എടിഎമ്മിൽ നിന്ന് പിഎഫ് തുക എപ്പോൾ മുതൽ പിൻവലിക്കാം; വലിയ മാറ്റങ്ങളുമായി ഇപിഎഫ്ഒ
ക്ലെയിമുകളുടെ വേഗത്തിലുള്ള തീർപ്പാക്കൽ ഉറപ്പാക്കുകയാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം. നിലവിൽ, പിഎഫ് ക്ലെയിമുകൾ തീർപ്പാക്കാൻ സമയമെടുക്കും,
ദില്ലി: ഏഴ് കോടി പിഎഫ് അക്കൗണ്ട് ഉടമകൾക്ക് ആശ്വസിക്കാം. അധികം വൈകാതെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിന്നുള്ള പണം എടിഎം വഴി നേരിട്ട് പിൻവലിക്കാൻ കഴിയും. ഇതിനായി ഇപിഎഫിന്റെ ഐടി സംവിധാനങ്ങളിൽ മാറ്റം വരുത്തുകയാണെന്ന് തൊഴിൽ മന്ത്രാലയം സെക്രട്ടറി സുമിത്ര ദവ്‌റ പറഞ്ഞു. അടുത്ത വർഷത്തോടെ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോട്ട്.
ഇപിഎഫ്ഒയുടെ ഐടി ഘടനയെ ബാങ്കിംഗ് സംവിധാനത്തിൻ്റെ നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് സുമിത്ര ദവ്‌റ പറഞ്ഞു. 2025 ജനുവരിയോടെ, ഇപിഎഫ്ഒ ഐടി 2.1-ൻ്റെ പുതിയ പതിപ്പ് പുറത്തിറക്കും. ഈ പുതിയ സംവിധാനത്തിന് കീഴിൽ, പിഎഫ് അവകാശികൾക്കും ഗുണഭോക്താക്കൾക്കും ഇൻഷ്വർ ചെയ്ത വ്യക്തികൾക്കും എടിഎം വഴി നേരിട്ട് പണം പിൻവലിക്കാൻ കഴിയും. ഇതിനായി മറ്റൊരാളെ ആശ്രയിക്കേണ്ട ആവശ്യമില്ല.
ക്ലെയിമുകളുടെ വേഗത്തിലുള്ള തീർപ്പാക്കൽ ഉറപ്പാക്കുകയാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം. നിലവിൽ, പിഎഫ് ക്ലെയിമുകൾ തീർപ്പാക്കാൻ സമയമെടുക്കും, എന്നാൽ ഈ പുതിയ സംവിധാനം ഈ പോരായ്മകൾ പരിഹരിക്കുന്നതാണ്.
മുൻപത്തെ ദൈർഘ്യമേറിയ ബാങ്കിങ് നടപടികളിൽ നിന്നും നിലവിൽ ബാങ്കിംഗ് സംവിധാനം ഇടപാടുകൾ എളുപ്പമാക്കിയതുപോലെ, പിഎഫ് പിൻവലിക്കലും ഇനി ലളിതമാകും. ഇതൊരു തുടക്കം മാത്രമാണെന്നും ഭാവിയിൽ, ഇപിഎഫ്ഒയുടെ ഐടി സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുമെന്നും പിഎഫ് അക്കൗണ്ട് ഉടമകൾക്ക് അവരുടെ മൊബൈലിലോ അടുത്തുള്ള എടിഎമ്മിലോ പിഎഫ് പിൻവലിക്കാനുള്ള എല്ലാ സൗകര്യങ്ങളും ലഭിക്കും.
റിട്ടയർമെൻ്റ് കാലത്തേക്കുള്ള വലിയൊരു സമ്പാദ്യമാണ് പ്രൊവിഡൻ്റ് ഫണ്ട്. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ ആണ് ഇന്ത്യയിലെ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് നിയന്ത്രിക്കുന്നത്. ജീവനക്കാരും തൊഴിലുടമകളും പ്രതിമാസം ഈ സ്കീമിലേക്ക് സംഭാവന ചെയ്യുകയും ജീവനക്കാരർക്ക് വിരമിക്കലിന് ശേഷം ഇത് സമ്പാദ്യമായി മാറുകയും ചെയ്യുന്നു. ഒരു മെഡിക്കൽ എമർജൻസിയോ, ലോൺ തിരിച്ചടവോ പോലെ പണത്തിന് അടിയന്തര ആവശ്യം വന്നാൽ പ്രത്യേക കാരണങ്ങൾ കാണിച്ച് പിഎഫ് അക്കൗണ്ടിൽ നിന്ന് പിൻവലിക്കാം.