പനയമ്പാടം അപകടത്തിന് കാരണം മറ്റൊരു ലോറി; സിമന്‍റ് കയറ്റി വന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ചുവെന്ന് ആർടിഒ

പനയമ്പാടം അപകടത്തിന്‍റെ കാരണം മറ്റൊരു ലോറിയാണെന്ന് ആര്‍ടിഒ. അപകടത്തിൽ പെട്ട സിമന്‍റ് കയറ്റി വരുകയായിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ചതോടെയാണ് നിയന്ത്രണം നഷ്ടമായതെന്ന് കണ്ടെത്തൽ. ലോറി കസ്റ്റഡിയിലെടുത്തു

Palakkad lorry accident Panayampadam crucial information accident was caused by another lorry; another lorry hit the lorry carrying cement mvd

പാലക്കാട്: പനയമ്പാടം അപകടത്തിന്‍റെ കാരണം വിശദമാക്കി മോട്ടോര്‍ വാഹന വകുപ്പ്. പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തിന് കാരണം മറ്റൊരു ലോറിയാണെന്ന് ആര്‍ടിഒ പറഞ്ഞു. അപകടത്തിൽ പെട്ട സിമന്‍റ് കയറ്റി വരുകയായിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സിമന്‍റ് കയറ്റിയ ലോറിയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്നും ആര്‍ടിഒ പറഞ്ഞു. മറ്റൊരു ലോറി ഇടിച്ചശേഷം ബ്രേക്ക് ചവിട്ടി ലോറി നിര്‍ത്താൻ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

പാലക്കാടേക്ക് പോവുകയായിരുന്ന ലോറിയാണ് സിമന്‍റ് കയറ്റി വരുകയായിരുന്ന ലോറിയിൽ ഇടിച്ചത്. സിമന്‍റ് കയറ്റി ലോറിയിൽ ഇടിച്ച് അപകടമുണ്ടാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നുവെന്ന സമാനമായ മൊഴിയാണ് ദൃക്സാക്ഷികളും നൽകിയിരുന്നത്. സൈഡ് കൊടുത്തപ്പോള്‍ ഇടിച്ചതാണോയെന്ന കാര്യത്തിൽ ഉള്‍പ്പെടെ കൂടുതൽ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. സംഭവത്തിൽ സിമന്‍റ് കയറ്റിയ ലോറിയിൽ ഇടിച്ച ലോറിയിലെ ഡ്രൈവറെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിമന്‍റ് കയറ്റിയ ലോറിയിൽ മറ്റൊരു ലോറി ഇടിച്ചിരുന്നതായി വ്യക്തമായത്.

അതേസമയം,പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ സിമന്‍റ് കയറ്റിയ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തിൽ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡിൽ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റൽ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നൽകിയിട്ടുണ്ട്. 

ഇരുവരുടെയും രക്ത സാമ്പിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ, അപകടം നടന്ന സ്ഥലത്ത് പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തി. വാഹനത്തിലുള്ള ലോഡിന്‍റെ ഭാരം കൃത്യമായിരുന്നു. മുമ്പ് ഇവിടെ അപകടം നടന്നതിനാൽ ഐഐടി പഠന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത് പനയമ്പാടത്തെ അപകടമേഖലയിലെ പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ദൗര്‍ഭാഗ്യകരമായ അപകടമുണ്ടായത്. 

താത്കാലികമായി ഇവിടത്തെ ട്രാഫിക് നിയന്ത്രിക്കാനുള്ള നടപടിയുണ്ടാകും. മറ്റൊരു വാഹനത്തിൽ ലോറി തട്ടിയാണോ നിയന്ത്രണം വിട്ടതെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ടെന്നും അപകട കാരണം വ്യക്തമായിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിത്. ലോഡ് ചെക്ക് ചെയ്തപ്പോള്‍ അതെല്ലാം ശരിയാണ്. ഓവര്‍ ലോഡ് ഇല്ല. ടയറുകള്‍ക്കും പ്രശ്നമില്ല.  അധികം പഴക്കമില്ലാത്ത വണ്ടിയാണ്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ആര്‍ട്ടിഒ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും അപകടത്തിന് അമിത വേഗത കാരണമായോ എന്ന കാര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്നും പാലക്കാടിന്‍റെ ചുമതലയുള്ള മലപ്പുറം എസ്‍പി വിശ്വനാഥ് പറഞ്ഞു. മറ്റൊരു വാഹനം വന്നപ്പോള്‍ സൈഡ് കൊടുത്തപ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. പ്രതിഷേധം അവസാനിച്ചശേഷം നാളെ മുതൽ വിശദമായ അന്വേഷണം നടത്തുമെന്നും എസ്‍പി പറഞ്ഞു. ഇതിനിടെ, അപകടത്തിൽ മരിച്ച നാല് വിദ്യാര്‍ത്ഥിനികളുടെയും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പനയമ്പാടം അപകടം; ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ, ബ്രേക്ക് ചവിട്ടിയിട്ടും നിയന്ത്രിക്കാനായില്ലെന്ന് മൊഴി

പനയമ്പാടം അപകടം ദൗർഭാഗ്യകരം;അന്വേഷണത്തിന് നിർദേശം നൽകി ഗതാഗത മന്ത്രി, 'ഡ്രൈവർ മദ്യപിച്ചോയെന്ന് പരിശോധിക്കും'

 

Latest Videos
Follow Us:
Download App:
  • android
  • ios