ചേലക്കരയിൽ ട്വിസ്റ്റോ? വരവൂർ ആദ്യമെണ്ണും, എൽഡിഎഫിന് കിട്ടേണ്ടത് 2000 ലീഡ്; ഇല്ലെങ്കിൽ അട്ടിമറി സൂചന
എൽഡിഎഫിന് വേണ്ടി മുൻ എംഎൽഎ യു പ്രദീപും യുഡിഎഫിനായി രമ്യ ഹരിദാസും ബിജെപിക്കായി ബാലകൃഷ്ണനും മത്സരിച്ച മണ്ഡലത്തിൽ വാശിയേറിയ പോരാട്ടമാണ് നടന്നത്
തൃശ്ശൂർ: സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണ് ചേലക്കര. ഏറെക്കാലമായി എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷയിലാണ് യുഡിഎഫ്. കുറഞ്ഞത് 2500 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ രമ്യ ഹരിദാസ് വിജയിക്കുമെന്നാണ് യുഡിഎഫ് ക്യാംപിൻ്റെ അവകാശവാദം.
എൽഡിഎഫ് മുൻ എംഎൽഎ യു.ആർ പ്രദീപിനെ നിർത്തിയാണ് മണ്ഡലം നിലനിർത്താൻ ശ്രമിച്ചത്. മണ്ഡലത്തിൽ രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുക. ദേശമംഗലം, ചെറുതുരുത്തി പഞ്ചായത്തുകൾ പിന്നീടെണ്ണും. എൽഡിഎഫിന് വ്യക്തമായ മേൽക്കൈയുള്ള പഞ്ചായത്തുകളാണ് ഇവിടം. വരവൂരിൽ 2000 വും മൂന്ന് പഞ്ചായത്തുകളിലുമായി 10000 വോട്ടിൻ്റെയും ലീഡ് എൽഡിഎഫിന് കിട്ടേണ്ടതുണ്ട്. ഈ ലീഡ് ലഭിച്ചില്ലെങ്കിൽ അത് മണ്ഡലത്തിലെ ജനം കളംമാറ്റുന്നുവെന്നതിന്റെ സൂചനയായി മാറും. ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണനും മണ്ഡലത്തിൽ ഉറച്ച ജയപ്രതീക്ഷയിലാണ്.