അത്ഭുത നേട്ടത്തിന് കാരണം തക്കാളി! പത്താം ക്ലാസ് തോറ്റ മഹി കോടീശ്വരനായത് 'കണ്ണടച്ച് തുറക്കും വേഗത്തിൽ'
മഹിയുടെ ജീവിതത്തിലേക്ക് കണ്ണോടിച്ചാൽ പത്താം ക്ലാസ് പാസാകാത്തത് ഭാഗ്യമായെന്ന് പറഞ്ഞാലും തെറ്റുണ്ടെന്ന് പറയാനാകില്ല. കാരണം....
ഹൈദരാബാദ്: കൃഷി ചെയ്യാൻ യുവ തലമുറയിൽ പലർക്കും വല്യ മടിയാണ്. അങ്ങനെയുള്ളവർ കണ്ടറിയേണ്ട വാർത്തയാണ് ഹൈദരാബാദിൽ നിന്ന് പുറത്തുവരുന്നത്. തെലങ്കാനയിലെ മേദക്ക് മേഖലയിലെ കൗഡിപ്പള്ളി സ്വദേശിയായ മഹിയെന്ന ബി മഹിപാൽ റെഡ്ഡിയുടെ ജീവിതമാണ് പലർക്കും പാഠമാകുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് മഹി കോടീശ്വരനായി മാറിയതെന്ന് പറഞ്ഞാൽ അതിശയോക്തി ആകില്ല. കാരണം കേവലം ഒരൊറ്റ വിളവെടുപ്പിൽ ഒരു മാസം കൊണ്ടാണ് മഹി കോടീശ്വരനായത്. മഹിയുടെ ജീവിതത്തിലേക്ക് കണ്ണോടിച്ചാൽ പത്താം ക്ലാസ് പാസാകാത്തത് ഭാഗ്യമായെന്ന് പറഞ്ഞാലും തെറ്റുണ്ടെന്ന് പറയാനാകില്ല. കാരണം പത്താം ക്ലാസ് തോറ്റതാണ് മഹിയെ കൃഷിയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.
പഠനത്തിൽ വലിയ ശ്രദ്ധയൊന്നും കാണിക്കാതിരുന്ന മഹി പത്താംക്ലാസിൽ തോറ്റതോടെ പഠനത്തോട് ബൈ പറഞ്ഞ് കൃഷിയിലേക്ക് തിരിയുകയായിരുന്നു. വർഷങ്ങളായി കൃഷി ചെയ്തിരുന്ന മഹിയെന്ന നാൽപതുകാരന് ഇക്കുറിയാണ് ഭാഗ്യം വന്നുകയറിയത്. ഒരൊറ്റ വിളവെടുപ്പിലൂടെ മഹിക്ക് കിട്ടിയത് ഒരു കോടി എൺപത് ലക്ഷം രൂപയാണ്. തക്കാളിക്ക് വലിയ തോതിൽ വില കൂടിയതോടെയാണ് മഹിക്ക് 'ലോട്ടറി'യടിച്ചത്. മൊത്തത്തിൽ തക്കാളിയുടെ വില കൂടിയതും ആന്ധ്രാപ്രദേശില്‍ തക്കാളിയുടെ ലഭ്യത കുറഞ്ഞതും മഹിയക്കമുള്ള തെലങ്കാനയിലെ നിരവധി കർഷകർക്ക് ഗുണം ചെയ്തു എന്ന് പറയാം. ജൂണ്‍ 15 മുതല്‍ ഒരുമാസം കൊണ്ടാണ് മഹിക്ക് 1.8 കോടി രൂപ ലഭിച്ചത്. തക്കാളിയുടെ വില കുതിച്ചുയര്‍ന്നതോടെ കിലോയ്ക്ക് നൂറുരൂപയില്‍ കൂടുതലാണ് മഹിക്ക് ലഭിച്ചത്.
സബ്‌സിഡിയുള്ള തക്കാളി ഓൺലൈനിലും; ഒഎൻഡിസിയുമായി ചർച്ച നടത്തി കേന്ദ്രം
അതേസമയം ഇത്രയും കാലത്തെ കൃഷിയിൽ മഹിക്ക് ഇതാദ്യമായാണ് ഇത്രയും ലാഭം കിട്ടിയത്. കഴിഞ്ഞ വർഷങ്ങളിലെല്ലാം ജീവിച്ച് പോകാൻ പറ്റുന്ന നിലയിലുള്ള വരുമാനം ലഭിച്ചിരുന്നു. എന്നാൽ കൃഷിയുടെ ആദ്യ കാലം മഹിക്ക് അത്ര നല്ലതായിരുന്നില്ല. സ്കൂൾ പഠനം നിർത്തിയ ശേഷം ആദ്യം കൈവെച്ച നെല്‍ക്കൃഷി മഹിക്ക് ലാഭകരമായിരുന്നില്ല. പിന്നീട് പലതരം കൃഷിക്ക് ശേഷമാണ് മഹി തക്കാളി കൃഷിയിലേക്ക് കടന്നത്. ഈ സീസണില്‍ എട്ടേക്കറോളം സ്ഥലത്താണ് തക്കാളി കൃഷി ചെയ്തിരുന്നത്. 25 കിലോയില്‍ അധികം വരുന്ന ഏഴായിരത്തോളം പെട്ടി തക്കാളി ഈ സീസണിൽ ഇതുവരെ വിറ്റെന്നാണ് മഹിയുടെ കണക്ക്. ഇത്രയും ലാഭം കിട്ടിയ സ്ഥിതിക്ക് വരും സീസണുകളിലും തക്കാളി കൃഷിയിൽ കാര്യമായ ശ്രദ്ധ ചെലുത്താനുള്ള നീക്കത്തിലാണ് മഹി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം