അറ്റാദായത്തിന്റെ 0.35 ശതമാനം റിഷാദ് പ്രേംജിക്ക് വിപ്രോ നൽകും. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം നെഗറ്റീവ് അറ്റാദായം രേഖപ്പെടുത്തിയതിനാൽ കമ്മീഷനായി തുകയൊന്നും നൽകില്ലെന്ന് വിപ്രോ അറിയിച്ചു. റിഷാദ് പ്രേംജിക്ക് ഈ വർഷം സ്റ്റോക്ക് ഓപ്ഷനുകളൊന്നും അനുവദിച്ചിട്ടില്ല. 2019ൽ ആണ് റിഷാദ് പ്രേംജിയെ വിപ്രോയുടെ ചെയർമാനായി അഞ്ച് വർഷത്തേക്ക് നിയമിച്ചത്. അടുത്ത അഞ്ച് വർഷത്തേക്ക്, അതായത് 2029 ജൂലൈ 30 വരെ അദ്ദേഹത്തെ ചെയർമാനായി നിയമിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്.
അതേ സമയം കമ്പനിയുടെ മുൻ സിഇഒയും എംഡിയുമായ ടെറി ഡെലാപോർട്ടിന് പ്രതിഫലത്തിൽ 3.26 ശതമാനം വർദ്ധനവ് ലഭിച്ചു. ഐടി മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒ എന്ന റെക്കോർഡ് ടെറി ഡെലാപോർട്ടെ കൈവരിച്ചു. 2023-24ൽ ഏകദേശം 166.5 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്. വിപ്രോയിൽ നിന്ന് രാജിവച്ച ടെറി ഡെലാപോർട്ടിന് കഴിഞ്ഞ 92.1 കോടി രൂപ പ്രത്യേകമായി നൽകുന്നതിന് ബോർഡ് അനുമതി നൽകിയിരുന്നു. . അതേസമയം, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വിപ്രോയുടെ വരുമാന വളർച്ചാ നിരക്ക് 0.5 ൽ നിന്ന് മൈനസ് 1.5 ശതമാനമായി കുറയുമെന്നാണ് സൂചന