'കണ്ണ് മുഖ്യം ബിഗിലെ'; നേത്രരോഗ മരുന്നുകള്‍ക്ക് 5 മടങ്ങ് അധിക വിൽപ്പന
മറ്റ് മരുന്നുകളേക്കാൾ 5 മടങ്ങ് അധിക വിൽപ്പനയുമായി നേത്രരോഗ മരുന്നുകൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെങ്കണ്ണ് ഉൾപ്പടെയുള്ള വിവിധ നേത്രരോഗങ്ങൾ പിടിപെട്ടത്തിന്റെ പ്രതിഫലനം കൂടിയാണ് ഇത്.
ദില്ലി: രാജ്യത്ത് നേത്രരോഗ മരുന്നിന്റെ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം. തുടർച്ചയായി രണ്ടാം മാസവും വിൽപ്പന ഏകദേശം 30 ശതമാനം ഉയർന്നു. മറ്റ് മരുന്നുകളുടെ വില്പനയെക്കാൾ 5 മടങ്ങ് അധിക വിൽപ്പനയാണ് ഉണ്ടായത്. രാജ്യത്തുടനീളം കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെങ്കണ്ണ് ഉൾപ്പടെയുള്ള വിവിധ നേത്രരോഗങ്ങൾ പിടിപെട്ടത്തിന്റെ പ്രതിഫലനം കൂടിയാണ് ഇത്.
ആഭ്യന്തര ഫാർമ വിപണിയിൽ മൊത്തത്തിലുള്ള വില്പന 6 ശതമാനം ആണ്. ജൂൺ മുതൽ ഫാർമ വിപണി മന്ദഗതിയിലായിരുന്നു. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളെ അപേക്ഷിച്ച് ശ്വാസകോശ സംബന്ധിയായതും അണുബാധ തടയുന്നതും ഉൾപ്പെടെയുള്ള മരുന്നുകളാണ് കൂടുതൽ വിപണിയിൽ വിറ്റത്. കാർഡിയാക്, ഗ്യാസ്ട്രോ മരുന്നുകൾ പോലെയുള്ള മരുന്നുകളുടെ വില്പന ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തി.
ALSO READ: ഇന്ത്യയിലെ ഏറ്റവും ധനികനായ യൂട്യൂബർ; ആദ്യ ശമ്പളം 5000, നിലവിലെ ആസ്തി 122 കോടി
മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഐക്യൂവിഐഎ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒഫ്താൽമോളജിയും ഓട്ടോളജിയും (ചെവി മരുന്ന്) ഡാറ്റ ഒരുമിച്ചാണ് കാണിക്കുന്നതെങ്കിലും, പ്രധാനമായും നേത്ര മരുന്ന് വിൽപ്പനയാണ് കുതിച്ചുചാട്ടത്തിന് കാരണമെന്ന് വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഒഫ്താൽമോളജിയിൽ, മീഥൈൽ സെല്ലുലോസ് 13 ശതമാനം വളർച്ചയോടെ 51 കോടി രൂപയുടെ ഏറ്റവും ഉയർന്ന വിൽപ്പന രേഖപ്പെടുത്തി. കണ്ണ്, ചെവി അണുബാധകൾക്ക് നിർദ്ദേശിക്കപ്പെടുന്ന ഒരു ആൻറിബയോട്ടിക്കാണ് കൂടുതലും വിറ്റഴിഞ്ഞത്.
ALSO READ: മുകേഷ് അംബാനിയും രത്തൻ ടാറ്റയുമല്ല; ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് ആരുടേത്?
ജനപ്രിയ ആൻറിബയോട്ടിക് ഓഗ്‌മെന്റിൻ 76 കോടി രൂപയുടെ വിൽപ്പനയുമായി പട്ടികയിൽ ഒന്നാമതെത്തി, ആന്റി ഡയബറ്റിക് മിക്‌സ്റ്റാർഡ്, ആന്റിബയോട്ടിക് മോണോസെഫ് എന്നിവ തൊട്ടുപിന്നിലാണ്. വിൽപ്പനയിൽ 5 ശതമാനം ഇടിവുണ്ടായെങ്കിലും ഓഗ്‌മെന്റിൻ ഒന്നാം സ്ഥാനത്ത് തുടർന്നു, റീട്ടെയിൽ വിപണിയിൽ ഈ മാസം 8% ഓഹരിയുമായി സൺ ഫാർമ ഒന്നാം സ്ഥാനം നിലനിർത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം