മൂന്ന് രൂപ വീതം അധികം ഈടാക്കിയെന്ന് സോഷ്യല്‍ മീഡിയയില്‍ പരാതി പ്രളയം; വിശദീകരണവുമായി സ്വിഗ്ഗി

പഴയ ഓര്‍ഡറുകളുടെ ഹിസ്റ്ററി പരിശോധിച്ചപ്പോള്‍ നികുതിയും മറ്റ് ചാര്‍ജുകളും ഉള്‍പ്പെടെ അതില്‍ കാണിച്ചിരിക്കുന്ന തുകയെല്ലാം പൈസയുടെ ഭാഗമില്ലാത്ത പൂര്‍ണ സംഖ്യകളാണെന്ന് കണ്ടെത്തിയെന്നായിരുന്നു ആരോപണം

mass campaign against swiggy alleging charged extra amount of around three rupees in order history afe

ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി ചെറിയ തുക വീതം അധികം തുക ഈടാക്കിയെന്ന പരാതിയില്‍ കമ്പനിയുടെ വിശദീകരണം. ഓര്‍ഡറുകളുടെ തുകയില്‍ മൂന്ന് രൂപയോളം അധികമായി കൂട്ടിച്ചേര്‍ത്ത് തൊട്ടടുത്ത സംഖ്യയിലേക്ക് അഡ്‍ജസ്റ്റ് ചെയ്തിരിക്കുന്നു എന്നായിരുന്നു ആരോപണം. നിരവധിപ്പേര്‍ എക്സിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ മറ്റുള്ളവരും തങ്ങളുടെ സ്വിഗ്ഗി ആപ്പിലെ ഓര്‍ഡര്‍ ഹിസ്റ്ററി പരിശോധിച്ചു. അവര്‍ക്കും ചെറിയ തുകകളുടെ വ്യത്യാസം.

പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് സ്വിഗ്വിക്കെതിരെ ആരോപണം ഉന്നയിച്ചത്. ആപ്പില്‍ നിന്നുള്ള സ്ക്രീന്‍ ഷോട്ടുകളും പലരും  പങ്കുവെച്ചു. സാധാരണ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ സാധനങ്ങളുടെ വിലയും മറ്റ് ചാര്‍ജുകളും കൂട്ടിച്ചേര്‍ക്കുമ്പോള്‍ നിശ്ചിത രൂപയും ഏതാനും പൈസയുമായിരിക്കും അവസാന തുകയായി കാണിക്കുക. എന്നാല്‍ പഴയ ഓര്‍ഡറുകളുടെ ഹിസ്റ്ററി പരിശോധിച്ചപ്പോള്‍ നികുതിയും മറ്റ് ചാര്‍ജുകളും ഉള്‍പ്പെടെ അതില്‍ കാണിച്ചിരിക്കുന്ന തുകയെല്ലാം പൈസയുടെ ഭാഗമില്ലാത്ത പൂര്‍ണ സംഖ്യകളാണെന്ന് കണ്ടെത്തിയത്രെ.  ഇങ്ങനെ പൂര്‍ണ സംഖ്യയാക്കി മാറ്റാന്‍ മിക്ക ഓര്‍ഡറുകള്‍ക്കും മൂന്ന് രൂപയോളം അധികമായി ഈടാക്കിയിരിക്കുന്നതായും പലരും ചൂണ്ടിക്കാട്ടി.

Read also: കണ്ണൂർ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പൊലീസുകാർക്കു നേരെ കൈയ്യേറ്റ ശ്രമവും വാക്കേറ്റവും നടത്തി മദ്യപ സംഘം

ഇത് ഏതാനും പൈസയുടെ ചെറിയൊരു വര്‍ദ്ധനവ് മാത്രമല്ലെന്നും ലക്ഷക്കണക്കിന് ഓര്‍ഡറുകളുടെ കാര്യമാവുമ്പോള്‍ വലിയ തുക തന്നെ ഇത്തരത്തില്‍ കമ്പനി സ്വന്തമാക്കുന്നുണ്ടെന്ന് പലരും ആരോപിച്ചു. തൊട്ടടുത്ത പൂര്‍ണ സംഖ്യയിലേക്ക് ക്രമീകരിക്കാന്‍ ഏതാനും പൈസയുടെ വര്‍ദ്ധനവ് മാത്രം വേണ്ടിയിരുന്ന സ്ഥലങ്ങളിലും മൂന്ന് രൂപയിലധികം ഈടാക്കിയെന്നായിരുന്നു പ്രധാന ആരോപണം. ഇത്തരം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്. 

ഉപഭോക്താക്കളില്‍ നിന്ന് അധികമായി തുക ഈടാക്കിയിട്ടില്ലെന്നും ഓര്‍ഡര്‍ ഹിസ്റ്ററി പരിശോധിക്കുമ്പോള്‍ ഇങ്ങനെ ഏതാനും രൂപയുടെ വര്‍ദ്ധനവ് കാണുന്നത് സാങ്കേതിക തകരാറാണെന്നുമായിരുന്നു കമ്പനിയുടെ വിശദീകരണം. പിന്നാലെ പിഴവ് പരിഹരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ചില ഉപഭോക്താക്കള്‍ക്ക് ഡിസ്കൗണ്ട് തുക തെറ്റായി ആപ്പിലെ ഓര്‍ഡര്‍ ഹിസ്റ്ററിയില്‍  കാണിക്കുന്നുണ്ടെന്നും എന്നാല്‍ അവരില്‍ നിന്ന് ഈടാക്കിയ തുക ശരിയായ തുക തന്നെയാണെന്നും സ്വിഗ്ഗി വിശദീകരിച്ചു. പിഴവ് പരിഹരിച്ചതോടെ ഇപ്പോള്‍  ശരിക്കുമുള്ള തുകയാണ് കാണിക്കുന്നതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios