യുപിഐ ഇടപാട് പരിധിയിൽ മാറ്റം; നികുതി അടയ്ക്കുമ്പോൾ എത്ര രൂപ വരെ അയക്കാമെന്ന് വ്യക്തമാക്കി ആർബിഐ

ആർബിഐയുടെ പുതിയ തീരുമാനത്തിലൂടെ ഉപഭോക്താക്കൾക്ക് നികുതിയിൽ നിന്നും രക്ഷ നേടാം.

UPI Tax Payment Limit Hiked To Rs 5 Lakh Transactions From Rs 1 Lakh

പുതിയ യുപിഐ ഇടപാട് പരിധി പ്രഖ്യാപിച്ച് ആർബിഐ. നികുതി അടയ്ക്കാനുള്ള യുപിഐ ഇടപാട് പരിധിയാണ് ആർബിഐ ഉയർത്തിയിരിക്കുന്നത്. സാധാരണ യുപിഐ ഇടപാടുകളുടെ പരിധിയിൽ മാറ്റമില്ല. യുപിഐ വഴി നികുതി അടയ്ക്കാനുള്ള ഇടപാട് പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ആർബിഐ ഉയർത്തി. ആർബിഐയുടെ മൂന്ന് ദിവസത്തെ ദ്വൈമാസ പണനയ സമിതി യോഗത്തിലാണ് ഇടപാട് പരിധി ഉയർത്താൻ തീരുമാനമായത്.

നികുതി ഇടപാട് പരിധിയിലെ വർധന നികുതിദായകരെ ഉയർന്ന നികുതി ബാധ്യത വേഗത്തിൽ അടച്ചു തീർക്കാൻ സഹായിക്കും. യുപിഐ വഴി നടത്തുന്ന പേയ്‌മെൻ്റുകൾക്ക് സാധാരണയായി അധിക നിരക്കുകളൊന്നും ഈടാക്കില്ല. ഇതാദ്യമായല്ല ആർബിഐ പരിധി ഉയർത്തുന്നത്. 2023 ഡിസംബറിൽ, ചില പ്രത്യേക കാറ്റഗറിയിൽ ഉൾപ്പെടുന്ന സേവനങ്ങളുടെ യുപിഐ ഇടപാട് പരിധി ആർബിഐ ഉയർത്തിയിരുന്നു. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള യുപിഐ പേയ്‌മെന്റ് പരിധി ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷമായാണ് വർധിപ്പിച്ചത്. 

നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വ്യവസ്ഥകൾ പ്രകാരം, സാധാരണ യുപിഐ ഇടപാടിന് 1 ലക്ഷം രൂപ വരെയാണ് പരിധി.  ക്യാപിറ്റൽ മാർക്കറ്റുകൾ, ഇൻഷുറൻസ് തുടങ്ങി ചില പ്രത്യേക വിഭാഗങ്ങൾക്ക് ഇടപാട് പരിധി 2 ലക്ഷം വരെയും ഐപിഒയ്ക്ക് ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെയാണ് പരിധി.

പരിധി ഉയർത്തിയത് കൊണ്ടുള്ള പ്രയോജനം എന്താണ്? 

ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾ നികുതിക്ക് വിധേയമായിരുന്നു. യുപിഐ ഉപയോഗിച്ച് ഒരു വ്യക്തിക്ക് കൈമാറാൻ കഴിയുന്ന പരമാവധി തുകയാണ് ഇത്. ഈ തുകയ്ക്ക് മുകളിലുള്ള ഏതൊരു കൈമാറ്റവും നികുതിക്ക് വിധേയമാകും. ഇതാണ് ആർബിഐ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. നികുതി അടയ്ക്കാൻ ഒരു ലക്ഷത്തിൽ കൂടുതൽ തുക കൈമാറാമെന്നുള്ള തീരുമാനം നികുതിദായകർക്ക് വലിയ സഹായമാകും.

രാജ്യത്ത് കുറ‌ഞ്ഞകാലം കൊണ്ട് വൻ ജനപ്രീതി നേടിയ പേയ്മെന്റ് രീതിയാണ്  യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലേക്ക് ഒന്നിപ്പിക്കുന്ന സംവിധാനമാണ് ഇത്. തടസ്സമില്ലാത്ത പണമിടപാടുകൾ നടത്താൻ യുപിഐ അനുവദിക്കുന്നു. 

 
 

Latest Videos
Follow Us:
Download App:
  • android
  • ios