3 ദിവസം മുമ്പ് അനുവദിച്ചെന്ന് മാത്രം! കേന്ദ്ര സർക്കാരിൽനിന്ന്‌ പ്രത്യേക സഹായമെന്ന് പ്രചാരണത്തിൽ ധനകാര്യമന്ത്രി

കേരളത്തിന്‌ അർഹതപ്പെട്ട നികുതി വിഹിതത്തിൽ നവംബറിലെ ഗഢുവാണ്‌ അനുവദിച്ചതെന്ന്‌ ധനകാര്യ മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു. 

Finance Minister s response to the campaign of special help from the central government ppp

തിരുവനന്തപുരം: കേരളത്തിന്‌ കേന്ദ്ര സർക്കാരിൽനിന്ന്‌ പ്രത്യേക  സഹായം അനുവദിച്ചതായുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. കേരളത്തിന്‌ അർഹതപ്പെട്ട നികുതി വിഹിതത്തിൽ നവംബറിലെ ഗഢുവാണ്‌ അനുവദിച്ചതെന്ന്‌ ധനകാര്യ മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്‌ നികുതിയായി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം കേന്ദ്ര ധനകാര്യ കമീഷൻ തീർപ്പിന്റെ അടിസ്ഥാനത്തിലാണ്‌ സംസ്ഥാനങ്ങൾക്കായി പങ്കുവയ്‌ക്കുന്നത്‌. 

പതിനഞ്ചാം ധനകാര്യ കമീഷൻ തീർപ്പ്‌ അനുസരിച്ച്‌ നിലവിൽ കേന്ദ്രത്തിന്‌ ലഭിക്കുന്ന തുകയുടെ 41 ശതമാനമേ സംസ്ഥാനങ്ങൾക്ക്‌ വിഭജിക്കുന്നുള്ളൂ. ഇതിന്റെതന്നെ 1.925 ശതമാനമാണ്‌ കേരളത്തിന്‌ അനുവദിക്കുന്നത്‌. കേരളത്തിനകത്തുനിന്ന്‌ അടക്കം കേന്ദ്ര സർക്കാർ പിരിച്ചെടുക്കുന്ന തുകയിൽനിന്ന്‌ ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്‌ അർഹതപ്പെട്ട തുകയാണിത്‌. 

മാസ ഗഢുക്കളായി അനുവദിക്കുന്ന തുക എല്ലാ മാസവും പത്താം തിയതിയാണ്‌ കേന്ദ്രം വിതരണം ചെയ്യുന്നത്‌. ഇത്തവണ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി മൂന്നുദിവസം മുമ്പെ തുക അനുവദിച്ചുവെന്നുമാത്രം. അത്‌ സംസ്ഥാനം പ്രതീക്ഷിച്ച തുകയിൽനിന്നും കുറവാണ്‌. അതിനെയാണ്‌ കേന്ദ്രം പ്രത്യേക സഹായം അനുവദിച്ചു എന്ന നിലയിൽ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്നതെന്നും ധനകാര്യ മന്ത്രി പറഞ്ഞു.

Read more:'കേരളത്തിലെ ധനപ്രതിസന്ധിയുടെ ഒന്നാംപ്രതി തോമസ് ഐസക്,ഇപ്പോള്‍ കാവി നിറമുള്ള ഫേസ്ബുക്ക് ക്യാപ്‌സ്യൂളിറക്കുന്നു'

അതേസമയം കേന്ദ്ര സർക്കാരിന്റെ അതി തീവ്ര സാമ്പത്തിക അതിക്രമം നേരിടേണ്ടിവരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 57400 കോടി രൂപയുടെ കുറവ് ഇതിലൂടെ സംസ്ഥാനത്തിന്റെ വരുമാനത്തിലുണ്ടായി. കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചത് സംസ്ഥാനത്തിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. എന്തൊക്കെ സംഭവിച്ചാലും സംസ്ഥാന സർക്കാർ ക്ഷേമപദ്ധതികളിൽ നിന്ന് പിന്മാറില്ല. സംസ്ഥാനത്തിന്റെ തനത് വരുമാനം ഉയർത്തും. അനാവശ്യ ചെലവ് കുറച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. നികുതി പിരിവ് ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios