പാകിസ്ഥാന് സഹായവുമായി ഐഎംഫ്; കടമായി 7 ബില്യൺ ഡോളർ നൽകും, തകര്‍ച്ചയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം
പാകിസ്ഥാനില്‍ സുസ്ഥിര സാമ്പത്തിക സ്ഥിരത കൊണ്ടുവരിക, പൊതു ധനകാര്യം മെച്ചപ്പെടുത്തുക, പണപ്പെരുപ്പം കുറയ്ക്കുക എന്നിവയാണ് വായ്പാ പരിപാടിയുടെ ലക്ഷ്യമെന്ന് ഐഎംഎഫ് പ്രഖ്യാപനത്തില്‍ പറയുന്നു.
കടക്കെണിയിലായ പാകിസ്ഥാനെ രക്ഷിക്കാന്‍ സഹായവുമായി അന്താരാഷ്ട്ര നാണയ നിധി. പാകിസ്ഥാന് ഏഴ് ബില്യണ്‍ ഡോളറിന്‍റെ പുതിയ വായ്പാ പാക്കേജിന് അന്താരാഷ്ട്ര നാണയ നിധി അംഗീകാരം നല്‍കി. പാകിസ്ഥാന്‍റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് സഹായമെന്ന് ഐഎംഎഫ് അറിയിച്ചു. 1.1 ബില്യണ്‍ ഡോളറിന്‍റെ ആദ്യ ഗഡു ഈ മാസം 30നകം കൈമാറും. രണ്ടാം ഗഡുവും ഇതേ സാമ്പത്തിക വര്‍ഷം തന്നെ ലഭിക്കും. 37 മാസത്തെ എക്സ്റ്റെന്‍ഡഡ് ഫണ്ട് സൗകര്യത്തിന് (ഇഎഫ്എഫ്) ഐഎംഎഫിന്‍റെ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗീകാരം നല്‍കിയതായി പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. 1958 ന് ശേഷം പാക്കിസ്ഥാന് ലഭിക്കുന്ന 25-ാമത്തെ ഐഎംഎഫ് സഹായമാണിത്.
ഐഎംഎഫ് വായ്പയ്ക്ക് പാകിസ്ഥാന്‍ അഞ്ച് ശതമാനം പലിശ നല്‍കണമെന്ന് ധനമന്ത്രാലയത്തെ ഉദ്ധരിച്ച് ദി എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. സഹായം ലഭ്യമാക്കുന്നതിന് മുന്നോടിയായി പാകിസ്ഥാനില്‍ അടിയന്തരമായി നടപ്പാക്കേണ്ട സാമ്പത്തിക പരിഷ്കരണ പദ്ധതികള്‍ ഐഎംഎഫ് നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം കാര്‍ഷിക ആദായ നികുതി പരിഷ്കരിക്കുകയും ചില സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ പ്രവിശ്യകള്‍ക്ക് കൈമാറുകയും ചെയ്യണം. ഇതിന് പുറമേ സബ്സിഡികള്‍ പരിമിതപ്പെടുത്തുമെന്ന് പാകിസ്ഥാന്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.
ഈ സാമ്പത്തിക വര്‍ഷം പാകിസ്ഥാന്‍ ജിഡിപിയുടെ ഒന്നര ശതമാനമായി നികുതി വരുമാനം വര്‍ദ്ധിപ്പിക്കണം. കൃഷി, ചില്ലറ വ്യാപാരം, കയറ്റുമതി മേഖലകള്‍ സാധാരണ നികുതിയുടെ പരിധിയില്‍ കൊണ്ടുവരുകയും വേണം. പാക്കിസ്ഥാനില്‍ സുസ്ഥിര സാമ്പത്തിക സ്ഥിരത കൊണ്ടുവരിക, പൊതു ധനകാര്യം മെച്ചപ്പെടുത്തുക, പണപ്പെരുപ്പം കുറയ്ക്കുക എന്നിവയാണ് വായ്പാ പരിപാടിയുടെ ലക്ഷ്യമെന്ന് ഐഎംഎഫ് പ്രഖ്യാപനത്തില്‍ പറയുന്നു. ഐഎംഎഫിന് പുറമേ ചൈനയും വലിയ തോതിലുള്ള കടം പാക്കിസ്ഥാന് അനുവദിക്കുന്നുണ്ട്.2000 മുതല്‍ 2021 വരെ 67.2 ബില്യണ്‍ ഡോളറാണ് ചൈന പാക്കിസ്ഥാന് നല്‍കിയ കടം. കണക്കുകള്‍ പ്രകാരം, റഷ്യയ്ക്കും വെനസ്വേലയ്ക്കും ശേഷം, ചൈനീസ് വായ്പകള്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാന്‍