'വീണ്ടും വല്ല്യേട്ടൻ നിങ്ങളെ കാണാനെത്തുകയാണ്'; വരവറിയിച്ച് 'അറയ്ക്കൽ മാധവനുണ്ണി'
2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു.
വല്ല്യേട്ടൻ സിനിമയുടെ രണ്ടാം വരവ് അറിയിച്ച് നടൻ മമ്മൂട്ടി. റി റിലീസിനോട് അനുബന്ധിച്ച് മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ പേജിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 'വല്ല്യേട്ടൻ സിനിമ റിലീസായപ്പോൾ ഒരുപാട് പേർ തിയറ്ററിലും പിന്നീട് ധാരാളം പേർ ടിവിയിലും കണ്ടിട്ടുണ്ട്. അതിനെക്കാൾ കൂടുതൽ ഭംഗിയോടുകൂടി, ശബ്ദ-ദൃശ്യ ഭംഗിയോടുകൂടി ഫോർകെ അറ്റ്മോസിൽ വീണ്ടും വല്ല്യേട്ടൻ നിങ്ങളെ കാണാനെത്തുകയാണ്. ഈ നവംബർ 29ന്', എന്നാണ് മമ്മൂട്ടി വീഡിയോയിൽ പറഞ്ഞത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷൻ ത്രില്ലറുകളിൽ ഒന്നായി അറിയപ്പെടുന്ന സിനിമയാണ് വല്ല്യേട്ടൻ. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് 24 വർഷങ്ങൾക്ക് ശേഷമാണ് പുത്തൻ സാങ്കേതിക മികവിൽ തിയറ്ററിൽ എത്തുന്നത്. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം മാറ്റിനി നൗ ആണ് 4കെ ദൃശ്യമികവോടെയും ഡോൾബി ശബ്ദ സാങ്കേതികവിദ്യയോടെയും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിക്കുന്നത്.
2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. ശോഭന, സിദ്ദിഖ്, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമായിരുന്നു. കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ ഒരുപാട് കലാകാരന്മാരെ വീണ്ടും തിയേറ്ററുകളിൽ കാണുവാനുള്ള ഒരു അവസരം കൂടിയാണ് ഈ റി റിലീസ്.
വൻവിജയമായി മാറിയ പൊന്നിയിൻ സെൽവൻ, ബർഫി, തമാശ, ദശാവതാരം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനായ രവി വർമ്മൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രം കൂടിയാണ് ‘വല്യേട്ടൻ’. നിരവധി ഭാഷകളിലെ ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ രാജാമണിയാണ് ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിട്ടുള്ളത് മോഹൻ സിത്താരയാണ്. ചിത്രസംയോജനം നിർവഹിച്ചത് എൽ ഭൂമിനാഥനും കലാസംവിധാനം നിർവഹിച്ചത് ബോബനുമാണ്.
പ്രകടനത്തിൽ ഞെട്ടിക്കാൻ വിജയ് സേതുപതി, ഒപ്പം സൂരിയും മഞ്ജു വാര്യരും; വിടുതലൈ 2 ട്രെയിലർ
ചിത്രത്തിന്റെ സംഗീത സംവിധാനം റീ-മാസ്റ്റർ ചെയ്തിരിക്കുന്നത് ബെന്നി ജോൺസനാണ്. ഡോൾബി അറ്റ്മോസ് മിക്സിംഗ് ചെയ്തത് എം ആർ രാജാകൃഷ്ണൻ, ധനുഷ് നയനാരാണ് സൌണ്ട് ഡിസൈനിംഗ് നിർവഹിച്ചിരിക്കുന്നത്. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് കാർത്തിക് ജോഗേഷ്. ചിത്രത്തിന്റെ റീ-റിലീസിനായി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് നിർവഹിക്കുന്നത് ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ). ടിങ്ങാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് മാർക്കറ്റിംഗ് ഏജൻസി.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം