യുപിഐ വഴി പണം അയക്കാൻ കഴിയുന്നില്ലേ; ഈ കാര്യങ്ങൾ കൂടി പരിശോധിക്കുക
ആവശ്യത്തിന് പണം കൈവശം ഇല്ലാത്ത സന്ദർഭങ്ങളിൽ യുപിഐ ഇടപാടുകൾ പരാജയപ്പെട്ടാൽ പ്രതിസന്ധിയിലുമാകും. ചിലപ്പോൾ അക്കൗണ്ടിൽ നിന്നും പണം ഡെബിറ്റ് ചെയ്തെങ്കിലും, ഉദ്ദേശിച്ച വ്യക്തിക്ക് പണം കിട്ടാതെയും വരും,
യുപിഐ ഇടപാടുകൾ റെക്കോർഡ് വർധനയിലാണ്. ആളുകൾ സൗകര്യപ്രദമായ ഇടപാട് രീതിയെ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഷോപ്പിംഗ് മാളിലോ, പെട്രോൾ പമ്പിലോ ആയാലും, കയ്യിൽ പണമില്ലെങ്കിൽ, ഓൺലൈൻ മുഖേന അതിവേഗം ഈസിയായി പേയ്‌മെന്റുകൾ പൂർത്തിയാക്കാം. കോവിഡിന് ശേഷമാണു ഇത് കൂടുതൽ ജനപ്രിയമായത്. എന്നാൽ ചിലപ്പോഴൊക്കെ യുപിഐ പണി തരാറുണ്ട്. ആവശ്യത്തിന് പണം കൈവശം ഇല്ലാത്ത സന്ദർഭങ്ങളിൽ യുപിഐ ഇടപാടുകൾ പരാജയപ്പെട്ടാൽ പ്രതിസന്ധിയിലുമാകും. ചിലപ്പോൾ അക്കൗണ്ടിൽ നിന്നും പണം ഡെബിറ്റ് ചെയ്തെങ്കിലും, ഉദ്ദേശിച്ച വ്യക്തിക്ക് പണം കിട്ടാതെയും വരും, ഇത്തരത്തിലുള്ള പലവിധ സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകാം പലർക്കും. യുപിഐ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയാത്തതിന് പലവിധ കാരണങ്ങളുണ്ട്. പേയ്‌മെന്റ് പൂർത്തിയാക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ അറിഞ്ഞുവെയ്ക്കാം
ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക
യുപിഐ പേയ്‌മെന്റുകൾ പരാജയപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് നെറ്റ്‌വർക്ക് കണക്ഷൻ. നെറ്റ് വർക്ക് കണക്ഷൻ മികച്ചതല്ലെങ്കിൽ ഇടപാടുകൾ നടത്താൻ കഴിയില്ല. മൊബൈൽ ഫോൺ ഇന്റർനെറ്റുമായി കൃത്യമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, പണം ട്രാൻസ്ഫർ ചെയ്യുന്നത് തടസ്സപ്പെടുകയോ പരാജയപ്പെടുകയോ ചെയ്യും.
ബാങ്ക് സെർവർ തകരാർ:
പണം അയയ്ക്കുന്നയാളുടെയോ സ്വീകരിക്കുന്നയാളുടെയോ ബാങ്ക് സെർവറുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ പേയ്‌മെന്റുകൾ നടത്തുമ്പോൾ ഒരു പോപ്പ്-അപ്പ് ലഭിക്കും. ഇത്തരം സന്ദർഭങ്ങളിൽ പേയ്മെന്റുകൾ പരാജയപ്പെടുകയാണ് പതിവ്
കൃത്യമായ യുപിഐ പിൻ നൽകുക
ഒരു ഓൺലൈൻ പേയ്‌മെന്റ് നടത്താൻ കൃത്യമായ യുപിഐ പിൻ പ്രധാനമാണ്.. പിൻ കൃത്യമല്ലെങ്കിൽ ഇടപാട് പൂർത്തിയാക്കാൻ കഴിയില്ല.പിൻ മറന്നുപോയാൽ ഫോർഗെറ്റ് യുപിഐ പിൻ ഓപ്ഷൻ തെരഞ്ഞെടുത്ത് പുതിയ പിൻ സെറ്റ് ചെയ്യാം
ബാലൻസ് പരിശോധിക്കുക
അക്കൗണ്ട് ബാലൻസ്: പലപ്പോഴും ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് ബാലൻസിനെക്കുറിച്ച് ധാരണയുണ്ടാകില്ല. മാത്രമല്ല അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക പേയ്‌മെന്റുകൾ നടത്താൻ ശ്രമിക്കുമ്പോഴും ഇടപാട് പൂർത്തിയാക്കാനാകില്ല. അതിനാൽ പേയ്‌മെന്റ് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ബാലൻസ് എപ്പോഴും പരിശോധിക്കുക.
പ്രതിദിന യുപിഐ പേയ്‌മെന്റ് പരിധി പരിശോധിക്കുക:
മിക്ക ബാങ്കുകളും യുപിഐ ഇടപാടുകളുടെ പ്രതിദിന എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. പരിധി കഴിഞ്ഞാൽ ഇടപാടുകൾ നടത്താൻ കഴിയില്ല.
യുപിഐ ഐഡിയുമായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യുക
യുപിഐ പേയ്‌മെന്റുകൾ തടസ്സപ്പെടാനുള്ള ഏറ്റവും പ്രധാനമായ കാരണങ്ങളിലൊന്ന് തിരക്കുള്ള ബാങ്ക് സെർവറുകളാണ്. അത് ഒഴിവാക്കാൻ, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ നിങ്ങളുടെ യുപിഐ ഐഡിയിലേക്ക് ലിങ്ക് ചെയ്യുന്നതാണ് നല്ലത്. അതിനാൽ, നിങ്ങളുടെ ബാങ്കിന്റെ സെർവറുകളിലൊന്ന് തകരാറിലാണെങ്കിൽ, നിങ്ങളുടെ മറ്റൊരു ബാങ്ക് അക്കൗണ്ട് വഴി പേയ്‌മെന്റുകൾ ആരംഭിക്കാം.
സ്വീകർത്താവിന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുക
പണം അയയ്‌ക്കുമ്പോൾ സ്വീകർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും കൃത്യമാണോയെന്ന് പരിശോധിക്കണം. തെറ്റായ ഐഎഫ്‌എസ്‌സി കോഡോ അക്കൗണ്ട് നമ്പറോ പൂരിപ്പിച്ചിട്ടുണ്ടെങ്കിൽ ഇടപാടും പരാജയപ്പടും