കഴിഞ്ഞ 4 വർഷത്തിനിടെ ശമ്പളം വാങ്ങുന്നവരുടെ എണ്ണത്തിൽ കോടികളുടെ വർധന! എസ്‌ബിഐ പഠനം പറയുന്നത്!

കഴിഞ്ഞ 4 വർഷത്തിനിടെ ശമ്പളം വാങ്ങുന്നവരുടെ എണ്ണത്തിൽ 5.2 കോടി പേരുടെ വർധന: എസ്‌ബിഐ പഠനം

EPFO NPS data show 5 crore payrolls addition in last 4 years  SBI study ppp

ദില്ലി: കഴിഞ്ഞ നാലു വർഷത്തിനി​ടെ ശമ്പളപ്പട്ടികയിൽ അധികമായി 5.2 കോടി പേർ ഉൾപ്പെട്ടതായി എസ്‌ബിഐയുടെ പഠനം. പുതുതായി ജോലിക്കെത്തിയ 47 ശതമാനം പേരുൾപ്പെടെയാണിത്. വിരമ‌ിച്ചവർക്കുള്ള ധനസഹായം അനുവദിക്കുന്ന സ്ഥാപനമായ ഇഎഫ്‌പിഒ, പുതിയ പെൻഷൻ സംവിധാനം (എൻ‌പി‌എസ്) എന്നിവയിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് എസ്‌ബിഐ പഠനം. 

'ഇന്ത്യയിലെ ശമ്പളപ്പട്ടിക വിവരങ്ങളിലേക്ക്' എന്ന ശീർഷകത്തിലുള്ള പഠനത്തിൽ ഘോഷ് ആൻഡ് ഘോഷ് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ 2018 ഏപ്രിൽ മുതൽ ഗവണ്മെന്റ് പ്രതിമാസ ശമ്പളപ്പട്ടിക വിവരങ്ങൾ (ഇപിഎഫ്ഒ, എൻപിഎസ്, ഇഎസ്ഐസി) പുറത്തുവിടുന്നു. കഴിഞ്ഞ നാല് വർഷത്തെ ഇപിഎഫ്ഒ ശമ്പളപ്പട്ടിക വിവരങ്ങളുടെ പ്രവണത വിശകലനം ചെയ്താൽ, 2020 സാമ്പത്തിക വർഷം മുതൽ 2023 സാമ്പത്തികവർഷം വരെയുള്ള കാലയളവിൽ മൊത്തം പുതിയ ഇപിഎഫ് വരിക്കാരുടെ എണ്ണം 4.86 കോടി ആയിരുന്നെന്നു കാണാം എന്ന് എസ്‌ബിഐയുടെ സമീപകാല ഗവേഷണ റിപ്പോർട്ടായ  'എക്കോറാപ്പ്' (Ecowrap) പറയുന്നു. ഈ എണ്ണത്തിൽ പുതിയ ശമ്പളക്കാർ, രണ്ടാമത്തെ ശമ്പളക്കാർ (വീണ്ടും ചേർന്നതോ വീണ്ടും വരിക്കാരായതോ ആയ അംഗങ്ങൾ), ഔപചാരികമായ ശമ്പളപ്പട്ടികകൾ എന്നിവ ഉൾപ്പെടുന്നു. 

