വെറും 100 രൂപ കൊണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കാം; പദ്ധതിയുമായി എല്‍ഐസി മ്യൂച്വല്‍ ഫണ്ട്
പുതിയ പദ്ധതി നടപ്പിലാക്കിയാല്‍ പ്രതിദിന എസ്ഐപി നിലവിലെ 300 രൂപയില്‍ നിന്ന് 100 രൂപയായും പ്രതിമാസ എസ്ഐപി 1,000 രൂപയില്‍ നിന്ന് 250 രൂപയായും കുറയും
പ്രതിദിനം 100 രൂപ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ കഴിയുന്നവരാണോ നിങ്ങള്‍..? എങ്കിലിതാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ വഴി ഓഹരി വിപണിയില്‍ പ്രതിദിനം 100 രൂപ വീതം നിക്ഷേപിക്കുന്നതിനുള്ള അവസരമൊരുക്കി എല്‍ഐസി മ്യൂച്വല്‍ ഫണ്ട്. മൈക്രോ എസ്ഐപി, ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിപ്പിക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പദ്ധതിയുടെ ഭാഗമായാണ് എല്‍ഐസി രംഗത്തെത്തിയിരിക്കുന്നത്. പുതിയ പദ്ധതി നടപ്പിലാക്കിയാല്‍ പ്രതിദിന എസ്ഐപി നിലവിലെ 300 രൂപയില്‍ നിന്ന് 100 രൂപയായും പ്രതിമാസ എസ്ഐപി 1,000 രൂപയില്‍ നിന്ന് 250 രൂപയായും കുറയും . ത്രൈമാസ എസ്ഐപിക്ക് നിലവിലെ 3,000 രൂപയ്ക്ക് പകരം 750 രൂപ മാത്രം മതി.
ഒക്ടോബര്‍ ആദ്യവാരത്തോടെ പദ്ധതി ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എല്‍ഐസി മ്യൂച്വല്‍ ഫണ്ട് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രവികുമാര്‍ ഝാ പറഞ്ഞു.
എല്‍ഐസി മ്യൂച്വല്‍ ഫണ്ടിന്‍റെ 100 രൂപ പ്രതിദിന എസ്ഐപി ഇനിപ്പറയുന്ന വിഭാഗത്തിലുള്ള ആളുകള്‍ക്ക് അനുയോജ്യമാണ്
കുറഞ്ഞ വരുമാനമുള്ള നിക്ഷേപകര്‍ : പരിമിതമായ വരുമാനമുള്ള വ്യക്തികള്‍ക്ക് ചെറിയ തുക ഉപയോഗിച്ച് നിക്ഷേപം ആരംഭിക്കാം, ചെറിയ തുകയായത് കാരണം നിക്ഷേപം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാം.
യുവ പ്രൊഫഷണലുകള്‍ : കരിയര്‍ ആരംഭിക്കുന്നവര്‍, ചെറിയ തുകകള്‍ പോലും ലാഭിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്ന ഒരു ശീലം വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നവർ എന്നിവർക്ക് ഈ എസ്ഐപി അനുയോജ്യമായിരിക്കും
റീട്ടെയില്‍ ഷോപ്പ് ഉടമകള്‍: ചെറിയ വരുമാനമുള്ള ഷോപ്പ് ഉടമകള്‍ക്കും ഈ നിക്ഷേപ പദ്ധതി അനുയോജ്യമായിരിക്കും,
വീട്ടമ്മമാര്‍, വിരമിച്ചവര്‍ : ഓഹരി മ്യൂച്ച്വല്‍ ഫണ്ടുകളില്‍ ഒരിക്കല്‍ പോലും നിക്ഷേപിച്ചിട്ടില്ലാത്ത വീട്ടമ്മമാര്‍ക്കും വിരമിച്ചവര്‍ക്കും ചെറിയ തുക ഉപയോഗിച്ച് എസ്ഐപികള്‍ ആരംഭിക്കാം.
എന്താണ് എസ്ഐപി
മ്യൂച്വല്‍ ഫണ്ടുകളിലെ ഏറ്റവും ജനപ്രിയമായ നിക്ഷേപ തന്ത്രങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍, അഥവാ എസ്ഐപി. ഒരു വലിയ തുക ഒറ്റയടിക്ക് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് പകരം ചെറിയ തുക വീതം നിക്ഷേപിക്കുന്നതാണ് എസ്ഐപി. എല്ലാ മാസവും ഒരു നിശ്ചിത തീയതിയില്‍ നിക്ഷേപകന്‍റെ സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് മുന്‍കൂട്ടി നിശ്ചയിച്ച തുക ഡെബിറ്റ് ചെയ്യുകയും മ്യൂച്വല്‍ ഫണ്ടിലേക്ക് ഇലക്ട്രോണിക് ആയി ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യുന്നു.