ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പോയ പണം അദാനിയുടേതല്ല, അത് ആരുടേത്? അന്വേഷണത്തിൽ പ്രശ്നം മറ്റൊരാൾക്കെന്ന് രാഹുൽ
'അദാനിക്കെതിരെ മോദിക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്നും അന്വേഷണം നടന്നാല്‍ പ്രശ്നമാകുന്നത് അദാനിക്കല്ല, മറ്റാർക്കോ ആണ്'
റായ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്തെത്തി. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിലെ കോൺഗ്രസ് പൊതുസമ്മേളനത്തിനിടെയാണ് മോദിയോട് പുതിയ ചോദ്യങ്ങളുമായി രാഹുൽ രംഗത്തെത്തിയത്. അദാനിക്കെതിരെ എന്തുകൊണ്ടാണ് മോദി അന്വേഷണം നടത്താതെന്നാണ് എല്ലാവരും ചോദിക്കുന്നത്. അദാനിക്കെതിരെ മോദിക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്നും അന്വേഷണം നടന്നാല്‍ പ്രശ്നമാകുന്നത് അദാനിക്കല്ല, മറ്റാർക്കോ ആണെന്നും രാഹുല്‍ ഛത്തിസ്ഗഡിൽ പറഞ്ഞു. അതിസമ്പന്നരായ രണ്ടോ മൂന്നോ പേര്‍ക്ക് വേണ്ടി മാത്രമാണ് മോദി ജോലി ചെയ്യുന്നതെന്നും രാഹുല്‍ വിമർശിച്ചു. ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പോയ പണം അദാനിയുടേത് അല്ലെന്നും അത് മറ്റാരുടേതോ ആണെന്നും പറഞ്ഞ രാഹുൽ, ആ പണം ആരുടേതാണെന്ന് അറിയണമെന്നും വ്യക്തമാക്കി.
അദിവാസികളാണ് ഇന്ത്യയുടെ യഥാർത്ഥ ഉടമകളെന്ന് പറഞ്ഞ രാഹുൽ, ബി ജെ പി നേതാക്കള്‍ ആദിവാസികളെ വനവാസികള്‍ എന്നാണ് വിളിക്കുന്നതെന്നും വിമർശിച്ചു. ബി ജെ പി ആഗ്രഹിക്കുന്നത് വനത്തില്‍ നിന്ന് ആദിവാസികള്‍ പുറത്ത് കടക്കരുതെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഛത്തിസ്ഗഡിൽ കോൺഗ്രസ് സർക്കാർ വാഗ്ധാനങ്ങൾ നിറവേറ്റിയെന്നും സംസ്ഥാനത്ത് അധികാരത്തുടർച്ചയുണ്ടാകുമെന്നും രാഹുൽ ഗാന്ധി പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് ഛത്തിസ്ഗഡിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു.ബി ജെ പി പൊതുസമ്മേളനത്തിൽ പങ്കെടുത്ത ഷാ. സംസ്ഥാന സർക്കാരിനെതിരായ കുറ്റപത്രം പുറത്തിറക്കുകയും ചെയ്തിരുന്നു. സമസ്ത മേഖലകളിലും ഭൂപേഷ് ഭാഗേല്‍ സർക്കാർ അഴിമതി നടത്തിയെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ച് വർഷം ഗാന്ധി കുടുംബത്തിന്‍റെ എ ടി എം ആയാണ് മുഖ്യമന്ത്രി പ്രവർത്തിച്ചത്. പാവപ്പെട്ടവരുടെ പണം ഭാഗേല്‍ കൊള്ളയടിച്ചുവെന്നും ഷാ പറഞ്ഞു. ആദിവാസി വിഭാഗക്കാരുടെ സുരക്ഷ വാഗ്ദാനം ചെയ്ത ഭാഗേല്‍ സർക്കാരിന്‍റെ സമയത്ത് നടന്നത് വ്യാപക മതമാറ്റമെന്നും റായ്പൂരിലെ പൊതുസമ്മേളനത്തില്‍ അമിത് ഷാ ആരോപിച്ചു. ഛത്തീസ്ഗഡില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തുമെന്നും ഷാ പ്രതീക്ഷ പങ്കുവച്ചു. കാർഷിക വായ്പ എഴുതി തള്ളുമെന്ന് വാഗ്ദാനം നല്‍കി ഛത്തീസ്ഗഡില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സർക്കാർ ജനങ്ങളെ പറ്റിച്ചു. എന്നാൽ ബി ജെ പി അങ്ങനെ ജനങ്ങളെ പറ്റിക്കില്ല. ബി ജെ പി അധികാരത്തില്‍ വന്നാല്‍ രണ്ട് വർഷത്തിനുള്ളില്‍ ഛത്തീസ്ഗഡിലെ എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളമെത്തിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം