മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മികച്ച പലിശ; എസ്ബിഐ എഫ്ഡി സ്‌കീമുകള്‍ അറിയാം
പ്രതിവര്‍ഷം 8.20 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള സേവിംഗ് സ്‌കീമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീം.
ബാങ്കുകള്‍ പൊതുവെ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഉയര്‍ന്ന പലിശ നിരക്കില്‍ നിരവധി സ്ഥിര നിക്ഷേപ പദ്ധതികള്‍ നടത്തുന്നുണ്ട്. പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയും മുതിര്‍ന്നവര്‍ക്കായി ആകര്‍ഷകമായ പലിശ നിരക്കില്‍ സ്ഥിരനിക്ഷേപ പദ്ധതികള്‍ തുടങ്ങാറുണ്ട്. ഇതില്‍ തന്നെ ചില സ്‌കീമുകള്‍ നിശ്ചിത സമയപരിധിക്ക് ശേഷം അവസാനിപ്പിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുതിര്‍ന്നവര്‍ക്കായുള്ള സ്ഥിരനിക്ഷേപ പദ്ധതികളെക്കുറിച്ചറിയാം.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീം
പ്രതിവര്‍ഷം 8.20 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള സേവിംഗ് സ്‌കീമാണിത്. കുറഞ്ഞത് ആയിരം രൂപ നിക്ഷേപിച്ചു കൊണ്ട് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം. അഞ്ച് വര്‍ഷമാണ് മെച്യൂരിറ്റി കാലയളവ്. ആവശ്യമെങ്കില്‍ നിക്ഷേപകന് മൂന്ന് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാന്‍ കഴിയും. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് സിംഗിള്‍ അക്കൗണ്ടോ ജോയിന്റ് അക്കൗണ്ടോ തുറക്കാം.
എസ്ബിഐ വീകെയര്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് സ്‌കീം
മുതിര്‍ന്ന പൗരന്മാര്‍ക്കായി എസ്ബിഐ അവതരിപ്പിച്ച സ്‌പെഷ്യല്‍ എഫ്ഡിയാണ് ''എസ്ബിഐ വീകെയര്‍''. അഞ്ച് മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് വീ കെയര്‍ പദ്ധതി അനുസരിച്ച് 7.50 ശതമാനമാണ് പലിശനിരക്ക്. ഈ പദ്ധതിയില്‍ സെപ്തംബര്‍ 30 വരെ അക്കൗണ്ട് തുറക്കാം. മുതിര്‍ന്ന പൗരന്മാരുടെ ടേം ഡെപ്പോസിറ്റുകള്‍ക്ക് അധിക പലിശ നല്‍കിക്കൊണ്ട് അവരുടെ വരുമാനം സംരക്ഷിക്കുക എന്നതാണ് ഈ സ്ഥിര നിക്ഷേപ പദ്ധതിയുടെ പ്രധാന ലക്ഷ്യം. എസ്ബിഐ ബ്രാഞ്ച്, ഓണ്‍ലൈന്‍ ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് ആപ്പ് എന്നിവ വഴി സെപ്തംബര്‍ 30 വരെ സ്‌കീമില്‍ അംഗമാകാം.
എസ്ബിഐ അമൃത് കലശ്
400 ദിവസത്തെ ഈ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശനിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 7.60 ശതമാനമാണ് പലിശ. പ്രവാസികള്‍ക്കും പദ്ധതിയില്‍ നിക്ഷേപം നടത്താം. ഗാര്‍ഹിക നിക്ഷേപകര്‍ക്കും എന്‍ആര്‍ഐ നിക്ഷേപകര്‍ക്കും 7.60% പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്ബിഐ ബ്രാഞ്ച്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എസ്ബിഐ യോനോ മൊബൈല്‍ ബാങ്കിംഗ് ആപ്പ് എന്നിവ വഴി ഡിസംബര്‍ 31 വരെ സ്‌കീമില്‍ അംഗമാകാം.