അഞ്ച് ദിവസം, എത്തിയത് അഞ്ചര ലക്ഷം പേർ; റെക്കോർഡിട്ട് യുപി ഇൻ്റർനാഷണൽ ട്രേഡ് ഷോ
കരകൗശലവസ്തുക്കൾ, സാങ്കേതികവിദ്യ, കൃഷി, തുണിത്തരങ്ങൾ, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്.
നോയിഡ; ഉത്തർപ്രദേശ് സർക്കാരും ഇന്ത്യാ എക്‌സ്‌പോ സെൻ്ററും മാർട്ടും സംയുക്തമായി സംഘടിപ്പിച്ച യുപി ഇൻ്റർനാഷണൽ ട്രേഡ് ഷോ സമാപിച്ചു. സെപ്റ്റംബർ 25 മുതൽ 29 വരെ നടന്ന പരിപാടിയിൽ 5.5 ലക്ഷം പേരാണ് പങ്കെടുത്തത്. 2023 ലെ 3 ലക്ഷം സന്ദർശകരിൽ നിന്നും ഈ വർഷം ഗണ്യമായ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.
കരകൗശലവസ്തുക്കൾ, സാങ്കേതികവിദ്യ, കൃഷി, തുണിത്തരങ്ങൾ, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. ജൈവ കാർഷിക ഉൽപന്നങ്ങൾക്ക് എക്സ്പോയിൽ പ്രത്യേക ഡിമാൻഡ് ഉണ്ടായിരുന്നു, അതേസമയം പരമ്പരാഗത കരകൗശല വസ്തുക്കളായ മൺപാത്രങ്ങൾ, നെയ്ത്ത്, എംബ്രോയ്ഡറി എന്നിവയ്ക്ക് മികച്ച രീതിയിൽ തന്നെ വില്പന ഉണ്ടായിരുന്നു.
സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായ കുതിച്ചുചാട്ടം ഉത്തർപ്രദേശിൽ സംരംഭകത്വ മേഖലയിലേക്കുള്ള വളരുന്ന താല്പര്യത്തെ എടുത്തുകാണിക്കുന്നതാണ്. മികച്ച വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ജില്ലാ തലങ്ങളിൽ സമാനമായ ട്രേഡ് ഷോകൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകൾ സംസ്ഥാന സർക്കാർ പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥവൃന്ദം വ്യക്തമാക്കി. കൂടാതെ, യുപി ഇൻ്റർനാഷണൽ ട്രേഡ് ഷോയുടെ മൂന്നാം പതിപ്പ് അടുത്ത വർഷം സെപ്റ്റംബർ 25 മുതൽ 29 വരെ നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.
എംഎസ്എംഇ, ഖാദി, കുടിൽവ്യവസായം, കൈത്തറി, തുണിത്തര നിർമ്മാണം തുടങ്ങിയവയിൽ മികവ് തെളിയിച്ച വിവിധ യൂണിറ്റുകളുടെ പ്രതിനിധികളെ മന്ത്രി രാകേഷ് സച്ചൻ ആദരിച്ചു. ഷോയുടെ അവസാന ദിവസം, ഓരോ ഹാളിൽ നിന്നുമുള്ള "മികച്ച സ്റ്റാളുകൾ" കണ്ടെത്തി അവാർഡുകൾ നൽകി.
എംഎസ്എംഇ, ഖാദി, കുടിൽവ്യവസായം, കൈത്തറി തുടങ്ങിയ സംരംഭങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് വിദേശ ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിന്റെ ഫലമായി ധാരാളം ഓർഡറുകൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, സിംബാബ്‌വെ, ക്യൂബ, ഈ വർഷത്തെ പങ്കാളി രാജ്യമായ വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങൾ, ഇത്തരം വ്യവസായങ്ങളോട് കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചതായി വ്യവസായികൾ പറഞ്ഞു.