ക്രെഡിറ്റ് സ്കോറും ക്രെഡിറ്റ് റിപ്പോർട്ടും; വായ്പയെടുക്കും മുൻപ് അറിയേണ്ട കാര്യങ്ങൾ
ഒരു വ്യക്തിയുടെ ഫിനാൻഷ്യൽ പ്രൊഫൈലിന്റെ പ്രധാന ഘടകങ്ങളാണ് ക്രെഡിറ്റ് സ്കോറും ക്രെഡിറ്റ് റിപ്പോർട്ടും.
ഒരു വായ്പയെടുക്കാനായി ബാങ്കിലെത്തുമ്പോഴോ, അല്ലെങ്കിൽ ഷോപ്പുകളിൽ ഇഎംഐ തവണയിൽ എന്തെങ്കിലും വാങ്ങിക്കാൻ നോക്കുമ്പോഴൊ ആണ് ക്രെഡിറ്റ് സ്കോറും, ക്രെഡിറ്റ് റിപ്പോർട്ടും പലർക്കും വില്ലനാകുന്നത്. ക്രെഡിറ്റ് സ്കോറോ, ക്രെഡിറ്റ് റിപ്പോർട്ടോ കാരണം ചിലപ്പോൾ, വായ്പയെടുക്കാൻ കഴിയാതെ പോലും വരും. കാരണം ഒരു വ്യക്തിയുടെ ഫിനാൻഷ്യൽ പ്രൊഫൈലിന്റെ പ്രധാന ഘടകങ്ങളാണ് ക്രെഡിറ്റ് സ്കോറും ക്രെഡിറ്റ് റിപ്പോർട്ടും. മിക്കവരുടെയും ധാരണ ഇതു രണ്ടും ഒന്നാണെന്നാണ്. എന്നാൽ അങ്ങനെയല്ല, ക്രെഡിറ്റ് സ്കോറും, ക്രെഡിറ്റ് റിപ്പോർട്ടും തമ്മിൽ ബന്ധമുണ്ടെങ്കിലും രണ്ടും തമ്മിൽ വ്യത്യാസവുമുണ്ട്.
ക്രെഡിറ്റ് സ്കോർ എന്നത് 300 മുതൽ 900 വരെയുള്ള നമ്പർ ശ്രേണിയാണ്. കടം വാങ്ങുന്നയാളുടെ വായ്പാ പശ്ചാത്തലം, ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ തിരിച്ചടവ്ശേഷി തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഒരു വ്യക്തിയുടെ സ്കോർ കണക്കാക്കുന്നത്.ക്രെഡിറ്റ് സ്കോർ 700 ന് മുകളിലാണെങ്കിൽ അത് മികച്ച ക്രെഡിറ്റ് സ്കോറായി കണക്കാക്കപ്പെടും. ഒരു ലോണിന് അപേക്ഷിക്കുമ്പോൾ, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരു വ്യക്തിയുടെ വായ്പാ യോഗ്യത വിലയിരുത്തുന്നതിന് പ്രാഥമികമായി ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാറുണ്ട്. ഒരു വ്യക്തി തന്റെ ലോൺ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ, അത് ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും .
ക്രെഡിറ്റ് റിപ്പോർട്ട് എന്നത് ഒരു വ്യക്തിയുടെ വായ്പാ പശ്ചാത്തലത്തിന്റെ വിശദമായ രേഖയാണ് . വ്യക്തിയുടെ ക്രെഡിറ്റ് അക്കൗണ്ടുകൾ, പേയ്‌മെന്റ് ഹിസ്റ്ററി, ബാലൻസ് കുടിശ്ശികകൾ, ക്രെഡിറ്റ് ലിമിറ്റ്സ്, , വൈകിയുള്ള പേയ്‌മെന്റുകൾ, ഡിഫോൾട്ടുകൾ, തുടങ്ങിയ നെഗറ്റീവ് വിവരങ്ങങ്ങളും ഇതിർ ഉൾപ്പെടുന്നു. വായ്പ നൽകുന്നവർ, വായ്പയെടുക്കുന്നവർ, പബ്ലിക് റെക്കോഡ്സ് എന്നിവയിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി ക്രെഡിറ്റ് ബ്യൂറോകളാണ് ക്രെഡിറ്റ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നത്. ഒരു ക്രെഡിറ്റ് റിപ്പോർട്ട് ഒരു വ്യക്തിയുടെ വായ്പാചരിത്രത്തെക്കുറിച്ചുള്ള വിശദമായ വിശകലനമാണ്, അതേസമയം ക്രെഡിറ്റ് സ്കോർ എന്നത് ക്രെഡിറ്റ് റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കുക്കൂട്ടലാണ്. വായ്പാ നൽകും മുൻപ് ധനകാര്യ സ്ഥാപനങ്ങൾ ക്രെഡിറ്റ് റിപ്പോർട്ടുകളും ക്രെഡിറ്റ് സ്കോറുകളും പരിശോധിക്കും.ക്രെഡിറ്റ് ബ്യൂറോകളിൽ നിന്നോ ക്രെഡിറ്റ് സ്കോർ ഏജൻസികളുമായി ബന്ധമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയോ നിങ്ങൾക്ക് ക്രെഡിറ്റ് സ്കോർ പരിശോധിക്കാം. മിക്ക ക്രെഡിറ്റ് ബ്യൂറോകളും വർഷത്തിൽ ഒരുതവണ സൗജന്യമായി ക്രെഡിറ്റ് സ്കോർ വിവരങ്ങൾ നൽകുന്നുണ്ട്.