വായ്പ എടുത്തവർ നിരാശരാകേണ്ട, പലിശ കുറയും; കുറഞ്ഞാൽ എന്ത് ചെയ്യണം
അധിക കാലം ഇവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. വരുന്ന ഡിസംബര്‍ മാസത്തില്‍ നടക്കാനിരിക്കുന്ന അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചേക്കും
ഭവന - വാഹന വായ്പയ്ക്ക് ഉയര്‍ന്ന പലിശ നല്‍കുന്നവരെ വീണ്ടും നിരാശയിലാക്കുന്നതായിരുന്നു ഇന്ന് പ്രഖ്യാപിച്ച റിസര്‍വ് ബാങ്കിന്‍റെ പുതിയ പണനയം. റിപ്പോ നിരക്കില്‍ മാറ്റമൊന്നും വരുത്താത്ത സാഹചര്യത്തില്‍ വായ്പാ പലിശ നിരക്കിലും കുറവുണ്ടാകില്ല. എന്നാല്‍ അധിക കാലം ഇവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. വരുന്ന ഡിസംബര്‍ മാസത്തില്‍ നടക്കാനിരിക്കുന്ന അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചേക്കും. ഇതിന്‍റെ പ്രതിഫലനം ഭവന-വാഹന വായ്പാ പലിശ നിരക്കിലും ഉണ്ടാകും. അടുത്ത മാസം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കും. സെപ്തംബര്‍ മാസത്തിലും അമേരിക്കയില്‍ പലിശ നിരക്ക് കുറച്ചിരുന്നു. അന്ന് 0.50 ശതമാനം കുറവാണ് യുഎസ് ഫെഡറല്‍ റിസര്‍വ് വരുത്തിയത്. ഇതിന്‍റെ ചുവട് പിടിച്ചാണ് ഇന്ത്യയിലും പലിശ നിരക്ക് കുറയ്ക്കുന്നതിന് അരങ്ങൊരുങ്ങുന്നത്. ഡിസംബറില്‍ മാത്രമല്ല, പണപ്പെരുപ്പ നിരക്ക് താരതമ്യേന സുരക്ഷിതമായി തുടരുകയാണെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം ഒരു തവണ കൂടി റിസര്‍വ് ബാങ്ക് പലിശ കുറച്ചേക്കും. അര ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്.
പലിശ കുറഞ്ഞാല്‍ വായ്പ എടുത്തവര്‍ എന്ത് ചെയ്യണം?
1. പലിശ നിരക്ക് കുറയുകയാണെങ്കില്‍, അത് ഭവന - വാഹന വായ്പ എടുക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും. നിരക്കുകള്‍ കുറയുമ്പോള്‍, അത് വായ്പകളെ രണ്ട് തരത്തില്‍ ബാധിക്കും. പലിശ നിരക്ക് കുറഞ്ഞാലും ഇപ്പോഴടയ്ക്കുന്ന ഇഎംഐ അതേ പടി നിലനിര്‍ത്താം. അത് വഴി വായ്പ വളരെ നേരത്തെ അടച്ചുതീര്‍ക്കാന്‍ സാധിക്കും.
2. മറ്റൊരു വഴി എന്നത് കാലാവധി മാറ്റമില്ലാതെ നിലനിര്‍ത്തി കുറഞ്ഞ ഇഎംഐയിലേക്ക് പോകാം എന്നതാണ്. എന്നാല്‍ ഇത് ആദ്യത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ തുക പലിശയിനത്തില്‍ അടയ്ക്കുന്നിന് ഇടയാക്കും.
പലിശ നിരക്ക് കുറയുന്നത് പ്രയോജനപ്പെടുത്താന്‍ എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക്-ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് (ഋആഘഞ) അടിസ്ഥാനമാക്കിയുള്ള വായ്പയാണ് നിങ്ങളുടേത് എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ബിപിഎല്‍ആര്‍ അല്ലെങ്കില്‍ എംസിഎല്‍ആര്‍ പോലെയുള്ള പഴയ വ്യവസ്ഥയ്ക്ക് കീഴിലാണോ നിങ്ങളുടെ വായ്പ എന്നറിയുന്നതിന് ബാങ്കുമായി ബന്ധപ്പെടണം. എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക്-ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് അല്ലെങ്കില്‍ അതിലേക്ക് മാറ്റുന്നതിന് അപേക്ഷിക്കേണ്ടതുണ്ട്. ഒരു എന്‍ബിഎഫ്സിയില്‍ നിന്നോ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയില്‍ നിന്നോ വായ്പ എടുത്തിട്ടുണ്ടെങ്കില്‍, ഇബിഎല്‍ആറിലേക്ക് മാറാന്‍ സാധിക്കില്ല.
വായ്പ നല്‍കിയ ബാങ്ക് ഉയര്‍ന്ന പലിശ നിരക്കാണ് ഈടാക്കുന്നതെങ്കില്‍, വായ്പ കുറഞ്ഞ നിരക്കിലേക്ക് മാറ്റാന്‍ ബാങ്കിനോട് ആവശ്യപ്പെടാം. കുറഞ്ഞ നിരക്ക് നല്‍കുന്നില്ലെങ്കില്‍ ഭവന വായ്പ റീഫിനാന്‍സ് ചെയ്യുന്നതും പരിഗണിക്കാവുന്നതാണ്.ഒരു പുതിയ ഭവന വായ്പയെടുക്കുന്ന ആളാണെങ്കില്‍, കുറഞ്ഞ പലിശയുടെ ആനുകൂല്യം സ്വയമേവ ലഭിക്കും.