ഉയർന്ന പലിശയിൽ സ്ത്രീകൾക്കുള്ള സമ്പാദ്യ പദ്ധതി; അപേക്ഷിക്കേണ്ടത് ഇങ്ങനെ
സ്ത്രീകൾക്കോ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരിൽ രക്ഷിതാവിനോ മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് തുറക്കാവുന്നതാണ്. അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക ഇതാണ്.
ഇന്ത്യയിലെ ഓരോ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സർക്കാർ സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. 2023-24 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച ഈ സ്‌കീം 2023 ഏപ്രിൽ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. സ്ത്രീകൾക്കോ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരിൽ രക്ഷിതാവിനോ മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് തുറക്കാവുന്നതാണ്. രണ്ട് വർഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. അത് ത്രൈമാസ അടിസ്ഥാനത്തിൽ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. എംഎസ്എസ്‌സി അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക രണ്ട് ലക്ഷം രൂപയുമാണ്.
പോസ്റ്റ് ഓഫീസിൽ മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് എങ്ങനെ തുറക്കാം
ഘട്ടം 1: പോസ്റ്റ് ഓഫീസ് സന്ദർശിക്കുക
ഘട്ടം 2: അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം പൂരിപ്പിച്ച് സമർപ്പിക്കുക
ഘട്ടം 3: കെവൈസി ഡോക്യുമെന്റ് (ആധാറും പാൻ കാർഡും) നൽകുക.
ഘട്ടം 4: ഡെപ്പോസിറ്റ് തുക അടയ്ക്കുക
നോമിനി
അക്കൗണ്ട് ഉടമയ്ക്ക് കുടുംബാംഗങ്ങളിൽ ആരെയെങ്കിലും നോമിനേറ്റ് ചെയ്യാം. മരണപ്പെട്ടാൽ ഈ തുക അവർക്ക് ലഭിക്കും
പലിശ നിരക്ക്
ഈ സ്കീമിന് കീഴിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് പ്രതിവർഷം 7.5 ശതമാനം പലിശ ലഭിക്കും. മൂന്ന് മാസം കൂടുമ്പോൾ പലിശ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയും ചെയ്യും.
കാലാവധി പൂർത്തിയാകുമ്പോൾ
ഡെപ്പോസിറ്റ് തീയതി മുതൽ രണ്ട് വർഷത്തിന് ശേഷം ഡെപ്പോസിറ്റ് കാലാവധി പൂർത്തിയാകും, അക്കൗണ്ട് ഉടമയ്ക്ക് ആ സമയത്ത് ഫോം-2-ൽ ഒരു അപേക്ഷ സമർപ്പിച്ചുകൊണ്ട് അർഹമായ പണം നേടാം.
ചാർജുകൾ
നേരിട്ട് പോസ്റ്റ് ഓഫീസിൽ എത്തി ചെയ്യുകയാണെങ്കിൽ രസീതിന് 40 രൂപയും ഇ-മോഡിന് 9 രൂപയും പോസ്റ്റ് ഓഫീസ് ഈടാക്കും.
മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് നൽകുന്ന ബാങ്കുകൾ
ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ വനിതാ നിക്ഷേപകർക്കായി മഹിളാ സമ്മാന് സേവിംഗ്സ് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു