മാസം ഒരു ലക്ഷം രൂപ പെൻഷൻ എങ്ങനെ നേടാം?, വിരമിക്കുമ്പോൾ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുള്ള പ്ലാനിതാ...

വിരമിച്ചതിന് ശേഷം പ്രതിമാസം ഒരു ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ അതിനുള്ള നിക്ഷേപം എങ്ങനെ ആസൂത്രണം ചെയ്യണം എന്ന് പരിശോധിക്കാം.

How seniors can secure 1 lakh rupees monthly pension with smart investments after retirement

റിട്ടയര്‍മെന്‍റിന് ശേഷമുള്ള പ്രധാന വരുമാന മാര്‍ഗമാണ് പെന്‍ഷന്‍. വിലക്കയറ്റം കണക്കാക്കുമ്പോള്‍ എത്ര തുക പെന്‍ഷനായി കിട്ടിയാലും തികയാത്ത അവസ്ഥയാണ്. വിരമിച്ചതിന് ശേഷം പ്രതിമാസം ഒരു ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ അതിനുള്ള നിക്ഷേപം എങ്ങനെ ആസൂത്രണം ചെയ്യണം എന്ന് പരിശോധിക്കാം. നിക്ഷേപങ്ങള്‍ക്ക് 8-10% റിട്ടേണ്‍ കണക്കാക്കിയാല്‍, ഒരു ലക്ഷം രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്നതിന് ഏകദേശം 1.2 കോടി മുതല്‍ 1.5 കോടി രൂപ വരെ നിക്ഷേപിക്കേണ്ടിവരും.

പല വ്യക്തികളും  ഉയര്‍ന്ന വരുമാനത്തേക്കാള്‍ അവരുടെ നിക്ഷേപങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നവരാണ്. അത്തരം വ്യക്തികള്‍ക്ക് സ്ഥിര നിക്ഷേപങ്ങള്‍, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, ആര്‍ബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ളവ പരിഗണിക്കാം. എന്നാല്‍ റിസ്ക് എടുക്കാന്‍ തയ്യാറുള്ള, മികച്ച റിട്ടേണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓഹരികള്‍, ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ പരിഗണിക്കാം.

വിരമിച്ചതിന് ശേഷം പ്രതിമാസം ഒരു ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കണമെന്ന ആഗ്രഹമുള്ള, റിസ്ക് എടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് വിവിധ സ്ഥിരനിക്ഷേപങ്ങളില്‍ ഏകദേശം 25 ലക്ഷം രൂപ വരെ നിക്ഷേപിക്കാം, ഈ നിക്ഷേപങ്ങള്‍ക്ക് സ്വകാര്യമേഖലാ ബാങ്കുകളില്‍ 7.75% വരെയും ചെറുകിട ധനകാര്യ ബാങ്കുകളില്‍ 9.5% ത്തില്‍ കൂടുതലും പലിശ ലഭിക്കുന്നുണ്ട് .ഇവയ്ക്ക് പ്രതിമാസം 15,625 രൂപ വീതം പലിശ ലഭിക്കും.ജൂണ്‍-സെപ്റ്റംബര്‍ പാദത്തില്‍ 8.2% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം  ആണ് മറ്റൊരു നിക്ഷേപ മാര്‍ഗം. ഇതില്‍ 30 ലക്ഷം രൂപ നിക്ഷേപിക്കുന്നതിലൂടെ ഓരോ പാദത്തിലും 61,500 രൂപ ലഭിക്കും (പ്രതിമാസം 20,500 രൂപ). ബാങ്ക് എഫ്ഡികളില്‍ നിന്നും എസ്സിഎസ്എസ് നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ വരുമാനത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സെക്ഷന്‍ 80 ടിടിബി പ്രകാരം ഒരു സാമ്പത്തിക വര്‍ഷത്തില്‍ 50,000 രൂപ വരെ നികുതി കിഴിവും ക്ലെയിം ചെയ്യാം.

നിലവില്‍ പ്രതിവര്‍ഷം 8.05% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ആര്‍ബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകള്‍ വഴിയും സ്ഥിരമായ വരുമാനം ഉണ്ടാക്കാം. ഈ ബോണ്ടുകളില്‍ 35 ലക്ഷം രൂപ നിക്ഷേപിക്കുന്നതിലൂടെ, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓരോ ആറ് മാസത്തിലും 1,40,875 രൂപ ലഭിക്കും, അതായത് പ്രതിമാസം 23,479 രൂപ. ഡെറ്റ് ഫണ്ടുകളില്‍ 30 ലക്ഷം രൂപയും നിക്ഷേപിക്കാം. ഈ ഫണ്ടുകള്‍ പ്രതിവര്‍ഷം 6-7% വരുമാനം നല്‍കുന്നു. ഇത് വഴി പ്രതിമാസം 16,865 രൂപ സമ്പാദിക്കാം. പ്രതിവര്‍ഷം 9-11% വരുമാനം നല്‍കുന്ന ബാലന്‍സ്ഡ് ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകളില്‍ 30 ലക്ഷം രൂപ കൂടി നിക്ഷേപിക്കുന്നതും പരിഗണിക്കാം. 10% പലിശ നിരക്കില്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് ഇതില്‍ നിന്ന് 23,732 രൂപ സ്ഥിര പെന്‍ഷന്‍ ലഭിക്കും, അതിനുശേഷം അവര്‍ക്ക് അവരുടെ നിക്ഷേപം തിരികെ ലഭിക്കുകയും ചെയ്യും. ചുരുക്കത്തില്‍, മേല്‍ പറഞ്ഞ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിലൂടെ, മൊത്തം പ്രതിമാസ പെന്‍ഷന്‍ 1,00,201 രൂപ വരെ നേടാം.

മിതമായ റിസ്ക് എടുക്കാന്‍ സാധിക്കുന്ന ഒരു വ്യക്തിക്ക്  പ്രതിമാസം ഒരു ലക്ഷം രൂപ പെന്‍ഷന്‍ നേടാന്‍ എങ്ങനെ നിക്ഷേപം ആസൂത്രണം ചെയ്യണം എന്ന് പരിശോധിക്കാം. ഈ വ്യക്തിക്ക് ഏകദേശം 10 ലക്ഷം രൂപ സ്ഥിരനിക്ഷേപങ്ങള്‍ക്കായി നീക്കിവയ്ക്കാം. ഇതില്‍ നിന്ന് പ്രതിവര്‍ഷം 7.5% വരുമാനം നേടാം. ത്രൈമാസ വരുമാനം 18,750 രൂപ അല്ലെങ്കില്‍ പ്രതിമാസ വരുമാനം 6,250 രൂപ ഇതിലൂടെ ലഭിക്കും. കൂടാതെ, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 20,500 രൂപ പെന്‍ഷന്‍ ലഭിക്കും. ആര്‍ബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ് ബോണ്ടില്‍ 35 ലക്ഷം രൂപ നിക്ഷേപിക്കുന്നതിലൂടെ പ്രതിമാസം 23,479 രൂപ വരുമാനം ലഭിക്കും. ഒരു എസ്ഡബ്ല്യുപി ആരംഭിക്കുന്നതിന് ബാലന്‍സ്ഡ് ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകളില്‍ മറ്റൊരു 35 ലക്ഷം രൂപ നിക്ഷേപിക്കാം. 10% വാര്‍ഷിക റിട്ടേണ്‍ കണക്കാക്കിയാല്‍, ഈ നിക്ഷേപത്തിന് പ്രാരംഭ കോര്‍പ്പസ് നിലനിര്‍ത്തിക്കൊണ്ട് അടുത്ത 20 വര്‍ഷത്തേക്ക് 23,732 രൂപ പ്രതിമാസ വരുമാനം നല്‍കാനാകും. കൂടാതെ ലാര്‍ജ് ക്യാപ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ 30 ലക്ഷം രൂപയുടെ മറ്റൊരു എസ്ഡബ്ല്യുപി ആരംഭിക്കുന്നത്  പരിഗണിക്കാം. 12% വാര്‍ഷിക റിട്ടേണ്‍ കണക്കാക്കിയാല്‍ ഈ നിക്ഷേപത്തിന് അടുത്ത 20 വര്‍ഷത്തേക്ക് 28,198 രൂപ പ്രതിമാസ വരുമാനം ഉണ്ടാക്കാം, 20 വര്‍ഷത്തെ കാലയളവിന് ശേഷം പ്രാരംഭ കോര്‍പ്പസ് തിരികെ ലഭിക്കും. ചുരുക്കത്തില്‍, മൊത്തം 1.35 കോടി രൂപ നിക്ഷേപിച്ചാല്‍ നിക്ഷേപകന് 1,02,159 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും.

ഉയര്‍ന്ന റിസ്ക് എടുക്കാന്‍ ശേഷിയുള്ള ഒരു നിക്ഷേപകന്  ഒരു വലിയ തുക ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് നീക്കിവയ്ക്കാം. 10 ലക്ഷം രൂപ സ്ഥിരനിക്ഷേപങ്ങള്‍ക്കായി നീക്കിവയ്ക്കാം, ഇത് 7.5%  റിട്ടേണ്‍ നല്‍കുന്നു, ഇതില്‍ നിന്നുള്ള പ്രതിമാസ വരുമാനം 6,250 രൂപയായിരിക്കും. കൂടാതെ, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ 30 ലക്ഷം രൂപ നിക്ഷേപിക്കാം, പ്രതിമാസ പെന്‍ഷന്‍ 20,500 രൂപ ഇതിലൂടെ നേടാം. ഇക്വിറ്റി-ഓറിയന്‍റഡ് ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകളില്‍ 30 ലക്ഷം രൂപ നിക്ഷേപിക്കുകയും എസ്ഡബ്ല്യുപി ആരംഭിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു വഴി. 10% വാര്‍ഷിക റിട്ടേണ്‍ കണക്കാക്കിയാല്‍, ഈ നിക്ഷേപത്തിന് അടുത്ത 20 വര്‍ഷത്തേക്ക് 23,732 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. കൂടാതെ, 10% മുതല്‍ 14% വരെ റിട്ടേണ്‍ നല്‍കിയിട്ടുള്ള അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകള്‍, ലാര്‍ജ് ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ ഫ്ലെക്സി-ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയ്ക്കായി  55 ലക്ഷം രൂപ നീക്കിവയ്ക്കാം. 12% വാര്‍ഷിക വരുമാനം കണക്കാക്കിയാല്‍, ഈ നിക്ഷേപത്തിന് അടുത്ത 20 വര്‍ഷത്തേക്ക് 51,696 രൂപ പ്രതിമാസ വരുമാനം നല്‍കാന്‍ കഴിയും. ചുരുക്കത്തില്‍, 1.25 കോടി രൂപയുടെ മൊത്തം നിക്ഷേപ തുകയില്‍, 1,02,178 രൂപ പ്രതിമാസ പെന്‍ഷന്‍ നേടാനാകും.

നിയമപരമായ മുന്നറിയിപ്പ്: മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ, വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി വായിച്ച് മനസിലാക്കുക

Latest Videos
Follow Us:
Download App:
  • android
  • ios