ബെംഗളൂരുവിൽ ആക്രികൾക്കിടയിൽ 3 മില്യൺ ഡോളർ നോട്ടുകെട്ടുകൾ! കലാശിച്ചത് പാവം സ്ക്രാപ്പ് ഡീലർ കിഡ്നാപ്ഡിങ്ങിൽ !
സംഭവത്തിൽ നോട്ടുകൾ പരിശോധിക്കാൻ ആർബിഐ നോഡൽ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിനെ ചുമതലപ്പെടുത്തുകയായിരുന്നു.
ബെംഗളൂരു: ബെംഗളൂരുവിലെ റെയിൽവേ ട്രാക്കിന് സമീപം ആക്രി സാധനങ്ങൾ ശേഖരിക്കുന്നയാൾക്ക് ലഭിച്ചത് മൂന്ന് മില്യൺ ഡോളറിന്റെ നോട്ടുകെട്ടുകൾ. മാലിന്യം ശേഖരിക്കാനെത്തിയപ്പോൾ കണ്ട നോട്ടുകെട്ടുകൾ ഗാർബേജ് ഡീലർക്ക് കൈമാറുകയും, അദ്ദേഹം അധികൃതർക്ക് കൈമാറുകയും ചെയ്തിരുന്നു. പരിശോധനയിൽ ഇത് വ്യാജ നോട്ടുകളാണെന്ന് കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ നോട്ടുകൾ പരിശോധിക്കാൻ ആർബിഐ നോഡൽ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിനെ ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്നാണ് അവ വ്യാജമാണെന്ന് കണ്ടെത്തിയതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
നോട്ടുകൾ വ്യാജമായി അച്ചടിച്ചതോ ഫോട്ടോസ്റ്റാറ്റ് കോപ്പിയോ ആണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഹെബ്ബാൾ പൊലീസ് അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നവംബർ മൂന്നിനാണ് ബെംഗളൂരുവിൽ ആക്രി ശേഖരിക്കുന്ന ജോലിയിലേർപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശിയായ സലേമാൻ നാഗവാര റെയിൽവേ സ്റ്റേഷനു സമീപം കടലാസിൽ പൊതിഞ്ഞ നിലയിൽ 23 കെട്ടുകളിലായി യുഎസ് ഡോളർ കണ്ടെത്തിയത്.
ഞായറാഴ്ച തന്നെ അദ്ദേഹം സ്ക്രാപ്പ് ഡീലറോടൊപ്പം സാമൂഹിക പ്രവർത്തകനും സ്വരാജ് ഇന്ത്യയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ആർ കലീം ഉള്ളയയോട് കാര്യം പറഞ്ഞ് ഇവ കൈമാറി. ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദയെ കണ്ട ശേഷം ഇവർ കറൻസി നോട്ടുകൾ ഹെബ്ബാൾ പോലീസിനെ ഏൽപ്പിക്കുകയും ആയിരുന്നു. എന്നാൽ ഇതുകൊണ്ട് ഒന്നും അവസാനിച്ചില്ല. പിന്നാലെ നടന്ന സംഭവങ്ങൾ ഒരു സിനിമാക്കഥ പോലെ വിചിത്രമായിരുന്നു.
ആക്രി ശേഖരിക്കുന്നയാളുടെ തൊഴിലുടമയെ തട്ടിക്കൊണ്ടുപോയി
നോട്ടുകൾ പോലീസിന് കൈമാറിയതോടെ സലിമിന് ആശ്വാസമായെങ്കിലും ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു പിന്നീട് അദ്ദേഹത്തെ കാത്തിരിക്കുന്നത്. സലേമാൻ ജോലി ചെയ്തുവന്ന സ്ക്രാപ്പ് ഡീലർ തൗഹിദുൽ ഇസ്ലാം എന്ന ബാപ്പയെ നവംബർ 7 ന് പുലർച്ചെ ഒരു മണിയോടെ അഞ്ചോളം പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി എന്നതായിരുന്നു അത്.
വീട്ടിനകത്ത് കയറിയ രണ്ടുപേർ യുഎസ ഡോളറിനെ കുറിച്ച് ചോദിച്ചു. പൊലീസിന് കൈമാറിയെന്ന് പറഞ്ഞപ്പോൾ, അത് വിശ്വസിക്കാതെ ബാപ്പയെ ബലമായി ഇന്നോവ കാറിൽ കയറ്റിക്കൊണ്ടുപോയെന്നും സ്ക്രാപ്പ് ഡീലറുടെ മകൻ കലീം ഉള്ള പറയുന്നു. അന്നേ ദിവസം രാവിലെ 9.30-ഓടെ മാന്യത ടെക് പാർക്കിന് സമീപമാണ് ബാപ്പയെ ഉപേക്ഷിച്ചത്. ഇതിന് മുമ്പ് സംഘം ആക്രമിച്ചതായും, അവർ കന്നഡയിലും ഹിന്ദിയിലുമാണ് സംസാരിച്ചതെന്ന് ബാപ്പ പറഞ്ഞതായും കലീം ഉള്ള പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം