ആഗസ്റ്റിലെ ജിഎസ്ടി വരുമാനം 1.59 ലക്ഷം കോടി രൂപ; 11 ശതമാനം വർധനവ്
ജിഎസ്ടി വരുമാനം വർഷാവർഷം ഉയർന്നെന്നു പറയുമ്പോൾത്തന്നെ, ജൂൺ, ജൂലൈ മാസങ്ങളിൽ പിരിച്ചെടുത്ത തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവുണ്ടായതായും ധനമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം ആഗസ്റ്റിൽ 1.59 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജിഎസ്ടി വരുമാനത്തിൽ 11 ശതമാനം വർധനവുണ്ടായതായി ധനമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. 2022 ഓഗസ്റ്റിൽ 1,43,612 കോടി രൂപയാണ് ജിഎസ്ടിയിനത്തിൽ ലഭിച്ചത്.
ഓഗസ്റ്റിലെ 1.59 ലക്ഷം കോടി രൂപയിൽ, 28,328 കോടി രൂപ കേന്ദ്രജിഎസ്ടിയും, 35,794 കോടി രൂപ സംസ്ഥാന ജിഎസ്ടിയുമാണ്, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത 43,550 കോടി രൂപയുൾപ്പെടെ 83251 കോടി രൂപ സംയോജിത ജിഎസ്ടിയാണ്. സെസ് ഇനത്തിൽ ലഭിച്ചത്
11 695 കോടി രൂപയാണ്.
എന്നാൽ ജിഎസ്ടി വരുമാനം വർഷാവർഷം ഉയർന്നെന്നു പറയുമ്പോൾത്തന്നെ, ജൂൺ, ജൂലൈ മാസങ്ങളിൽ പിരിച്ചെടുത്ത തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവുണ്ടായതായും ധനമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. അതായത് ജൂലായ് മാസത്തെ ജിഎസ്ടി വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ആഗസ്റ്റിലെ ജിഎസ്ടി വരുമാനം കുറവാണ്. ഇന്ത്യയുടെ മൊത്ത ചരക്ക് സേവന നികുതി വരുമാനം ഈ വർഷം ജൂലൈയിൽ 1,65,105 കോടി രൂപയായിരുന്നു.ജൂലൈയിൽ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 15% കൂടുതലാണെന്ന് ധനമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂലായിലെ 1.65 ലക്ഷം രൂപയിൽ നിന്ന് ആഗസ്റ്റ് മാസത്തിലെത്തുമ്പോൾ രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം 1.59 ലക്ഷം കോടി രൂപയായി കുറഞ്ഞു.എന്നാൽ 2022 ആഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ 2023 ആഗസ്റ്റിൽ 11 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്.