ഒക്ടോബർ ഒന്നിനായി കാത്ത് അനിൽ അംബാനി; ഓഹരി വിപണിയിൽ തിളങ്ങി റിലയൻസ് ഇൻഫ്രാ
കമ്പനി ഇപ്പോൾ ആഭ്യന്തര, അന്തർദേശീയ വിപണികളിൽ നിന്ന് മൂലധനം കണ്ടെത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
റിലയൻസ് ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനിൽ അംബാനി ഒക്ടോബർ ഒന്നിനായി കാത്തിരിക്കുകയാണ് കാരണം എന്താണെന്നല്ലേ... റിലയൻസ് ഇൻഫ്രാസ്ട്രക്ചറിൻ്റെ മാനേജീരിയൽ ബോഡി യോഗം ഒക്ടോബർ 1 നാണു നടക്കുക. ഈ യോഗത്തിൽ ദീർഘകാല സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ബോർഡ് ആലോചിക്കുകയും അംഗീകരിക്കുകയും ചെയ്യും. സെപ്തംബർ 19-ന് നടന്ന ബോർഡ് മീറ്റിംഗിനെത്തുടർന്ന്, കമ്പനി ഇപ്പോൾ ആഭ്യന്തര, അന്തർദേശീയ വിപണികളിൽ നിന്ന് മൂലധനം കണ്ടെത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഒക്ടോബർ ഒന്നിന് ചേരുന്ന യോഗത്തിൽ, ഇക്വിറ്റി ഷെയറുകൾ/ഇക്വിറ്റി-ലിങ്ക്ഡ് സെക്യൂരിറ്റികൾ/ ഇക്വിറ്റി ഷെയറുകളാക്കി മാറ്റാവുന്ന വാറൻ്റുകൾ എന്നിവയിലൂടെ ആഭ്യന്തര ആഗോള വിപണികളിൽ നിന്ന് ദീർഘകാല മൂലധനം സ്വരൂപിക്കുന്നത് പരിഗണിക്കും. ഏകദേശം 12.56 കോടി ഇക്വിറ്റി ഷെയറുകളുടെ പ്രിഫറൻഷ്യൽ ഇഷ്യുവിലൂടെ 3,014 കോടി രൂപ സമാഹരിക്കാൻ തങ്ങളുടെ ബോർഡ് പച്ചക്കൊടി കാട്ടിയതായി റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു.
ഓഹരി വിപണിയില്‍ സമീപകാലത്ത് മിന്നും പ്രകടനം കാഴ്ച വച്ച രണ്ട് കമ്പനികള്‍ അനില്‍ അംബാനിയുടേതാണ്. റിലയന്‍സ് പവറും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും. റിലയന്‍സ് പവര്‍ പൂര്‍ണമായും കട രഹിത കമ്പനിയായി മാറിയതും റിലയന്‍സ് ഇന്‍ഫ്ര 3831 കോടി രൂപയുടെ വായ്പ തിരിച്ചടച്ചതും ആണ് രണ്ട് കമ്പനികളുടേയും ഓഹരികള്‍ക്ക് ഗുണകരമായത്.
3872.04 കോടി രൂപയുടെ കുടിശ്ശിക വായ്പ അടച്ചതായി റിലയന്‍സ് പവര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ഈ വാര്‍ത്തയെത്തുടര്‍ന്ന്, റിലയന്‍സ് പവര്‍ ഓഹരി 5 ശതമാനം ഉയര്‍ന്ന് 32.97 രൂപയിലെത്തി. റിലയന്‍സ് പവര്‍ സ്വകാര്യ മേഖലയിലെ വൈദ്യുതി ഉല്‍പ്പാദന രംഗത്ത് രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നാണ്. കല്‍ക്കരി, വാതകം, ജലവൈദ്യുതി, പുനരുപയോഗ ഊര്‍ജ അധിഷ്ഠിത പദ്ധതികള്‍ വഴി 5300 മെഗാവാട്ട് വൈദ്യുതിയാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്.