സിഇഒ വേഷം മാറി മാളിലെത്തി, ഒടുവില്‍ ഡെലിവറി ഏജന്റുമാര്‍ക്കായി ശബ്‍ദമുയര്‍ത്തി നെറ്റിസണ്‍സും
ഭക്ഷണ വിതരണത്തിനായി ഗുഡ്ഗാവ് മാളിൽ എത്തിയപ്പോൾ മാളിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും പിൻവാതിലിൽ കൂടി കയറാൻ ആവശ്യപ്പെട്ടെന്നും സൊമാറ്റോ സിഇഒ
ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സോമറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ, കഴിഞ്ഞ ദിവസം ഡെലിവറി ഏജൻ്റായി ജോലി ചെയ്ത വാർത്ത ശ്രദ്ധ നേടിയിരുന്നു, ഭാര്യ ഗ്രേഷ്യ മുനോസിനൊപ്പം ആണ് ഒരു ദിവസം മുഴുവൻ ദീപീന്ദർ ഭക്ഷണം വിതരണം ചെയ്യാൻ ഇറങ്ങി തിരിച്ചത്. ഇപ്പോഴിതാ ഡെലിവറി ഏജന്റായി ജോലി ചെയ്തപ്പോഴുള്ള സൊമാറ്റോ സിഇഒയുടെ അനുഭവം ശ്രദ്ധ നേടിയിരുന്നു. ഈ പോസ്റ്റിനോട് നെറ്റിസൺസ് പ്രതികരിച്ചത് ശക്തമായ ഭാഷയിലാണ്. ഇനിയെങ്കിലും ഡെലിവറി ജീവനക്കാരെ മനുഷ്യരായി കാണൂ എന്നുള്ള കമന്റുകൾ അടക്കം ഈ പോസ്റ്റിനടിയിൽ നിറയുന്നുണ്ട്.
സംഭവം ഇതാണ്, ഏജന്റായി ജോലി ചെയ്തപ്പോൾ, ഭക്ഷണ വിതരണത്തിനായി ഗുഡ്ഗാവ് മാളിൽ എത്തി. എന്നാൽ സെക്യൂരിറ്റി ജീവനക്കാർ മാളിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും പിൻവാതിലിൽ കൂടി കയറാൻ ആവശ്യപ്പെട്ടെന്നും സൊമാറ്റോ സിഇഒ പറയുന്നു. ലിഫ്റ്റ് അല്ലെങ്കിൽ എക്‌സലേറ്റർ ഉപയോഗിക്കേണ്ട എന്നും സ്റ്റെപ് വഴി കയറാമെന്നും പറഞ്ഞതായി സൊമാറ്റോ സിഇഒ പറഞ്ഞു. സൊമാറ്റോ ഡെലിവറി ബോയിയുടെ ചുവന്ന യൂണിഫോമിൽ പ്രധാന വാതിലിലൂടെ പ്രവേശനം സാധ്യമല്ല എന്നും ദീപീന്ദർ പറഞ്ഞു. ഇതിന്റെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടും ഉണ്ട്.
മൂന്നാം നിലയിൽ സ്റ്റെപ്പ് കയറി എത്തിയപ്പോൾ അഭിമുഖീകരിച്ചത് അതിലും ദയനീയമായ കാര്യമായിരുന്നു. ഡെലിവറി പങ്കാളികൾക്ക് മാളിൽ പ്രവേശിക്കാൻ കഴിയില്ല. ഓർഡറുകൾ സ്വീകരിക്കാൻ ഗോവണിപ്പടിയിൽ കാത്തിരിക്കണമെന്നും സൊമാറ്റോ സിഇഒ പറയുന്നു ഫുഡ് ഓർഡർ എടുക്കാൻ കാത്തിരിക്കുന്ന മറ്റ് ഡെലിവറി ബോയ്‌സിനൊപ്പം നിലത്തിരുന്ന് അവരുമായി സംസാരിക്കുന്ന ചെയ്യുന്ന ഗോയലിൻ്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.
.
സംഗതി സോഷ്യൽ മീഡിയയിൽ കത്തിക്കയറിയതോടെ ശക്തമായ പ്രതികരണങ്ങളാണ് വരുന്നത്. ഡെലിവറി ജീവനക്കാർക്ക് മാന്യമായി ജോലി ചെയ്യാൻ ആവശ്യമായ സഹായങ്ങൾ എത്രയും വേഗം ഒരുക്കണമെന്നാണ് ഈ ഇൻസ്റ്റാഗ്രാം പോസ്റ്റിനോട് നെറ്റിസൺസ് പ്രതികരിച്ചു. ഡെലിവറി പങ്കാളികളോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം അനുദിനം വർധിച്ചുവരികയാണ് എന്നും നേരിട്ട് പോയി ഇത് മനസിലാക്കാൻ ശ്രമിച്ചത് മികച്ച കാര്യമാണെന്നും ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് കമന്റ് ചെയ്തു. ഞാൻ സൊമാറ്റോയുടെ മുൻ ഡെലിവറി പങ്കാളിയാണ്, ഇത് ഒരുപാട് അഭിമുഖീകരിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും നിരവധി ഡെലിവറി പങ്കാളികൾക്ക് ആശ്വാസം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു എന്ന് മറ്റൊരു ഉപയോക്താവ് എഴുതി.
അതേസമയം, തൻ്റെ ജീവനക്കാർ നേരിടുന്ന ദൈനംദിന വെല്ലുവിളികൾ മനസിലാക്കാൻ ഒരു ദിവസം ഡെലിവറി ഏജന്റായി ജോലി ചെയ്‌തെന്നും സൊമാറ്റോ സിഇഒ പറഞ്ഞു "എല്ലാ ഡെലിവറി പങ്കാളികളുടെയും ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ മാളുകളുമായുള്ള ബന്ധം മികച്ചതാക്കണമെന്നു ഞാൻ മനസിലാക്കി. ഡെലിവറി പങ്കാളികളോട് മാളുകൾ കൂടുതൽ മാനുഷികമായി പെരുമാറേണ്ടതുണ്ട്." എന്ന് സൊമാറ്റോ സിഇഒ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഈ പ്രശ്നത്തിൽ ഉടനെ പരിഹാരം കാണുമെന്ന് സൊമാറ്റോ സിഇഒ പറഞ്ഞതാണ് ജീവനക്കാർക്ക് ഇപ്പോഴുള്ള ആശ്വാസം