റിയല്‍ എസ്‌റ്റേറ്റിലുള്ള മത്സരം ആരോഗ്യകരമെങ്കില്‍ നിയമലംഘനങ്ങള്‍ കുറയും: പിഎച്ച് കുര്യന്‍

റിയല്‍ എസ്‌റ്റേറ്റിലുള്ള മത്സരം ആരോഗ്യകരമെങ്കില്‍ നിയമലംഘനങ്ങള്‍ കുറയും- പി.എച്ച്. കുര്യന്‍

Violations will reduce if competition in real estate is healthy ph kurian PPP

തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് വിപണിയിലെ മത്സരം ആരോഗ്യകരമെങ്കില്‍ ഈ രംഗത്തെ നിയമലംഘനങ്ങള്‍ നന്നേ കുറയുമെന്ന് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) ചെയര്‍മാന്‍  പിഎച്ച് കുര്യന്‍. കെ-റെറ മാസ്‌കോട്ട് ഹോട്ടലില്‍ സംഘടിപ്പിച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള രജിസ്റ്റേഡ് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെ യോഗത്തിലാണ് ചെയര്‍മാന്‍ ഇക്കാര്യം പറഞ്ഞത്.

വിപണി വളരുന്നത് സമൂഹത്തിന് നേട്ടമാണ്. അതിന്റെ പ്രധാന ഭാഗഭാക്കായ ഏജന്റുമാര്‍ക്കും ആനുപാതികമായി ഈ നേട്ടം ലഭിക്കും. റെറ നിയമത്തെക്കുറിച്ച് നിങ്ങള്‍ക്ക് എത്രത്തോളം ആഴത്തില്‍ ബോധ്യമുണ്ടോ അത്രയും നന്നായി വിപണന സാധ്യത കൂട്ടാം. പ്ലോട്ടുകള്‍ തിരിച്ചു വില്‍ക്കുന്നത് ഉൾപ്പെടെ രജിസ്റ്റര്‍ ചെയ്യാത്ത പ്രൊജക്റ്റുകളില്‍ രജിസ്റ്റേഡ് ഏജന്റുമാര്‍ ഇടപാടുകളില്‍ ഏര്‍പെടുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് ചെയര്‍മാന്‍ ഏജന്റുമാരെ ഓര്‍മിപ്പിച്ചു.

റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ പ്രമോട്ടര്‍മാരെക്കൊണ്ട് റെറയില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിന് ഏജന്റുമാര്‍ മുന്‍കൈയെടുക്കണം. അതുവഴി ഏജന്റുമാര്‍ക്കും അവരവരുടെ ബിസിനസ് വര്‍ദ്ധിപ്പിക്കാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ നല്ല രീതിയില്‍ റിയല്‍ എസ്റ്റേറ്റ് വികസിപ്പിച്ച്, സാമാന്യജനത്തിന് ഗുണകരമാകണം എന്ന ലക്ഷ്യത്തോടെയാണ് കെ - റെറ പ്രവര്‍ത്തിക്കുന്നത്. അതേ ഉദ്ദേശ്യത്തോടുകൂടി ആകണം ഏജന്റുമാരും പ്രവര്‍ത്തിക്കേണ്ടത് എന്നും ചെയര്‍മാന്‍ ഓര്‍മിപ്പിച്ചു.

മൂന്നു ജില്ലകളില്‍ നിന്നുമായി അമ്പതോളം ഏജന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു. കെ - റെറ മെമ്പര്‍ എം.പി. മാത്യൂസ്, ഭരണ-സാങ്കേതിക വിഭാഗം സെക്രട്ടറി വൈ. ഷീബ റാണി, നിയമകാര്യ വിഭാഗം സെക്രട്ടറി സോണി ഗോപിനാഥ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ഏജന്‌റുമാരുടെ യോഗം 29-ന് എറണാകുളം ബിടിഎച്ച് ഭാരത് ഹോട്ടലില്‍ സംഘടിപ്പിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios