ആധാർ വിവരങ്ങൾ നൽകിയോ? ഇല്ലെങ്കിൽ ജനപ്രിയ സ്കീം അക്കൌണ്ടുകൾക്ക് പണി, അവസാന തിയതി അറിയാം!
2023 സെപ്തംബർ 30-നകം ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നാണ് ധനമന്ത്രായലത്തിന്റെ അറിയിപ്പിലുള്ളത്.
മികച്ച റിട്ടേൺ ഉറപ്പുവരുത്തുന്നതിനാലും, കേന്ദ്രസർക്കാർ പിന്തുണയുള്ളതിനാലും പോസ്റ്റ് ഓഫീസ് സ്കീമുകൾ പൊതുവെ ജനപ്രിയ സ്കീമുകളാണ്. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് , നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് , തുടങ്ങിയ പോസ്റ്റ് ഓഫീസ് സ്കീമുകൾ പോലുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിൽ അംഗമായിട്ടുളള നിക്ഷേപകർ തങ്ങളുടെ ആധാർ നമ്പർ പോസ്റ്റ് ഓഫീസിലോ അവരുടെ ബാങ്കിലോ സമർപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കാരണം . 2023 സെപ്തംബർ 30-നകം ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നാണ് ധനമന്ത്രായലത്തിന്റെ അറിയിപ്പിലുള്ളത്.
ആധാർ നിർബന്ധം
പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യപദ്ധതികൾക്ക് ആധാർ നിർബന്ധമാക്കിക്കൊണ്ട് മാർച്ച് 31 നാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. നിലവിൽ ലഘുസമ്പാദ്യ പദ്ധതികളിൽ അംഗമായിട്ടുള്ളവർക്ക്, അല്ലെങ്കിൽ നേരത്തെ അക്കൗണ്ട് ഓപ്പൺ ചെയ്തവർക്ക് , 2023 സെപ്തംബർ 30 വരെ സമയമുണ്ട്. 2023 ഏപ്രിൽ 1 മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. അക്കൗണ്ടുള്ള ബാങ്കിലോ, പോസ്റ്റ് ഓഫീസിലോ ആണ് ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകേണ്ടത്.
എന്നാൽ സമയപരിധിക്കുളള്ളിൽ ആധാർ വിവരങ്ങൾ സമർപ്പിച്ചില്ലെങ്കിൽ അത്തരം അക്കൗണ്ടുകൾ മരവിക്കപ്പെടും. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ മരവിപ്പിച്ചാൽ നിക്ഷേപകർക്ക് സുകന്യ സമൃദ്ധി പോലുള്ള അക്കൗണ്ടുകളിലേക്ക് നിക്ഷേപം നടത്താൻ കഴിയില്ല. കൂടാതെ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിൽ കാലാവധി പൂർത്തിയാകുമ്പോൾ തുക ക്രെഡിറ്റ് ചെയ്യപ്പെടില്ല തുടങ്ങിയ പ്രശ്നങ്ങളുമുണ്ടാകും. അനുവദിച്ച സമയപരിധിക്കകം നിക്ഷേപകൻ ആധാർ നമ്പർ നൽകിയില്ലെങ്കിൽ, നിക്ഷേപകൻ ആധാർ നമ്പർ നൽകുന്നതുവരെ അവരവരുടെ അക്കൗണ്ട് പ്രവർത്തനരഹിതമായിരിക്കുമെന്ന് ചുരുക്കം.
ആധാർ സൗജന്യമായി പുതുക്കൽ
ആധാർ കാർഡ് ഉപയോക്താക്കൾക്ക് ആധാർ രേഖകൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തിയ്യതി സെപ്റ്റംബർ 14 വരെയാണ്. ജൂൺ 14 ന് അവസാനിച്ച സമയപരിധി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സെപ്റ്റംബർ 14 വരെ 3 മാസത്തേക്ക് നീട്ടിനിൽകിയതാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം