സീനിയർ സിറ്റിസൺ സേവിംഗ് സ്കീം; സെപ്തംബറിൽ പലിശനിരക്ക് കൂടുമോ; വിശദാംശങ്ങൾ അറിയാം
മുതിർന്ന പൗരൻമാർക്കുള്ള നിക്ഷേപപദ്ധതിയായ സീനിയർ സിറ്റിസൺ സേവിംഗ് സ്കീം ഉൾപ്പെടെയുള്ള ചെറുകിട സമ്പാദ്യപദ്ധതികളുടെ പലിശനിരക്കിൽ നിക്ഷേപകർ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്.
ദില്ലി: നിക്ഷേപപദ്ധതികൾ തുടങ്ങുമ്പോൾ ആകർഷകമായ പലിശനിരക്ക് പ്രധാന ഘടകം തന്നെയാണ്. സീനിയർ സിറ്റിസൺ സേവിംഗ് സ്കീം, എൻഎസ് സി, സുകന്യസമൃദ്ധിയോജന പോലുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ മൂന്ന് മാസം കൂടുമ്പോഴാണ് സർക്കാർ പുതുക്കുന്നത്. സീനിയർ സിറ്റിസൺ സേവിംഗ്സ്നി സ്കീമിൽ അംഗത്വമുള്ളവർ പലിശ നിരക്ക് വർദ്ധനവ് പ്രതീക്ഷിക്കുന്നുമുണ്ട്.
സെപ്റ്റംബർ അവസാനത്തോടെ അടുത്ത പാദത്തിലേക്കുള്ള പലിശ നിരക്ക് കേന്ദ്രധനകാര്യ മന്ത്രാലയം പ്രഖ്യാപിക്കും. ഓരോ സാമ്പത്തിക പാദത്തിലും കേന്ദ്രസർക്കാരാണ് നിക്ഷേപിത്തിനുള്ള പലിശ നിരക്ക് നിശ്ചയിക്കുന്നത്. മുതിർന്ന പൗരൻമാർക്കുള്ള നിക്ഷേപപദ്ധതിയായ സീനിയർ സിറ്റിസൺ സേവിംഗ് സ്കീം ഉൾപ്പെടെയുള്ള ചെറുകിട സമ്പാദ്യപദ്ധതികളുടെ പലിശനിരക്കിൽ നിക്ഷേപകർ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ , സീനിയർ സിറ്റിസൺ സേവിംഗ് സ്കീം, നാഷണൽ സേവിംഗ് സ്കീം തുടങ്ങിയ നിക്ഷേപപദ്ധതികളുടെ പലിശനിരക്കിൽ വരാനിരിക്കുന്ന പാദത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
ജൂലൈ-സെപ്റ്റംബർ പാദത്തിൽ എസ്‌സിഎസ്എസ് അക്കൗണ്ട് പലിശ നിരക്ക് 8.2 ശതമാനമായിത്തന്നെ നിലനിർത്തിയിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ രണ്ട് പാദങ്ങളിൽ നിരക്ക് വർധനവുണ്ടായിരുന്നു. ഏപ്രിൽ-ജൂൺ മാസങ്ങളിൽ എസ്‌സിഎസ്എസ് പലിശ നിരക്ക് 8 ശതമാനത്തിൽ ൽ നിന്ന് 8.2% ആയി ഉയർത്തിയിരുന്നു. 2022-23 സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് പാദത്തിലും വർധനവുണ്ടായിരുന്നു.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
വിരമിക്കൽ വർഷങ്ങളിലെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായകരമാകുന്ന നിശ്ചിത വരുമാനം ഈ സ്‌കീമിലൂടെ നിക്ഷേപകരുടെ കൈകളിലെത്തുന്ന സ്കീമാണിത്. 8.2% പലിശ നിരക്കിൽ, മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും മികച്ച സ്ഥിരവരുമാന ഓപ്ഷനുകളിലൊന്നുകൂടിയാണിത്. നിലവിൽ മിക്ക മുൻനിര ബാങ്കുകളും വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപ പലിശ നിരക്കിനേക്കാൾ മികച്ചതാണിത്.
അഞ്ച് വർഷമാണ് പദ്ധതി കാലാവധി. ആവശ്യമെങ്കിൽ മൂന്ന് വർഷം കൂടി പദ്ധതി കാലാവധി നീട്ടാം. മാത്രമല്ല, ഒരു വർഷം പൂർത്തിയായതിന് ശേഷം പണം പിൻവലിക്കാം, ഇതിനായി പിഴ അടക്കേണ്ടിവരുമെന്ന് മാത്രം. ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. പരമാവധി 30 ലക്ഷം രൂപവരെ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്. സിംഗിൾ ആയും ജോയിന്റ് ആയും അക്കൗണ്ട് തുറക്കാം. 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവിന് യോഗ്യമാണ്.
Read More : ജയിലിൽ നിന്നിറങ്ങി മൂന്നാം ദിവസം അദ്വൈതാശ്രമത്തിൽ മോഷണം; 15 ലേറെ കേസ്, പ്രതി വീണ്ടും പിടിയിൽ