വായ്പാ പലിശ പൊള്ളും, ബാങ്കുകളുടെ പുതിയ പലിശ നിരക്ക് ഇങ്ങനെ
പല വായ്പാ ദാതാക്കളും പലിശ നിരക്ക് കൂട്ടി. പലിശ നിരക്കിൽ മാറ്റം വരുത്തിയവ ഏതെല്ലാമെന്ന് പരിശോധിക്കാം.
പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി ഏറ്റവുമൊടുവിലായി ചേർന്ന അവലോകന യോഗത്തിലും റിപ്പോ നിരക്കിൽ ആർബിഐ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇതോടെ പല വായ്പാ ദാതാക്കളും പലിശ നിരക്ക് കൂട്ടി. പലിശ നിരക്കിൽ മാറ്റം വരുത്തിയവ ഏതെല്ലാമെന്ന് പരിശോധിക്കാം.
എസ്ബിഐ
പലിശ നിരക്ക് 0.10 ശതമാനമാണ് എസ്ബിഐ കൂട്ടിയത്. എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള നിരക്കുകൾ 8.20% മുതൽ 9.1% വരെയായി പുതുക്കി നിശ്ചയിച്ചു. ഒരു ബാങ്കിന് ഉപഭോക്താക്കൾക്ക് വായ്പ നൽകാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എംസിഎൽആർ . ആറ് മാസത്തെ എംസിഎൽആർ 8.85 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്.
ബാങ്ക് ഓഫ് ബറോഡ
ചില കാലയളവുകളിലെ വായ്പാ നിരക്കുകൾ അര ശതമാനം വരെ ബാങ്ക് ഓഫ് ബറോഡ വർദ്ധിപ്പിച്ചു. ഒരു മാസത്തെ നിരക്ക് 8.35% ആണ്. മൂന്ന് മാസത്തെ നിരക്ക് 8.50 ശതമാനമായി ഉയർത്തി. ആറ് മാസത്തെ നിരക്ക് 8.75 ശതമാനമാക്കി
എച്ച്‌ഡിഎഫ്‌സി ബാങ്ക്
എച്ച്‌ഡിഎഫ്‌സി ബാങ്കും പലിശ നിരക്കിൽ അര ശതമാനം വർധന വരുത്തി. പ്രതിമാസ പലിശ 9.10% ൽ നിന്ന് 9.15% ആയി വർദ്ധിച്ചു. മൂന്ന് മാസത്തെ കാലാവധി 9.20% ൽ നിന്ന് 9.25% ആക്കി. ആറ് മാസത്തെ എംസിഎൽആർ 9.35 ശതമാനത്തിൽ നിന്ന് 9.40 ശതമാനമായി ഉയർത്തി.
കാനറ ബാങ്ക്
കാനറ ബാങ്ക് പലിശ അര ശതമാനം വർധിപ്പിച്ചു. ഒരു മാസത്തെ നിരക്ക് 8.35% ആക്കി. മൂന്ന് മാസത്തെ നിരക്ക് 8.45% ആണ്. ആറ് മാസത്തെ നിരക്ക് 8.80%വും ഒരു വർഷത്തെ നിരക്ക് 9 ശതമാനവും ആണ്.
പിഎൻബി
പഞ്ചാബ് നാഷണൽ ബാങ്കും പലിശ നിരക്ക് 0.5 ശതമാനം വർധിപ്പിച്ചു. ഇതോടെ ഒരു മാസത്തെ എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് 8.35% ആയി. മൂന്ന് മാസത്തെ നിരക്ക് 8.55% ആണ്. ഒരു വർഷത്തെ നിരക്ക് 8.90% ആക്കിയിട്ടുണ്ട്
യൂകോ ബാങ്ക്
യുകോ ബാങ്ക് ചില കാലയളവിലെ പലിശ അര ശതമാനം കൂട്ടി. പുതുക്കിയ ആറ് മാസത്തേയും ഒരു വർഷത്തേയും എംസിഎൽആർ ഇപ്പോൾ 8.80 ശതമാനവും 8.95 ശതമാനവും ആണ്.