വിജയത്തുടർച്ച തേടി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും; എതിരാളികൾ എഫ് സി ഗോവ, മത്സരസമയം, കാണാനുള്ള വഴികൾ
ഒൻപത് കളിയിൽ 11 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് ഒൻപതാമതും എട്ട് കളിയിൽ 12 പോയന്‍റുള്ള ഗോവ ആറാം സ്ഥാനത്തുമാണ്.
കൊച്ചി: ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി ഗോവയെ നേരിടും. കൊച്ചിയിൽ വൈകിട്ട് 7.30നാണ് കളി തുടങ്ങുക. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം കാണാനാകും. തുടർ തോൽവികൾ കുടഞ്ഞെറിഞ്ഞ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും സ്വന്തംകാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോള്‍ മുറിവുകൾ ഏറെ നൽകിയിട്ടുള്ള എഫ് സി ഗോവയ്ക്കെതിരെ ജയം മാത്രമാണ് മഞ്ഞപ്പടയുടെ ലക്ഷ്യം.
ഒൻപത് കളിയിൽ 11 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് ഒൻപതാമതും എട്ട് കളിയിൽ 12 പോയന്‍റുള്ള ഗോവ ആറാം സ്ഥാനത്തുമാണ്. ചെന്നൈയിനെതിരെ മൂന്ന് ഗോൾ നേടിയത് മാത്രമല്ല ആരാധകരെ സന്തോഷിപ്പിക്കുന്നത്. ആദ്യ പകുതിയിൽ ഗോൾവഴങ്ങുന്ന ശീലവും ബ്ലാസ്റ്റേഴ്സ് ഉപേക്ഷിച്ചു. ഒത്തിണക്കത്തോടെ പാസുകൾ നൽകി ആക്രമണം നയിച്ചു. പ്രതിരോധത്തിലെ വിളളലുകൾ അടച്ചു. ഹെസ്യൂസ് ഹിമെന,നോവ സദോയി എന്നിവർക്കൊപ്പം കെ പി രാഹുൽ ആദ്യമായി ഗോൾ പട്ടികയിൽ ഇടംപിടിച്ചു. ഗോൾവലയത്തിന് മുന്നിൽ സച്ചിൻ സുരേഷ് മികച്ച പ്രകടനവുമായി തിരിച്ചെത്തി. ആരാധകർക്ക് ആശ്വസിക്കാനും പ്രതീക്ഷിക്കാനും കാരണങ്ങളേറെ.
ചാമ്പ്യൻസ് ലീഗ്: പെനല്‍റ്റി നഷ്ടമാക്കി കിലിയൻ എംബാപ്പെ; റയലിനെ വീഴ്ത്തി ലിവര്‍പൂൾ
പക്ഷേ സന്ദേശ് ജിംഗാൻ നയിക്കുന്ന ഗോവൻ കടമ്പ മറികടക്കുക ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പം ആയിരിക്കില്ല. നേർക്കുനേർവന്ന 20 കളിയിൽ പതിനൊന്നിലും ജയം ഗോവയ്ക്കൊപ്പം.ബ്ലാസ്റ്റേഴ്സ് ജയിച്ചത് അഞ്ച് കളിയിൽ മാത്രം. നാല് മത്സരം സമനിലയിലായി.
ചെന്നൈക്കെതിരെ പുറത്തെടുത്ത അതേ കളി തന്നെ ഗ്രൗണ്ടില്‍ കാഴ്ചവെക്കാനാണ് ശ്രമിക്കുകയെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് മിഖായേല്‍ സ്റ്റാറെ പറഞ്ഞു. ഗോവ കരുത്തരാണെന്നും വിജയം എളുപ്പമാകില്ലെന്നും കോച്ച് മുന്നറിയിപ്പ് നല്‍കി. അവസാന രണ്ട് കളികളില്‍ കരുത്തരായ ബെംഗളൂരു എഫ് സി, പഞ്ചാബ് എഫ് സി എന്നിവരെ തകര്‍ത്താണ് ഗോവ വരുന്നത്. പക്ഷെ അത് മൂന്നാഴ്ച മുമ്പായിരുന്നുവെന്നും എങ്കിലും കൊച്ചിയിലും വിജയത്തുടര്‍ച്ച തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഗോവയുടെയും ഇന്ത്യൻ ടീമിന്‍റെയും പരിശീലകനായ കോച്ച് മനോലോ മാര്‍ക്വേസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക