'ഏറ്റവും വലിയ വികസന കുതിപ്പ്'; റിയാദ് മെട്രോ ഓടിത്തുടങ്ങുന്നു, സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു

രാജ്യത്തെ സുപ്രധാന വികസന നേട്ടമാണ് റിയാദ് മെട്രോ.

king salman inaugurated riyadh metro rail

റിയാദ്: സൗദി അറേബ്യൻ തലസ്ഥാന നഗരത്തിന്‍റെ മുഖഛായ മാറ്റുന്ന റിയാദ് മെട്രോ റെയിൽ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച രാത്രി എട്ടോടെയാണ് ആദ്യഘട്ടത്തിലെ മൂന്ന് ട്രെയിനുകളുടെ സർവിസ് ഉദ്ഘാടനത്തിനായി രാജാവ് സ്വിച്ചോൺ കർമം നിർവഹിച്ചത്. റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ വീഡിയോ വഴി കണ്ട ശേഷമാണ് സൽമാൻ രാജാവ് ഉദ്ഘാടനം നിർവഹിച്ചത്.

സൽമാൻ രാജാവിന്റെ കീഴിലെ ഏറ്റവും വലിയ വികസന കുതിപ്പാണ് ഇതെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ മൂന്നു ട്രാക്കുകളിലാണ് സര്‍വീസ്. മറ്റു മൂന്നു ട്രാക്കുകളില്‍ ഡിസംബര്‍ മധ്യത്തിലായിരിക്കും സര്‍വീസ് നടത്തുക. ടിക്കറ്റ് നിരക്കുകളെ കുറിച്ച് ഉടന്‍ അറിയിപ്പുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഒലയ, ബത്ഹ, അൽ ഹൈർ റൂട്ടായ ബ്ലൂ ലൈൻ, കിങ് അബ്ദുല്ല റോഡിനോട് ചേർന്നുള്ള റെഡ് ലൈൻ, അബ്ദുൽ റഹ്മാൻ ബിൻ ഔഫ്, ശൈഖ് ഹസൻ ബിൻ ഹുസൈൻ എന്നീ റോഡുകളോട് ചേർന്നുള്ള വയലറ്റ് ലൈൻ എന്നിവയിലൂടെയുള്ള ട്രെയിൻ സർവിസിനാണ് തുടക്കം കുറിച്ചത്. ബാക്കി മൂന്ന് ലൈനുകൾ അടുത്തമാസം ട്രാക്കിലാകും. അവശേഷിക്കുന്ന യെല്ലോ, ഓറഞ്ച്, ഗ്രീൻ ലൈനുകളിൽ ഡിസംബർ മധ്യത്തോടെ ട്രെയിനുകൾ ഓടിത്തുടങ്ങും. ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപനമുണ്ടാകും. യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് 20 മുതല്‍ 30 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ആദ്യഘട്ടത്തില്‍ ഓഫറുകളുണ്ടാകും.

ലോകത്തെ ഏറ്റവും വലിയ ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോയാണ് റിയാദ് മെട്രോ. മിക്ക സ്റ്റേഷനുകളും വെയര്‍ഹൗസുകളും സൗരോര്‍ജ്ജമുപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 12 വര്‍ഷം മുമ്പ് 2012 ഏപ്രില്‍ മാസത്തിലാണ് റിയാദ് മെട്രോ പദ്ധതിക്ക് സൗദി മന്ത്രിസഭ അനുമതി നല്‍കിയത്. 2013ല്‍ മൂന്ന് അന്താരാഷ്ട്ര കണ്‍സോര്‍ഷ്യമാണ് 84.4 ബില്യന്‍ റിയാലിലാണ് പദ്ധതി ഏറ്റെടുത്തത്. കോവിഡ് മഹാമാരിയടക്കം നിരവധി വെല്ലുവിളികള്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് മുമ്പിലുണ്ടായിരുന്നു. എല്ലാ ട്രാക്കുകളിലും ട്രെയിന്‍ ഓടിത്തുടങ്ങുന്നതോടെ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് അറുതിയാവുമെന്നാണ് പ്രതീക്ഷ.

Read Also -  ഇത് അപ്ഡേറ്റഡ് വേർഷൻ; മുഖം മിനുക്കി എമിറേറ്റ്സ് എയർലൈൻസ്; എ350 വിമാനം സന്ദർശിച്ച് ശൈഖ് മുഹമ്മദ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios