ആധാർ വിവരങ്ങൾ നഷ്ടപ്പെടില്ല, 'മാസ്ക്' ഉപയോഗിക്കാം; എങ്ങനെ ലഭിക്കും എന്നറിയാം
ഐഡൻ്റിറ്റി സ്ഥിരീകരണം ആവശ്യമുള്ള മിക്ക സേവനങ്ങൾക്കും നിങ്ങളുടെ ഫിസിക്കൽ ആധാർ കാർഡ് പോലെ തന്നെ ഈ ഡിജിറ്റൽ പകർപ്പും ഉപയോഗിക്കാനാകും.
ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക് ഇടപാടുകൾ മുതൽ ഹോട്ടലിൽ താമസിക്കാൻ വരെ ഐഡി പ്രൂഫായി ആധാർ നൽകണം. അതേസമയം ഒരുപാട് ഇടങ്ങളിൽ നൽകുന്നത്കൊണ്ടുതന്നെ വിവരങ്ങൾ ചോരാനുള്ള സാധ്യതയും കൂടുതലാണ്. അവിടെയാണ് മാസ്ക്ഡ് ആധാർ പ്രവർത്തിക്കുന്നത്.
എന്താണ് മാസ്‌ക്ഡ് ആധാർ?
ഉടമയുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത സാധാരണ ആധാർ കാർഡിൻ്റെ ഇതര പതിപ്പാണ് മാസ്ക്ഡ് ആധാർ. രണ്ട് പതിപ്പുകളിലും ഉപയോക്താവിന്റെ പേരും ഫോട്ടോയും മറ്റ് ജനസംഖ്യാ വിശദാംശങ്ങളും കാണിക്കും. എന്നാൽ ചെറിയ വ്യത്യാസം ഉണ്ട്. മാസ്‌ക് ചെയ്‌ത ആധാറിൽ, പൂർണ വിവരങ്ങൾ നൽകില്ല. അതായത്, 12 അക്ക ആധാർ നമ്പറിൻ്റെ അവസാന നാല് അക്കങ്ങൾ മാത്രമേ കാണാനാകൂ, ആദ്യത്തെ എട്ട് അക്കങ്ങൾക്ക് പകരം (XXXX-XXXX പോലുള്ളവ) മറ്റ് അക്ഷരങ്ങളായിരിക്കും. സുരക്ഷിതമല്ലാത്ത ഇടത്ത് ആധാർ കാർഡ് വിവരങ്ങൾ പങ്കിടുമ്പോഴുള്ള റിസ്ക് ഇതിലൂടെ കുറയ്ക്കാം. കൂടാതെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷാ ഉറപ്പാക്കാം.
പ്രയോജനങ്ങൾ
സ്വകാര്യത സൂക്ഷിക്കാം എന്നുള്ളതാണ് മാസ്ക് ചെയ്ത ആധാർ ഉപയോഗിക്കുന്നതിന്റെ പ്രധാന നേട്ടം. വിവരങ്ങൾ മോഷിടിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആധാർ വിശദാംശങ്ങളുടെ ദുരുപയോഗം തടയുന്നതിൽ ഇത് പ്രധാന പങ്കുവഹിക്കുന്നു.
മാസ്ക് ചെയ്ത ആധാർ എങ്ങനെ ലഭിക്കും
മാസ്‌ക് ചെയ്ത ആധാർ ഡൗൺലോഡ് ചെയ്യുന്നത് ലളിതമാണ്, ഔദ്യോഗിക യുഐഡിഎഐ വെബ്‌സൈറ്റ് വഴി ഇത് നേടാം;
* യുഐഡിഎഐ വെബ്സൈറ്റ് സന്ദർശിക്കുക: www.uidai.gov.in എന്നതിലേക്ക് പോയി 'എൻ്റെ ആധാർ' എന്നതിൽ ക്ലിക്ക് ചെയ്യുക.
* 'ആധാർ നേടുക' വിഭാഗത്തിന് കീഴിലുള്ള 'ഡൗൺലോഡ് ആധാർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
* തുടരാൻ നിങ്ങളുടെ ആധാർ നമ്പറും ക്യാപ്‌ചയും ടൈപ്പ് ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി ഉപയോഗിച്ച് സ്വയം പ്രാമാണീകരിക്കുക.
* ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ, മാസ്‌ക്ഡ് ആധാറിനുള്ള ഒരു ഓപ്ഷൻ കാണും. അത് തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്യാൻ തുടരുക.
ഐഡൻ്റിറ്റി സ്ഥിരീകരണം ആവശ്യമുള്ള മിക്ക സേവനങ്ങൾക്കും നിങ്ങളുടെ ഫിസിക്കൽ ആധാർ കാർഡ് പോലെ തന്നെ ഈ ഡിജിറ്റൽ പകർപ്പും ഉപയോഗിക്കാനാകും.