പിഴയായി ആർബിഐ നേടിയത് ഒന്നും രണ്ടും കോടിയല്ല; ബാങ്കുകൾ കെട്ടിവെച്ചത് 79 കോടിയോളം രൂപ
ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചുമത്തിയ പിഴകളുടെ എണ്ണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 88% വർദ്ധിച്ചു.
കെവൈസി, ആൻറി മണി ലോണ്ടറിംഗ് എന്നിവ പാലിക്കാത്തതിന്റെ പേരിൽ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചുമത്തിയ പിഴകളുടെ എണ്ണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 88% വർദ്ധിച്ചു. 2023ൽ മാത്രം 261 തവണയാണ് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്.
മൂന്ന് വർഷത്തിനിടെ ആർബിഐ പിഴയിനത്തിൽ 78.6 കോടി രൂപ സമാഹരിച്ചതായി സ്ഥാപനങ്ങൾക്കുള്ള റെഗുലേറ്ററി കംപ്ലയൻസ് കൈകാര്യം ചെയ്യുന്ന ഫിൻടെക് സ്ഥാപനമായ സിഗ്‌സി പറയുന്നു
കമ്പനികൾ അവരുടെ സ്ഥാപനങ്ങളിലെ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിന് എന്തൊക്കെ ചെയ്യണം എന്നതാണ് കെവൈസി, ആൻറി മണി ലോണ്ടറിംഗ് (എഎംഎൽ) എന്നിവയിൽ ഉൾപ്പെടുന്നത്. ഏറ്റവും കൂടുതൽ കെവൈസി, എഎംഎൽ ലംഘനങ്ങള്‍ നടന്നിരിക്കുന്നത് അർബൻ, റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളിൽ ആണ്. അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളിൽ 13.5 കോടിയും റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ 2021 മുതൽ ഈ വർഷം ജനുവരി വരെ 20.13 കോടിയും പിഴ നൽകിയിട്ടുണ്ട്.
അതേസമയം, ഫിൻടെക്കുകളുടെയും എൻബിഎഫ്‌സികളുടെയും ഓഡിറ്റുകൾ സെൻട്രൽ ബാങ്ക് കർശനമാക്കിയതിനാൽ പിഴകളുടെ എണ്ണം കൂടുന്നത് എന്ന റിപ്പോർട്ടുമുണ്ട്. അതായത്, ആർബിഐ ഓഡിറ്റിംഗ് കർശനമാക്കിയതും അതിൻ്റെ വ്യാപ്തി വർദ്ധിപ്പിച്ചതും പിഴകളുടെ എണ്ണത്തിലുണ്ടായ വർധനവിന് കാരണമായി കണക്കാക്കാം