Asianet News MalayalamAsianet News Malayalam

ടാറ്റയുടെ ഫാക്ടറിയിലെ തീപ്പിടിത്തം, നെഞ്ചാളി ആപ്പിള്‍; നിര്‍മാണം നിര്‍ത്തിവച്ചു, ആപ്പിളിന്‍റെ പ്ലാന്‍ പൊളിയുമോ

തീപിടുത്ത ബാധിത പ്രദേശത്തോട് ചേര്‍ന്നുള്ള കെട്ടിടങ്ങളിലൊന്ന് ഈ വര്‍ഷം അവസാനത്തോടെ ഐഫോണുകളുടെ അസംബ്ലിംഗ് യൂണിറ്റ് തുടങ്ങാനിരിക്കുകയാണ്.  

Tata iPhone component plant halts production indefinitely after fire
Author
First Published Sep 30, 2024, 5:53 PM IST | Last Updated Sep 30, 2024, 5:53 PM IST

 

തീപിടിത്തത്തെ തുടര്‍ന്ന് ആപ്പിള്‍ ഐഫോണ്‍ ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന തമിഴ്നാട്ടിലെ ടാറ്റ ഇലക്ട്രോണിക്സ് പ്ലാന്‍റില്‍ ഉല്‍പ്പാദനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു. ഇന്ത്യയിലെ ആപ്പിളിന്‍റെ ഐഫോണ്‍ വിതരണത്തെ ബാധിക്കുന്നതാണ് തീരുമാനം. സംഭവത്തെക്കുറിച്ച് ആപ്പിള്‍ പ്രതികരിച്ചിട്ടില്ല. കൃഷ്ണഗിരി ജില്ലയിലെ നാഗമംഗലത്ത് 500 ഏക്കര്‍ സ്ഥലത്താണ് ടാറ്റ ഇലക്ട്രോണിക്സ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ഐ ഫോണിന്‍റെ ഘടകങ്ങള്‍ നിര്‍മിക്കുന്ന ഈ ഫാക്ടറിയില്‍ 20,000 തൊഴിലാളികള്‍ 24 മണിക്കൂറും ജോലി ചെയ്യുന്നു. ഈ ടാറ്റ പ്ലാന്‍റിലെ ജീവനക്കാരില്‍ 80 ശതമാനവും സ്ത്രീകളാണ്. ഐഫോണുകള്‍ക്കായുള്ള ബാക്ക് പാനലുകളും മറ്റ് ചില ഘടകങ്ങളും ആണ് ഇവിടെ നിര്‍മ്മിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ പ്ലാന്‍റിന്‍റെ പ്രധാന യൂണിറ്റില്‍ തീ പിടി്ക്കുകയും അതിവേഗം പടരുകയുമായിരുന്നു.  പത്തിലധികം ഫയര്‍ എഞ്ചിനുകള്‍ 12 മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏകദേശം 400 കോടി രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. കെമിക്കല്‍ ടാങ്ക് സ്ഥിതി ചെയ്യുന്ന ഭാഗത്ത് ചൂട് കൂടിയതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ചൈനയില്‍ നിന്ന് മാറി  ഇന്ത്യ, തായ്ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളിലുള്ള  ഘടക നിര്‍മ്മാണ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍ . തീപിടുത്ത ബാധിത പ്രദേശത്തോട് ചേര്‍ന്നുള്ള കെട്ടിടങ്ങളിലൊന്ന് ഈ വര്‍ഷം അവസാനത്തോടെ ഐഫോണുകളുടെ അസംബ്ലിംഗ് യൂണിറ്റ് തുടങ്ങാനിരിക്കുകയാണ്.  തീ ഈ കെട്ടിടത്തെ ബാധിച്ചോ എന്ന് വ്യക്തമല്ലെങ്കിലും, സംഭവം ആപ്പിളിന്‍റെ ഇന്ത്യയിലെ ഉല്‍പാദന, വിതരണ പദ്ധതികളെ കുറച്ചുകാലത്തേക്കെങ്കിലും വൈകിപ്പിച്ചേക്കാം. ആപ്പിള്‍ അതിന്‍റെ വിതരണ ശൃംഖലയുടെ പകുതിയെങ്കിലും ഇന്ത്യയിലേക്ക് മാറ്റാന്‍ ലക്ഷ്യമിടുകയാണ്.അടുത്ത സാമ്പത്തിക വര്‍ഷം  ആദ്യ പാദത്തില്‍ ഏകദേശം 1 ട്രില്യണ്‍ രൂപയുടെ ഐഫോണുകള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ലോകത്ത് വിറ്റഴിയുന്ന ഐഫോണുകളില്‍ 7 ശതമാനവും ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നത്. 2023ഓടെ ഇത് 25 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. പ്രോ, പ്രോ മാക്സ് ഒഴികെയുള്ള മിക്കവാറും എല്ലാ ഐഫോണുകളും ആപ്പിള്‍ ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നത്. ആപ്പിളിന്‍റെ മൊത്തത്തിലുള്ള വരുമാനത്തില്‍ ഇന്ത്യയുടെ വിപണി വിഹിതം ഏകദേശം 6 ശതമാനമാണ്.  

Latest Videos
Follow Us:
Download App:
  • android
  • ios