അഞ്ച് വർഷത്തിനിടെ പൂട്ടിയത് ഏഴ് വിമാനക്കമ്പനികൾ; കണക്കുകൾ ഇങ്ങനെ
രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏഴ് എയർലൈനുകൾ അടച്ചുപൂട്ടി. പ്രതിസന്ധി നേരിടുന്ന എയർലൈനുകൾ ഉണ്ട്
ദില്ലി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏഴ് എയർലൈനുകൾ അടച്ചുപൂട്ടിയതായി സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിംഗ്. ഹെറിറ്റേജ് ഏവിയേഷൻ, എയർ ഒഡീഷ ഏവിയേഷൻ എന്നിവയുൾപ്പെടെ അഞ്ച് വർഷത്തിനിടെ അടച്ചുപൂട്ടിയതായാണ് കണക്കുകൾ നിലവിൽ രാജ്യത്ത് 11 ഷെഡ്യൂൾഡ് ഓപ്പറേറ്റർമാരും 5 ഷെഡ്യൂൾഡ് കമ്മ്യൂട്ടർ ഓപ്പറേറ്റർമാരുമുണ്ടെന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വി കെ സിംഗ് വ്യക്തമാക്കി.
ALSO READ: നീണ്ട ഇടവേളയ്ക്ക് ശേഷം ഗോ ഫസ്റ്റ് തിരിച്ചുവരുന്നു; നാളെ പ്രവർത്തനമാരംഭിച്ചേക്കും
സർക്കാർ ഡാറ്റ പ്രകാരം, 2023 ജൂലൈ 21 വരെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏഴ് എയർലൈനുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. സക്സസ് എയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഡെക്കാൻ ചാർട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, എയർ ഒഡീഷ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് വിമാനക്കമ്പനികൾ 2020-ൽ അടച്ചുപൂട്ടി. 2019-ൽ ജെറ്റ് എയർവേസ് (ഇന്ത്യ) ലിമിറ്റഡും ജെറ്റ് ലൈറ്റ് (ഇന്ത്യ) ലിമിറ്റഡും അടച്ചുപൂട്ടിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
2022 ഫെബ്രുവരി 13-ന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നൽകിയ ജെറ്റ് എയർവേയ്‌സ് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2019 ഏപ്രിൽ 17-ന് സർവീസ് നിർത്തി. അടച്ചുപൂട്ടലിനുശേഷം, ജെറ്റ് എയർവേസ് പാപ്പരത്വ നടപടികൾക്ക് വിധേയമായിരുന്നു. എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് 2022 മെയ് 20 ന് വീണ്ടും ഇഷ്യൂ ചെയ്‌തെങ്കിലും എയർലൈൻ അതിന്റെ പ്രവർത്തനം ആരംഭിച്ചില്ല, ഈ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് 2023 മെയ് 19 ന് കാലഹരണപ്പെട്ടു
ALSO READ: 'മഹാരാജ'യുടെ ഭരണം അവസാനിക്കും; തഴഞ്ഞ് എയർ ഇന്ത്യ
അതേസമയം പ്രാറ്റ് ആൻഡ് വിറ്റ്നി നിർമ്മിച്ച PW1100G-JM എഞ്ചിനുകൾ ഘടിപ്പിച്ച A320 നിയോ വിമാനങ്ങൾ ഉപയോഗിക്കുന്നത് ഇൻഡിഗോയും ഗോ ഫസ്റ്റ് എയർലൈനുമാണെന്ന് മന്ത്രി പറഞ്ഞു. ഈ എഞ്ചിനുകളുടെ വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ കാരണം ഈ വിമാനങ്ങളിൽ പലതും നിലത്തിറക്കിയിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചതുപോലെ, എഞ്ചിനുകൾ നന്നാക്കാനും ഓവർഹോൾ ചെയ്യാനും ആവശ്യമായ ഹാർഡ്‌വെയറിന്റെ അഭാവമാണ് വിമാനങ്ങൾ നിലത്തിറക്കാനുള്ള കാരണം. ഇത് പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ എല്ലാ ഉപഭോക്താക്കളെയും ബാധിക്കുന്ന ആഗോള പ്രശ്‌നമാണ് എന്ന് വി കെ സിംഗ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം