സ്വന്തം ഇഷ്ടങ്ങൾ കൊണ്ട് ഹർഷ നെയ്തെടുത്ത 'ഐറാലൂം' വിജയത്തിന്റെ ചരിത്രമെഴുതുമ്പോൾ
2019ലാണ് ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭമെന്ന സ്വപ്നത്തിലേക്ക് കാലെടുത്തുവെച്ചത്. സഹോദരൻ നിതിൻ രാജിനെയും കൂട്ടുപിടിച്ചു. കോട്ടൺ, ജ്യൂട്ട്, ബാംബൂ, ചിരട്ട, പേപ്പർ തുടങ്ങിയ കൊണ്ടുള്ള ബദൽ ഉൽപ്പന്നങ്ങളിലായിരുന്നു തുടക്കം. ഏറെ അന്വേഷിച്ചാണ് ഭൂമിയിലേക്ക് മടക്കമെന്ന അർത്ഥത്തിൽ ഐറലൂം എന്ന പേര് സ്വീകരിച്ചത്.
ഉയർന്ന വരുമാനമുള്ള ഐടി ജോലി വിട്ടെറിഞ്ഞ് 2019ൽ ഹർഷ സ്വന്തം വഴിയിയൂടെ നടക്കാൻ തുടങ്ങിയപ്പോൾ മുഖം ചുളിച്ചവരും സംശയത്തോടെ അടക്കം പറഞ്ഞവരും നിരവധിയുണ്ടായിരുന്നു. വലിയൊരു സംരംഭത്തിന്റെ തുടക്കമാവും അതെന്ന് അന്ന് ഹർഷ പോലും കരുതിയിരുന്നില്ല. കൃത്യമായ ആസൂത്രണവും പിന്തുണയും ഒന്നിച്ചപ്പോൾ പ്ലാസ്റ്റികിനെതിരായ പോരാട്ടത്തിൽ പുതിയ പാത വെട്ടിത്തുറക്കുകയായിരുന്നു ഹർഷയും ഐറാലൂമും. ക്രമേണ കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് പ്രധാന പ്രവർത്തനങ്ങൾ മാറി. ഇന്ന് അതിലും അപ്പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതികളുണ്ട് കൈയിൽ.
ബാലുശേരിക്കടുത്ത് ഇയ്യാടാണ് ഹർഷയുടെ സ്വദേശം. തിരുവനന്തപുരം മോഹൻദാസ് കോളേജ് ഓഫ് എഞ്ചിനീയറിങിൽ നിന്ന് 2015ൽ ബിരുദം പൂർത്തിയാക്കിയ ശേഷം നാല് വർഷം ഐടി മേഖലയിൽ ജോലി ചെയ്തു. ചെന്നൈയിലും കൊച്ചിയിലും തിരുവനന്തപുരത്തും പ്രവർത്തിച്ചു. അതിന് ശേഷം 2019ലാണ് ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭമെന്ന സ്വപ്നത്തിലേക്ക് കാലെടുത്തുവെച്ചത്. സഹോദരൻ നിതിൻ രാജിനെയും കൂട്ടുപിടിച്ചു. കോട്ടൺ, ജ്യൂട്ട്, ബാംബൂ, ചിരട്ട, പേപ്പർ തുടങ്ങിയ കൊണ്ടുള്ള ബദൽ ഉൽപ്പന്നങ്ങളിലായിരുന്നു തുടക്കം. ഏറെ അന്വേഷിച്ചാണ് ഭൂമിയിലേക്ക് മടക്കമെന്ന അർത്ഥത്തിൽ ഐറലൂം എന്ന പേര് സ്വീകരിച്ചത്.
ചെറുപ്പത്തിലേ വരയ്ക്കുമായിരുന്ന ഹർഷ ഇതിനോടകം ഒറ്റയ്ക്കും അല്ലാതെയും പലയിടത്തും തന്റെ പെയിന്റിങ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ടായിരുന്നു. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലടക്കം പേരെത്തി. ചിത്രങ്ങൾ വരച്ച് വിൽക്കാനുള്ള ധൈര്യം കിട്ടിയതും അങ്ങനെയായിരുന്നു. ഐടി ജോലിക്കൊപ്പം പെയിന്റിങ്സും കസ്റ്റമൈസ്‌ഡ് ഗിഫ്റ്റുകളും വിറ്റതിലൂടെയാണ് പുതിയ സ്റ്റാർട്ട്പ്പിലേക്ക് നീങ്ങാൻ ഹർഷയ്ക്ക് ധൈര്യമായത്. കോട്ടണ്‍ ബാഗുകളില്‍ തുടങ്ങിയ സംരംഭത്തോട് ജനങ്ങള്‍ നല്ല രീതിയില്‍ പ്രതികരിച്ചു. 2019ൽ പ്ലാസ്റ്റിക് നിരോധനം വന്നപ്പോൾ വലിയ സാധ്യത തുറന്നു. തുണി ബാഗുകൾക്ക് ആവശ്യക്കാർ പലമടങ്ങ് വർദ്ധിച്ചു.
'സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമായാണ് പ്രവർത്തനം തുടങ്ങിയത്. മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികളിൽ നിന്ന് തുടക്കത്തിൽ ഓർഡർ വന്നു. നൂറ് ശതമാനം പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളാണ് നൽകുന്നത്. പല കാറ്റഗറികളിൽ ഉൽപ്പന്നങ്ങളുണ്ട്. ഹോം ഡെക്കർ, ഓഫീസ് സ്റ്റേഷനറി,
കോർപറേറ്റ് ഗിഫ്റിങ് തുടങ്ങി പല കാറ്റഗറികളിൽ ഉണ്ട്. നിർമ്മാണത്തിനായി സ്വന്തം യൂണിറ്റിന് പുറമെ വിവിധ സ്ഥലങ്ങലിലുള്ള ചെറിയ യൂണിറ്റുകളുമായും സന്നദ്ധ സംഘടനകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ചാണ് പ്രവർത്തനം - ഹർഷ പറഞ്ഞു.
ചുരുങ്ങിയ കാലം കൊണ്ട് നേട്ടങ്ങൾ
പ്രവർത്തനം തുടങ്ങി അധികം വൈകാതെ നേട്ടങ്ങളുടെ പട്ടികയിൽ ഐറാലൂം ഇടംപിടിച്ചു. യുണൈറ്റഡ് നേഷന്റെ ഡെവലപ്മെന്റ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബെസ്റ്റ് സോഷ്യൽ ഇംപാക്ട് സ്റ്റാർട്ടപ്പായി ഐറാലൂം മാറി. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 സ്റ്റാർട്ടപ്പുകളുടെ പട്ടികയിലാണ് ഈ കമ്പനി ഇടംപിടിച്ചത്. സ്റ്റാർട്ട്അപ്പ് മിഷൻ, ഐഐഎം കോഴിക്കോട്, ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങിലൊക്കെ ഇൻകുബേഷനും പിന്തുണയും ഹർഷയുടെ കമ്പനിക്ക് ലഭിക്കുന്നുണ്ട്. രണ്ട് ഗ്രാന്റുകളും ഇതിനോടകം ലഭിച്ചു.
വലിയ ലക്ഷ്യങ്ങൾ
ദേശീയ തലത്തിലേക്ക് കമ്പനിയുടെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഹർഷയുടെയും സഹോദരന്റെയും ലക്ഷ്യം. വലിയ വലിയ ഓർഡറുകൾ സ്വീകരിക്കാനും ഉൽപ്പന്നങ്ങൾ കൈമാറാനും ബിസിനസ് വ്യാപിപ്പിക്കാനുമാണ് ലക്ഷ്യം. കേരളത്തിലെ കരകൗശല വിദഗ്ദ്ധരെയും സംസ്ഥാനത്തിന് പുറത്തുള്ളവരെ ഈ സെക്ടറിലെ പണിക്കാരെയും ബന്ധിപ്പിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുക. അരലക്ഷമോ, ഒരു ലക്ഷമോ അതിലധികമോ ഓർഡറുകൾ വന്നാൽ നിഷ്പ്രയാസം അത് ഉപഭോക്താക്കൾക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ഹർഷ പറഞ്ഞു. ബാംബൂ സെക്ടറിൽ കൂടുതൽ ഉൽപ്പന്നങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഇതിലൂടെ കൂടുതൽ പേർക്ക് തൊഴിൽ കൊടുക്കണം. കരകൗശല വിദഗ്ദ്ധരുടെ സഹായത്തോടെ, അവർക്ക് തന്നെ വിപണി ഉറപ്പാക്കാനുള്ള ശ്രമം കൂടിയാണ് ലക്ഷ്യമിടുന്നത്. മുനിസിപ്പൽ കോർപറേഷൻ, സ്വകാര്യ സംരംഭങ്ങളുമൊക്കെയായി ചേർന്ന് പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
വിവാഹത്തിലും മാതൃക
പൂർണമായി ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ഹർഷയുടെ വിവാഹവും മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. തങ്ങളുമായി ബന്ധപ്പെടുന്ന വിവിധ ഗ്രൂപ്പുകളുടെ ഉത്പന്നങ്ങളാണ് അലങ്കാരങ്ങള്‍ക്ക് മുതല്‍ മാലിന്യ സംസ്‍കരണത്തിന് വരെ ഉപയോഗിച്ചത്. ജോലി രാജിവെച്ച് ദൃഢനിശ്ചയത്തോടെ ഹർഷ മുന്നോട്ട് പോയപ്പോൾ അച്ഛനും അമ്മയും എതിർപ്പൊന്നും പറഞ്ഞില്ല. കുടുംബത്തിന്റെ നല്ല പിന്തുണ തനിക്ക് എപ്പോഴുമുണ്ടായിരുന്നുവെന്ന് ഹർഷ പറയുന്നു.
കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക്
കോഴിക്കോട് 2019ല്‍ കോട്ടൺ ബാഗുകളുടെ നിർമാണം ആരംഭിച്ചപ്പോള്‍ കമ്പനി രൂപീകരിച്ചിരുന്നില്ല. ഇന്ന് കമ്പനിയായി മാറിയ സംരംഭത്തിന്റെ പ്രധാന യൂണിറ്റ് ഇപ്പോള്‍ ആലുവയിലാണ്. വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനം. ഐറാലൂമിന്റെ സ്വന്തം വെബ്‍സൈറ്റ് വഴിയും ആമസോണ്‍ ഉള്‍പ്പെടെയുള്ള മറ്റ് അഞ്ചോളം വെബ്സൈറ്റുകളിലൂടെയും പ്ലാറ്റ്ഫോമുകളിലൂടെയും നേരിട്ട് ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്നു. പ്രകൃതിദത്ത ഉത്പന്നങ്ങള്‍ അന്വേഷിച്ചുവരുന്ന ഉപഭോക്താക്കളെയാണ് അവിടങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ഇതിന് പുറമെ കോര്‍പറേറ്റ് കമ്പനികളും ഉത്പന്നങ്ങള്‍ വാങ്ങുന്നു.
പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾക്ക് യുവാക്കൾക്കിടയിൽ ഇപ്പോഴും സ്വീകാര്യത ലഭിച്ചുവരുന്നതേയുള്ളൂ എന്നാണ് ഹർഷയുടെ നിരീക്ഷണം. നേരിട്ട് കണ്ട് ഉത്പന്നങ്ങൾ വാങ്ങാൻ താത്പര്യമുള്ളവർക്കായി ആലുവയില്‍ ആദ്യത്തെ ഇക്കോ സ്റ്റോര്‍ തുറന്നു. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളിലും സ്റ്റോറുകൾ തുറക്കാൻ പദ്ധതിയുണ്ട്.
Read also: വാടക നൽകുന്നതിനേക്കാൾ കുറഞ്ഞ പണം മതി, ക്രൂയിസ് കപ്പലിൽ ലോകം കാണാനൊരുങ്ങി യുവാവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...