എന്താണ് ഫോം 16? ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഫോം 16 കൈയിലുണ്ടോ; എങ്ങനെ ഡൗൺലോഡ് ചെയ്യാം
ആദായ നികുതി നൽകുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഫോം 16. എന്തുകൊണ്ടാണ് ഫോം-16 ഇത്ര പ്രാധാന്യമർഹിക്കുന്നത്? ഫോം 16 എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയമാണ് ഇത്. ഈ മാസം അവസാനം വരെ മാത്രമേ ഐടിആർ ഫയൽ ചെയ്യാൻ കഴിയൂ. ഇതിനകം തൊഴിലുടമകളിൽ നിന്നും ജീവനക്കാർക്ക് ഫോം-16 ലഭിച്ചിട്ടുണ്ടാകും. ആദായ നികുതി നൽകുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഫോം 16. എന്തുകൊണ്ടാണ് ഫോം-16 ഇത്ര പ്രാധാന്യമർഹിക്കുന്നത്?
എന്താണ് ഫോം 16
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 203 പ്രകാരം ശമ്പളം വാങ്ങുന്ന പ്രൊഫഷണലുകൾക്ക് അവരുടെ തൊഴിലുടമകൾ നൽകുന്ന ഒരു രേഖയാണ് ഫോം 16. ഒരു സാമ്പത്തിക വർഷത്തിൽ ജീവനക്കാരന് സ്ഥാപനമോ തൊഴിലുടമയോ നൽകുന്ന ശമ്പളത്തെക്കുറിച്ചും ശമ്പളത്തിൽ നിന്നും നീക്കം ചെയ്ത ആദായനികുതിയെക്കുറിച്ചുമുള്ള മുഴുവൻ വിശദാംശങ്ങളും ഫോമിൽ അടങ്ങിയിരിക്കുന്നു. ആദായനികുതി നിയമപ്രകാരം, ഓരോ തൊഴിലുടമയും, ശമ്പളം നൽകുന്ന സമയത്ത്, ആ സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിലുള്ള ആദായനികുതി സ്ലാബ് നിരക്കുകളുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന നികുതി കുറയ്ക്കേണ്ടതുണ്ട്
ഫോം 16 എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ആദായനികുതി വകുപ്പിന്റെ കീഴിലുള്ള ഒരു വെബ്സൈറ്റാണ് TRACES, ടിഡിഎസുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും തൊഴിലുടമകൾക്കും നികുതിദായകർക്കും മറ്റ് പ്രസക്തമായ കക്ഷികൾക്കും സേവനങ്ങൾ നൽകുന്നതിനുമാണ് ഇത് പ്രാഥമികമായി ഉപയോഗിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമിലൂടെ, തൊഴിലുടമകൾക്ക് ഫോം 16 ഭാഗം എ & ബി ലഭിക്കും.
TRACES വെബ്സൈറ്റിൽ നിന്ന് ഫോം 16 ഡൗൺലോഡ് ചെയ്യുന്നതിനുള്ള മാർഗം ഇതാ:
ഘട്ടം 1: TRACES വെബ്സൈറ്റ് സന്ദർശിക്കുക https://contents.tdscpc.gov.in/.
ഘട്ടം 2: പുതിയ ഉപയോക്താക്കൾ വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. രജിസ്റ്റർ ചെയ്ത ഉപയോക്താവാണെങ്കിൽ, അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിന് നിങ്ങളുടെ പാൻ കാർഡ് നമ്പറും (യൂസർ ഐഡി) പാസ്‌വേഡും നൽകേണ്ടതുണ്ട്.
ഘട്ടം 3: 'ഡൗൺലോഡുകൾ' എന്ന ടാബിലേക്ക് പോയി 'ഫോം 16' തിരഞ്ഞെടുക്കുക.
ഘട്ടം 4: ഫോമിൻ്റെ തരം തിരഞ്ഞെടുത്ത് ഫോം 16 ആവശ്യമായ സാമ്പത്തിക വർഷം സൂചിപ്പിക്കുക.
ഘട്ടം 5: പാൻ വിവരങ്ങളും മറ്റ് വിശദാംശങ്ങളും പരിശോധിക്കുക.
ഘട്ടം 6: അടുത്തതായി നിങ്ങൾ ടിഡിഎസ് രസീത് നമ്പർ നൽകുകയും ടിഡിഎസ്ൻ്റെ തീയതി തിരഞ്ഞെടുക്കുകയും വേണം.
ഘട്ടം 7: മൊത്തം നികുതി എത്രയാണെന്ന് നൽകുക.(കിഴിവുകൾ ഉൾപ്പടെ)
സ്റ്റെപ്പ് 8: ഡൗൺലോഡ് എന്നതിൽ ക്ലിക്ക് ചെയ്യുക.
ഇതുകൂടാതെ നിങ്ങളുടെ കമ്പനിയുടെ എംപ്ലോയീസ് പോർട്ടലിൽ നിന്ന് നിങ്ങളുടെ ഫോം 16 ഡൗൺലോഡ് ചെയ്യാനും കഴിയും. എങ്ങനെയെന്നത് ഇതാ.
ഘട്ടം 1: ജീവനക്കാരുടെ കമ്പനിയുടെ എംപ്ലോയീസ് പോർട്ടലിൽ ലോഗിൻ ചെയ്യുക
ഘട്ടം 2: നികുതി വിഭാഗത്തിലേക്ക് പോകുക
ഘട്ടം 3: ഫോം 16 ഡൗൺലോഡ് ചെയ്യുക
ഘട്ടം 4: വിശദാംശങ്ങൾ പരിശോധിച്ചുറപ്പിക്കുക, കുറച്ചതും ശേഖരിച്ചതുമായ മൊത്തം നികുതി ചേർക്കുക.