അഭിഭാഷക പരിഷത്തിന്റെ പ്രഭാഷണ പരമ്പരയില്‍ പ്രതിഭാഗം വക്കീല്‍; അംഗത്വം പുതുക്കാതെ രഞ്ജിത്ത് ശ്രീനിവാസിന്റെ ഭാര്യ
രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ പ്രതിഭാഗം അഭിഭാഷകനായിരുന്നു ഇദ്ദേഹം. പരിപാടിയിൽനിന്ന് ഇദ്ദേഹത്തെ ഒഴിവാക്കാൻ സംഘടനാ ഭാരവാഹികളോട് ലിഷ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല
ആലപ്പുഴ: ഭാരതീയ അഭിഭാഷക പരിഷത്തിലെ അംഗത്വം പുതുക്കാതെ ബിജെ പി-ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരിക്കേ കൊല്ലപ്പെട്ട അഡ്വ. രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ അഡ്വ. ലിഷാ രഞ്ജിത്. രഞ്ജിത് ശ്രീനിവാസൻ വധക്കേസിലെ പ്രതികൾക്കുവേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകനെ പരിഷത്തിന്റെ പരിപാടിയിൽ പ്രഭാഷകനായി വിളിച്ചതിനാലാണ് ലിഷ അംഗത്വം പുതുക്കാൻ തയ്യാറാകാത്തത്. അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ ഭാഗമായി ജൂലായ് 22ന് എം കെഡി ഹാളിൽ പ്രഭാഷണം നടത്തിയത് അഡ്വ. ജോൺ എസ് റാൽഫ് ആണ്.
രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ പ്രതിഭാഗം അഭിഭാഷകനായിരുന്നു ഇദ്ദേഹം. പരിപാടിയിൽനിന്ന് ഇദ്ദേഹത്തെ ഒഴിവാക്കാൻ സംഘടനാ ഭാരവാഹികളോട് ലിഷ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവയായിരുന്നു പ്രഭാഷണവിഷയങ്ങൾ. പ്രഭാഷകനെച്ചൊല്ലി ഭാരവാഹികൾക്കിടയിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
പരിഷത്തിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ് രഞ്ജിത്. ലിഷ 19 വർഷമായി അംഗവും. രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി ആലപ്പുഴയിലെ അഭിഭാഷകർ ആരും ഹാജരാകാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് ഹൈക്കോടതിയിൽ നിന്നുള്ള ജോൺ എസ് റാൽഫ് വിചാരണ നടന്ന മാവേലിക്കര കോടതിയിൽ ഹാജരായത്.
Read More... ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ ഖബറടക്കി; അബ്ദുൾ സനൂഫ് എവിടെ? ലുക്ഔട്ട് നോട്ടീസിറക്കി പൊലീസ്
15 പ്രതികൾക്കും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷയാണു വിധിച്ചത്. പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ പ്രവർത്തകരാണ്. 2021 ഡിസംബർ 19നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വെട്ടിക്കൊന്നത്.