ഇസിആർ വിവരങ്ങൾ അടിസ്ഥാനമാക്കി വീണ്ടും ചേർന്നതോ വീണ്ടും വരിക്കാരായതോ ആയ അംഗങ്ങൾക്കും ഔപചാരികമാക്കലിനുമായി  ക്രമീകരിച്ച പുതിയ ശമ്പളപ്പട്ടിക (ആദ്യ ജോലി/പുതിയ ജോലി)  കണക്കാക്കി. ഈ കണക്കുകൂട്ടൽ പ്രകാരം, 2020 സാമ്പത്തിക വർഷം മുതൽ 2023 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ യഥാർഥത്തിലുള്ള പുതിയ അറ്റശമ്പളക്കാർ 2.27 കോടി ആയിരുന്നു. പുതിയ മൊത്തം ശമ്പളക്കാരുടെ 47 ശതമാനം ആദ്യമായി ജോലി നേടിയവരാണെന്നും എസ്‌ബിഐ ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് അനുസരിച്ച്, 2023 സാമ്പത്തിക വർഷം അവസാനിച്ച നാലുവർഷ കാലയളവിൽ  വീണ്ടും ചേരുകയും വീണ്ടും വരിക്കാരാകയും ചെയ്ത അംഗങ്ങൾ 2.17 കോടി ആയിരുന്നു. ഈ വർഷങ്ങളിൽ ഔപചാരികവൽക്കരണത്തിന്റെ വർധന 42 ലക്ഷമായിരുന്നു. ഇത് നല്ല കാര്യമാണെന്നും റിപ്പോർട്ട് പറയുന്നു.

2023-24 ലെ ആദ്യ പാദ ഇപിഎഫ്ഒ ശമ്പളപ്പട്ടിക വിവരങ്ങൾ ഈ പ്രവണത പ്രോത്സാഹജനകമാണെന്ന് വെളിപ്പെടുത്തുന്നു. ഇതിനകം 44 ലക്ഷം പുതിയ ഇപിഎഫ് വരിക്കാർ ചേർന്നു. അതിൽ 19.2 ലക്ഷം ആദ്യ ശമ്പളക്കാരായിരുന്നു. ‘ഈ പ്രവണത സാമ്പത്തിക വർഷത്തിലാകെ തുടരുകയാണെങ്കിൽ, 2024 സാമ്പത്തിക വർഷത്തിൽ, പുതിയ അറ്റശമ്പളക്കാർ എക്കാലത്തെയും ഉയർന്ന നിലയിൽ 160 ലക്ഷം കടക്കും. അതിൽ 70-80 ലക്ഷം വരെയാണ് ആദ്യ ശമ്പളക്കാർ’ – റിപ്പോർട്ട് പറയുന്നു.

2022-23 ൽ 8.24 ലക്ഷം പുതിയ വരിക്കാരെ ചേർത്തതായി എൻപിഎസ് സ്ഥിതിവിവരക്കണക്ക് സൂചിപ്പിക്കുന്നു. അതിൽ സംസ്ഥാന ഗവണ്മെന്റിനു കീഴിൽ 4.64 ലക്ഷവും ഗവണ്മെന്റിതര മേഖലയിൽ 2.3 ലക്ഷവും കേന്ദ്ര ഗവണ്മെന്റിൽ 1.29 ലക്ഷവുമാണ് ശമ്പളക്കാർ. കഴിഞ്ഞ 4 വർഷത്തിനിടെ 31 ലക്ഷം പുതിയ വരിക്കാർ എൻപിഎസിൽ ചേർന്നു. 

Read more:  ക്രെഡിറ്റ് കാർഡ് വഴി വാടക നൽകരുത്! കാരണങ്ങൾ ഇവയാണ്

‘2020 - 2023 കാലയളവിൽ ഇപിഎഫ്‌ഒയുടെയും എൻപിഎസിന്റെയും ശമ്പളപ്പട്ടികയിലാകെ 5.2 കോടിയിലധികം പേർ വരും’ – റിപ്പോർട്ടിൽ പറയുന്നു. ആകെ തൊഴിലാളികളുടെ 30 ശതമാനത്തെയെങ്കിലും നിർബന്ധമായും വനിതാ ബാങ്കിങ് കറസ്‌പോൻഡന്റുമാരായി നിയമിക്കുന്നതിന് നയം രൂപവൽക്കരിക്കണമെന്നും ‘എക്കോറാപ്’ പറയുന്നു. ഇതിലൂടെ ലിംഗഭേദം ഒഴിവാക്കാനാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios